TopTop
Begin typing your search above and press return to search.

'ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല, ആ ദിവസം കടന്നുപോവുന്നു എന്നുമാത്രം'-മുഖ്യമന്ത്രി

ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല, ആ ദിവസം കടന്നുപോവുന്നു എന്നുമാത്രം-മുഖ്യമന്ത്രി

ജന്മദിനത്തിന് വലിയ പ്രത്യേകതയില്ലെന്നും നാട് നേരിടുന്ന വിഷമസ്ഥിതി മറികടക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം മുന്നോട്ട്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ''ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല, ആ ദിവസം കടന്നുപോകുന്നു എന്ന് മാത്രം. നാടൊന്നാകെ നേരിട്ടുകൊണ്ടിരിക്കുന്ന വിഷമസ്ഥിതിയാണ് നാം പ്രധാനമായിട്ട് കാണേണ്ടത്. ഇത്തരമൊരു ഘട്ടത്തില്‍ ജന്മദിനത്തിന്റെ കാര്യത്തിലൊന്നും വലിയ പ്രസക്തിയില്ല. ആളുകള്‍ ആശംസ അറിയിക്കുന്നത് ഇത്രയും നാള്‍ ആയല്ലോ എന്ന സന്തോഷത്തില്‍ അയക്കുന്നതാണ്. അത് സ്വാഭാവികമായിട്ടുള്ള ഒന്നാണ്'' മുഖ്യമന്ത്രി പറയുന്നു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കേരളം ആശങ്കയുടെ തീരത്ത് നില്‍ക്കുമ്പോള്‍ ആണ് മുഖ്യമന്ത്രിയുടെ 75-ാം ജന്മദിനം കടന്നുപോകുന്നത്. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ ജന്മദിനം. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇരുപത്തിയഞ്ചാം വയസില്‍ എംഎല്‍എയായ പിണറായി പിന്നീട് സംസ്ഥാനത്തിന്റെ വൈദ്യുതിമന്ത്രി, പതിനഞ്ച് വര്‍ഷത്തിലേറെ സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, കേരള മുഖ്യമന്ത്രി എന്നീ പദവികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

2016 ല്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ ജനന തീയതിയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളോട് പിണറായി പ്രതികരിച്ചത്. അന്ന് അവിടെ കൂടിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം പിണറായി മധുരം വിതരണം ചെയ്ത് പറഞ്ഞു: ''എല്ലാവര്‍ക്കും മധുരം തരുന്നുണ്ട് ആദ്യം. എന്ത് വകയാണെന്ന് പറയാന്‍ കഴിയോ ആര്‍ക്കെങ്കിലും? ഇന്നാണ് എന്റെ പിറന്നാള്‍. അത് ഇതേവരെ രഹസ്യമായി വച്ചതാണ്. പലരും എന്നോട് ചോദിച്ചു. എപ്പോഴാണ്, എന്നാണ് പിറന്നാള്‍ എന്ന്. ഔദ്യോഗിക രേഖ അനുസരിച്ച് 21-3-44 ആണ്. എന്നാല്‍, യഥാര്‍ഥത്തില്‍ 1720 ഇടവം പത്തിനാണ്. അതായത് 1945 മേയ് 24''


Next Story

Related Stories