TopTop
Begin typing your search above and press return to search.

കാക്കിക്കുള്ളില്‍ നര്‍ത്തകര്‍ മാത്രമല്ല കവികളുമുണ്ട്, കൊറോണയെ തുരത്താന്‍ ഒരു പോലീസ് കവിത (വീഡിയോ)

കാക്കിക്കുള്ളില്‍ നര്‍ത്തകര്‍ മാത്രമല്ല കവികളുമുണ്ട്, കൊറോണയെ തുരത്താന്‍ ഒരു പോലീസ് കവിത (വീഡിയോ)

'തകര്‍ക്കണം, തകര്‍ക്കണം നമ്മളീ കൊറോണ തന്‍ കണ്ണിയെ, തുരത്തണം, തുരത്തണം നമ്മളീ ലോകഭീതിയെ' ഡ്യൂട്ടിക്കിടയിലാണ് സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്ളക്കുട്ടി കവിതയെഴുതുന്നത്. ഒരുപാട് ആലോചിച്ച് സമയമെടുത്തെഴുതിയത് ഒന്നുമല്ല. പെട്ടന്ന് മനസില്‍ തോന്നിയതെല്ലാം എഴുതി എന്നുമാത്രം. കൊറോണക്കാലത്ത് പോലീസ് ബോധവല്‍ക്കരണങ്ങള്‍ പല തരത്തിലായിരുന്നു. പാട്ടായും ഡാന്‍സായും, ഇപ്പോഴിതാ ബോധവല്‍ക്കരണ കവിതയുമായും പോലീസുകാര്‍ റെഡി.

തൊട്ടില്‍പാലം ജനമൈത്രി പോലീസാണ് കവിതയുമായി രംഗത്തെത്തിയിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയുടെ വരികള്‍ക്ക് ദീപ എന്ന സിവില്‍പോലീസ് ഉദ്യാഗസ്ഥയുടെ ശബ്ദം കൂടിയായപ്പോള്‍ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലായി.

"അബ്ദുളളക്കുട്ടി സാറാണ് ഇത് എഴുതുന്നത്. എഴുതിക്കഴിഞ്ഞ് എന്നെ കാണിച്ചിട്ട് ഇതൊന്നു ട്യൂണ്‍ ചെയ്യാമോ എന്നു ചോദിച്ചു. അങ്ങനെ ട്യൂണ്‍ ചെയ്തു ചൊല്ലി. കേട്ടപ്പോള്‍ എല്ലാവരും കുഴപ്പമില്ലെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ജനമൈത്രി പോലീസിനു വേണ്ടി ഇത് ബോധവല്‍ക്കരണ ഗാനമാക്കുന്നത്." കവിത ഉണ്ടായതിനെക്കുറിച്ച് ദീപ പറയുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ കവിത ചൊല്ലുന്നതിനോട് താത്പര്യമുണ്ടായിരുന്നു ദീപയ്ക്ക്. ഇപ്പോഴും പാട്ടും കവിതയുമായി ചേര്‍ന്നു തന്നെയാണ് ജവിതം. പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ എന്തെങ്കിലും പരിപാടികളുണ്ടെങ്കില്‍ എപ്പോഴും ദീപയാണ് പാട്ടു പാടുന്നതും, കവിത ചൊല്ലുന്നതുമെല്ലാം. അതുകൊണ്ട് തന്നെയാണ് തന്റെ കവിത ട്യൂണ്‍ ചെയ്യാന്‍ അബ്ദുള്ളക്കുട്ടി ദീപയെ ഏല്‍പ്പിച്ചതും. പ്രസിദ്ധീകരിക്കലൊന്നുമില്ലെങ്കിലും അത്യാവശ്യം കവിതയെഴുതുന്നയാളാണ് അബ്ദുള്ളക്കുട്ടി. കൂട്ടുകാരെയും സഹപ്രവര്‍ത്തകരേയും മാത്രമെ കവിത കാണിച്ചിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ ഈ കവിത കേരളം മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. "ഗാനം ചിത്രീകരിച്ചത് പോലീസ് സ്‌റ്റേഷനടുത്തുള്ള ചാത്തന്‍ കോട്ടുനാട് സ്‌കൂളിലാണ്. വലിയ പ്രാക്ടീസ് ഒന്നും ഇല്ലാതെയാണ് പാടിയത്. ഈ വീഡിയോ കണ്ട് ഇപ്പോള്‍ കുറച്ചു പേരൊക്കെ വിളിക്കുന്നുണ്ട്. അഭിനന്ദനം അറിയിക്കാന്‍. അതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇപ്പോള്‍ സന്തോഷിച്ചിരിക്കാനുള്ള നേരമല്ലല്ലോ. എങ്ങനെയെങ്കിലും ഈ വൈറസിനെ ഒന്നു തുടച്ചുമാറ്റിയാല്‍ മതി." ദീപ പറയുന്നു.

കൊറോണക്കാലത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ കര്‍മനിരതരായി റോഡിലിറങ്ങി ആളുകളെ ബോധവല്‍ക്കരിക്കുകയാണ് കേരളപോലീസ്. ഇവിടെ ഞങ്ങള്‍ വണ്ടികള്‍ ചെക്കു ചെയ്യാറുണ്ട്. പിന്നെ വെറുതെ റോഡിലിറങ്ങുന്നവരോട് വീട്ടില്‍ ഇരിക്കാന്‍ പറയാറുണ്ട്. പലതരത്തിലുള്ള ബോധവല്‍ക്കരണങ്ങള്‍ നടത്താറുണ്ട്. ഇവിടെ വലിയ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. 90 ശതമാനം ആളുകളും ഞങ്ങളുമായി സഹകരിക്കുന്നവരാണ്. ദീപ പറഞ്ഞു.

കൊറോണക്കാലത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കേരളപോലീസിന്റെ ശ്രമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മുന്‍പ് കൈ കഴുകുന്നത് ഡാന്‍സായി അവതരിപ്പിച്ച വീഡിയോയെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും അഭിനന്ദിച്ചിരുന്നു.


Next Story

Related Stories