TopTop
Begin typing your search above and press return to search.

പെന്‍ഷന്‍ ലഭിക്കാന്‍ 100 വയസുള്ള അമ്മയെ കട്ടിലടക്കം ബാങ്കിലേക്ക് വലിച്ചു കൊണ്ട് പോകുന്ന 70 വയസുള്ള മകള്‍; ഹൃദയഭേദകമായ വീഡിയോ

പെന്‍ഷന്‍ ലഭിക്കാന്‍ 100 വയസുള്ള അമ്മയെ കട്ടിലടക്കം ബാങ്കിലേക്ക് വലിച്ചു കൊണ്ട് പോകുന്ന 70 വയസുള്ള മകള്‍; ഹൃദയഭേദകമായ വീഡിയോ

ഒഡീഷയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ആളെ നേരിട്ട് ഹാജരാക്കണമെന്ന അധികൃതര്‍ ഉത്തരവ് പ്രകടിപ്പിച്ചതോടെ 100 വയസുള്ള അമ്മയെ 70 വയസുള്ള മകള്‍ക്ക് കട്ടില്‍ അടക്കം ബാങ്കിലേക്ക് വലിച്ചു കൊണ്ടു പോകേണ്ടി വന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഒഡീഷയിലെ നൗപാഡ ജില്ലയിലാണ് സംഭവം. ഈ ദൃശ്യങ്ങള്‍ വൈറലായതോടെ ബാങ്ക് അധികൃതര്‍ കനിയുകകയും പെന്‍ഷന്‍ ഉടന്‍ അനുവദിക്കുകയും ചെയ്തു. പെന്‍ഷന്‍ ലഭിക്കേണ്ട ആള്‍ നേരിട്ട് ഹാജരാകാതെ പെന്‍ഷന്‍ അനുവദിക്കാന്‍ പറ്റില്ലെന്ന് ബാങ്ക് അധികൃതര്‍ പിടിവാശി പിടിച്ചതോടെയാണ് ഇവര്‍ക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ഇത് റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ചാനലുകള്‍ പറയുന്നു.

അതെ സമയം കളക്ടര്‍ ഇക്കാര്യം തള്ളിക്കളയുകയും ബാങ്ക് മാനേജര്‍ ഇവരുടെ വീട്ടിലെത്തി വെരിഫിക്കേഷന്‍ നടത്തുന്നതിനു മുമ്പ് പഞ്ചിമയി ദേയി എന്ന വൃദ്ധ അമ്മയെ ബാങ്കിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും അവകാശപ്പെട്ടു.

കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായി ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകളുള്ള സ്ത്രീകള്‍ക്ക് മാസം 500 രൂപ വീതം പെന്‍ഷന്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ജൂണ്‍ ഒമ്പതിന് തന്റെ അമ്മയുടെ പേരിലുള്ള 1500 പിന്‍വലിക്കാന്‍ ഉത്കല്‍ ഗ്രാമീണ്‍ ബാങ്കില്‍ ദേയി ചെന്നിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. നൂറു വയസിലേറെ പ്രായമുണ്ട് ഇവരുടെ അമ്മ ലാഭേ ബഗേലിന് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ അമ്മയെ കൂട്ടിക്കൊണ്ട് വന്നാല്‍ മാത്രമേ പെന്‍ഷന്‍ നല്‍കാന്‍ കഴിയൂ എന്ന് ബാങ്ക് മാനേജര്‍ അജിത് പ്രധാന്‍ വാശിപിടിച്ചു എന്നാണ് ആരോപണം.

തന്റെ മുന്നില്‍ മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നതോടെ അടുത്ത ദിവസം ബാങ്കിലേക്ക് അമ്മയെ കട്ടിലടക്കം വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്ന് ദേയി പറയുന്നു. ബാങ്കില്‍ എത്തിയശേഷം മാനേജര്‍ പണം അനുവദിച്ചു എന്നും ഇവര്‍ പറയുന്നു.

എന്നാല്‍ അടുത്ത ദിവസം വീട്ടില്‍ വന്ന് വേരിഫിക്കേഷന്‍ നടത്താമെന്ന് മാനേജര്‍ പറഞ്ഞിട്ടും അതിന് സമ്മതിക്കാതെ അമ്മയെ ബാങ്കിലേക്ക് കൊണ്ടുവരികയായിരുന്നു ദേയി എന്നാണ് ജില്ലാ കളക്ടര്‍ മധുസ്മിത സാഹു പറയുന്നത്. 'ബാങ്കില്‍ ഒരാള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ അവര്‍ വന്ന ദിവസം തന്നെ മാനേജര്‍ക്ക് അവരുടെ വീട്ടില്‍ ചെല്ലാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ താന്‍ അടുത്ത ദിവസം വരാമെന്നും മാനേജര്‍ പറഞ്ഞിരുന്നു' എന്ന് കളക്ടര്‍ പറയുന്നു.


Next Story

Related Stories