Top

ഗോത്രതാളം വീണ്ടെടുത്ത് ഊര്കുടുപ്പാള്‍

ഊര്കുടുപ്പാള്‍ എന്നാല്‍ തുളു ഭാഷയില്‍ ഉറുമ്പിന്‍കൂട്ടങ്ങള്‍ എന്നാണ് അര്‍ത്ഥം. എന്നാല്‍ അതിന് മറ്റൊരു അര്‍ത്ഥം നല്‍കിയിരിക്കയാണ് കാസര്‍ഗോഡ് തായ്യന്നൂരിലെ മാവിലന്‍ ഗോത്ര വിഭാഗത്തിലെ പുതു തലമുറ. ഇവിടെ ഭാഷയേയും, ഗോത്രപ്പാട്ടുകളേയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ പേരാണ് ഊര്കുടുപ്പാള്‍. ഉറുമ്പിന്‍കൂട്ടങ്ങളായി സംസ്‌ക്കാരത്തെ വീണ്ടെടുക്കുന്ന പ്രക്രിയയുടെ വിളിപേരാണ് ഇത്.

മുന്‍കാലങ്ങളില്‍ അടിമകളായി ജീവിക്കേണ്ടിവന്ന ഒരു ജനത പ്രതിരോധവും, പ്രതിഷേധവും പകര്‍ത്തിക്കൊണ്ട് രൂപപ്പെടുത്തിയെടുത്ത പാട്ടുകളെ വീണ്ടെടുത്ത് ഊരിലെ മംഗള കര്‍മ്മങ്ങള്‍ക്കും, മറ്റ് അരങ്ങുകളിലും അവതരിപ്പിക്കുകയാണ് ഈ ഗോത്ര കലാസംഘം. തങ്ങളുടെ തനതായ ജീവിതരീതിയെ സംരക്ഷിക്കാനും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുവാനുമാണ് ഊര്കുടുപ്പാള്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ലിപിയില്ലാത്ത തുളുഭാഷ ഇല്ലാതായികൊണ്ടിരിക്കുമ്പോള്‍ ഭാഷയെ വീണ്ടെടുത്തുകൊണ്ട് ജീവിതത്തേയും, പ്രകൃതിയേയും അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് ഇവര്‍. ഇരുപതോളം പേരുള്ള ഈ സംഘത്തില്‍ മുതിര്‍ന്നവരും അംഗങ്ങളാണ്. പല പ്രായത്തിലുള്ള ആളുകളെ സംഘത്തിലേക്ക് ഉള്‍പ്പെടുത്തുന്നതിലൂടെ തനതായ പാരമ്പര്യ മൂല്യങ്ങളേയും ഇവര്‍ കൈമാറ്റം ചെയ്യുന്നു.

മാതൃഭാഷയിലുള്ള പരിജ്ഞാനം പുതുതലമുറയിലെ കുട്ടികളായ തങ്ങള്‍ക്ക് ഇല്ലായിരുന്നുവെന്നും, ഭാഷപോലും കൈമോശം വന്ന സാഹചര്യത്തിലാണ് ഈ കലാസംഘത്തിലേക്ക് വന്നതെന്നും, എന്നാല്‍ അതിന്‌ശേഷം ഭാഷയെ അടുത്തറിയാനും, അതിന്റെ മൂല്യങ്ങള്‍ തിരിച്ചറിയാനുമുള്ള അവസരം തങ്ങള്‍ക്കുണ്ടായെന്നും ഊര്കുടുപ്പാള്‍ സംഘത്തില്‍ അംഗമായ രാഹുല്‍ പറയുന്നു.

മാവിലന്‍ സമുദായത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട പാട്ടുകള്‍, കഥകള്‍, കലകള്‍ എന്നിവയെല്ലാം അന്യംനിന്ന് പോയിരിക്കുകയാണെന്നും. ഇതിനെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഊര്‌കൊടുപ്പാളിലെ അംഗമായ ധന്യ വേങ്ങച്ചേരി അഭിപ്രായപ്പെട്ടു.

അധിനിവേശം മാവിലരുടെ തനതായ ചടങ്ങുകളേയും ബാധിക്കുകയുണ്ടായി. ഇത്തരത്തില്‍ മംഗളകര്‍മ്മങ്ങളില്‍ തുടികൊട്ടി മാവിലര്‍ പാടിയിരുന്ന മംഗലം പാട്ടുകളും ചടങ്ങുകളില്‍നിന്ന് അപ്രത്യക്ഷമായി. എന്നാല്‍ ഊര്കുടുപ്പാള്‍ സംഘം ആ പാട്ടുകള്‍ വീണ്ടും പാടുന്നു. അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് കാസര്‍ഗോഡിന്റെ മണ്ണില്‍ ഗോത്ര സംസ്‌കൃതിയുടെ പാട്ടുകള്‍ മുഴങ്ങി കേള്‍ക്കുന്നു.


Next Story

Related Stories