TopTop
Begin typing your search above and press return to search.

"ആധുനിക നൃത്തസംവിധാനങ്ങളെ കുറിച്ച് എനിക്ക് വലിയ പിടിയില്ല", റോക്ക് സ്റ്റാറിനെ റോക്ക് ഡാന്‍സറാക്കി മുല്ലപ്പള്ളി (വീഡിയോ)

"ആധുനിക നൃത്തസംവിധാനങ്ങളെ കുറിച്ച് എനിക്ക് വലിയ പിടിയില്ല", റോക്ക് സ്റ്റാറിനെ റോക്ക് ഡാന്‍സറാക്കി മുല്ലപ്പള്ളി (വീഡിയോ)

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ലെന്ന വിശദീകരിച്ച മുല്ലപ്പള്ളി കോവിഡിന്റെ തുടക്കകാലത്ത് ലണ്ടനിലെ ഒരു പത്രം റോക്കിംഗ് ഡാന്‍സര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചിരുന്നു എന്നും ഇത് പോസിറ്റീവ് ആണെങ്കില്‍, റാണി, രാജകുമാരി എന്നു വിളിച്ചതില്‍ എന്താണ് തെറ്റുള്ളതെന്നും ചോദിച്ചു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നാലെ, ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് അദ്ദേഹം വായിച്ചു; "'The coronavirus slayer! How Kerala's rock star health minister helped save it from Covid-19'; മനസിലാക്കണം, കേരളത്തിലെ റോക്ക് സ്റ്റാര്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്കാണ് അറിയാവുന്നത്, ഈ ആധുനിക നൃത്തസംവിധാനങ്ങളെക്കുറിച്ചൊന്നും എനിക്കറിയില്ല, റോക്ക് ഡാന്‍സറായിട്ടാണ് പറഞ്ഞിരിക്കുന്നത്. മനസിലാക്കണം, ആ റോക്ക് ഡാന്‍സറായിട്ടുള്ള ഹെല്‍ത്ത് മിനിസ്റ്റര്‍ മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിച്ചു എന്നാണ് പറഞ്ഞിട്ടുള്ളത്" എന്നാണ് മുല്ലപ്പള്ളി പറയുന്നത്.

ആരോഗ്യമന്ത്രിക്കെതിരെ മുമ്പ് നടത്തിയ പ്രസ്താവനയില്‍ മാപ്പുപറയുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യില്ല എന്ന് പറഞ്ഞു കൊണ്ടാണ് കെപിസിസി പ്രസിഡന്റ്റ് പുതിയ ഉദാഹരണം കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം തനിക്കില്ല. തന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമെടുത്ത് തെറ്റായി വളച്ചൊടിക്കുകയായിരുന്നു. സ്ത്രീകളെ ഏറ്റവും അധികം ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു. നിപ പ്രതിരോധത്തിന്റെ ക്രെഡിറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അത് തട്ടിയെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അക്കാര്യമാണ് താന്‍ സൂചിപ്പിച്ചത്.

നിപ രോഗ കാലത്ത് കോഴിക്കോട് ഗസ്റ്റ് ഹൗസിലും കളക്ട്രേറ്റിലും മാത്രമായിരുന്നു ആരോഗ്യമന്ത്രി പ്രവർത്തനം കേന്ദ്രീകരിച്ചത്. താൻ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നെന്നും മുല്ലപ്പള്ളി പറയുന്നു. നിപ സമയത്ത് കളക്ടര്‍ വിളിച്ച യോഗത്തില്‍ ആദ്യം എത്തിയ പൊതുപ്രവര്‍ത്തകനാണ് താന്‍. അന്ന് ആരോഗ്യമന്ത്രിയെ കൂടാതെ സ്ഥലത്തെ എംഎല്‍എയും മന്ത്രിയുമായ ടിപി രാമകൃഷ്ണനും യോഗത്തിലുണ്ടായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


Next Story

Related Stories