TopTop
Begin typing your search above and press return to search.

കവളപ്പാറ ഓര്‍മ്മ ദിനത്തില്‍ വേദനയായി രാജമലയും

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 59 ജീവനുകളാണ് കവളപ്പാറയില്‍ പൊലിഞ്ഞത്. കവളപ്പാറ ഓര്‍മ്മ ദിനത്തില്‍ ഇപ്പോള്‍ വേദനയായി മാറിയിരിക്കുകയാണ് ഇടുക്കി രാജമലയും. 48 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കവളപ്പാറയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കണ്ടെടുക്കാന്‍ കഴിഞ്ഞത്. തെരച്ചില്‍ നടത്താന്‍ പോലും ആകാത്ത വിധം ആ പ്രദേശത്തെ മണ്ണ് വിഴുങ്ങിയിരുന്നു. ഒടുവില്‍ കണ്ടെടുക്കാന്‍ കഴിയാതെ കവളപ്പാറയിലെ മണ്ണില്‍ 11 പേരേ ഉപേക്ഷിക്കേണ്ടി വന്നു.

രാജമല അപകടത്തില്‍ 22 പേരുടെ പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. കാണാതായ മറ്റുള്ളവരെ കണ്ടെത്തുന്നത് വരെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കാണാതായവരില്‍ എട്ട് കുട്ടികളുണ്ടെന്നാണ് വിവരം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ പെയ്ത മഴയില്‍ കൂടുതല്‍ മണ്ണും ചെളിയും അടിഞ്ഞതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ മഴ മാറി നില്‍ക്കുന്നതും കൂടുതല്‍ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ എത്തിയതും തിരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടിയായിരുന്നു പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടതോടെ കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്. നിലവില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍ മുപ്പത്താറ് വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ലയങ്ങള്‍ക്ക് സമീപം സംസ്‌കരിക്കും. പോസ്റ്റ് മോര്‍ട്ടവും അവിടെതന്നെ നടക്കും.


Next Story

Related Stories