TopTop
Begin typing your search above and press return to search.

'ഓടി തളരാത്ത ഉഷ'; ഇന്ന് അന്‍പത്താറാം ജന്മദിനം

ഓടി തളരാത്ത ഉഷ; ഇന്ന് അന്‍പത്താറാം ജന്മദിനം

1977 ലെ കായിക മേളയില്‍ ഒരു പയ്യോളിക്കാരി പെണ്‍കുട്ടി 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തു. അതോടെ അവള്‍ കായിക പ്രേമികളുടെ ശ്രദ്ധ കേന്ദ്രമായി. തുടര്‍ന്ന് 1978 ലെ ദേശീയ കായിക അത്‌ലറ്റ് മീറ്റില്‍ നാലു സ്വര്‍ണ്ണം നേടി കായിക മേഖലയില്‍ ആ പെണ്‍കുട്ടി തന്റെ സ്ഥാനം ഉറപ്പിച്ചു. പിലാവുള്ളകണ്ടി തെക്കേ പറമ്പില്‍ ഉഷ എന്ന, ഇന്ത്യയുടെ അഭിമാനമായ പിടി ഉഷയുടെ തുടക്കം ഇങ്ങനെയായിരുന്നു.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വനിത കായികതാരമായ പിടി ഉഷയുടെ 56 ജന്മദിനമാണിന്ന്. 1964 ജൂണ്‍ 27 ന് കോഴിക്കോട് ജില്ലയിലെ പയ്യോളി എന്ന ഗ്രാമത്തില്‍ ജനിച്ച പിടി ഉഷ ഓടിയെത്തിയ ദൂരങ്ങള്‍ ചെറുതല്ല.

കണ്ണൂരിലെ ജിവി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വെച്ച് കോച്ച് ഒ എം നമ്പ്യാരാണ് ഉഷയുടെ കായിക രംഗത്തെ അസാമാന്യ കഴിവ് കണ്ടെത്തുന്നതും പരിശീലനം നല്‍കുന്നതും. 1977 ലെയും 78 ലെയും മികച്ച പ്രകടനങ്ങള്‍ക്കു ശേഷം, 1980 ല്‍ പാക്കിസ്ഥാന്‍ ഓപ്പണ്‍ നാഷ്ണല്‍ മീറ്റില്‍ നാലു സ്വര്‍ണ്ണമാണ് ഉഷ സ്വന്തമാക്കിയത്. അതോടെ അന്താരാഷ്ട്ര തലത്തിലും പിടി ഉഷ എന്ന പേരും, മികച്ച പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ തന്റെ 16 വയസിലാണ് പിടി ഉഷ പങ്കെടുക്കുന്നത്. ഇതോടെ ഒളിമ്പിക്‌സ് ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി പിടി ഉഷ.

1984ല്‍ ലോസ് ആഞ്ചല്‍സില്‍ വെച്ചു നടന്ന ഒളിമ്പിക്‌സില്‍ പിടി ഉഷ അവസാനഘട്ട മത്സരത്തിലെത്തി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 55.42ല്‍ ഫിനിഷ് ചെയ്ത് ഉഷ നാലാമതെത്തി. തലനാരിഴക്കാണ് വെങ്കലമെഡല്‍ നഷ്ടമായത്. ഇന്ത്യന്‍ അത്ലറ്റിക് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന നിമിഷമായി അത് 1985 ലും 1986 ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്ത് താരങ്ങളില്‍ ഒരാളായിരുന്നു പിടി ഉഷ. ഉഷയ്ക്കു മുന്‍പോ, ഉഷയ്ക്കു ശേഷമോ ഇന്ത്യയില്‍ നിന്നാരും ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല.

1984 ല്‍ പത്മശ്രീ പുരസ്‌കാരവും, അര്‍ജുന അവാര്‍ഡും പിടി ഉഷയെ തേടിയെത്തി.

ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കൂടി 13 സ്വര്‍ണമടക്കം 33 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ് പിടി ഉഷ. ദേശീയവും അന്തര്‍ദേശീയവുമായി നേടിയത് 102 മെഡലുകള്‍. ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര വേദികളില്‍ എണ്ണമറ്റ മെഡലുകള്‍ വാരക്കൂട്ടിയ പിടി ഉഷ ഇപ്പോള്‍ പരിശീലകയായും കായിക രംഗത്ത് സജീവമായി നില്‍ക്കുന്നു.


Next Story

Related Stories