TopTop

പിച്ചിച്ചീന്തപ്പെട്ട തന്റെ ജീവിതം ലോകം അറിയണമെന്ന് രഹനാസ് ആഗ്രഹിച്ചു; അത് ലീന മണിമേഖല 'എന്റെ കഥ നിങ്ങളുടെ കഥ'യാക്കി

'നമുക്കൊരു ബുദ്ധിമുട്ടുണ്ടായാല്‍ അതോര്‍ത്ത് കരഞ്ഞിരിക്കുകയാണ് പലപ്പോഴും ചെയ്യാറ്, എന്നാല്‍ രണ്ടായിരത്തിയെട്ട് ഓഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരം മഹിള സമഖ്യയുടെ കേന്ദ്രത്തിലെത്തിയത് മുതല്‍ ഞാന്‍ തിരക്കിലായിരുന്നു. കഴിഞ്ഞകാലങ്ങളെ കുറിച്ച് ഓര്‍മ്മിക്കാനോ, ദുഃഖിക്കാനോ സമയമുണ്ടായിരുന്നില്ല.' തന്റെ ജീവിതത്തിലെ പോരാട്ടങ്ങളെ കുറിച്ച് രഹനാസ് പറഞ്ഞു തുടങ്ങി. പിതാവിനാലും, പിതാവിന്റെ സഹായത്താല്‍ മറ്റു പലരാലും പിച്ചിച്ചീന്തപ്പെട്ട രഹനാസ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് അസാമാന്യമായ ഇച്ഛാശക്തിയുടെ ഫലമായിട്ടാണ്. വേദനയുടെ കാലഘട്ടത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ രഹനാസ് ഇരയെന്ന പേരില്‍ തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു. മുഖം മറയ്ക്കാതെതന്നെ തന്റെ ജീവിതം രഹനാസ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞു. വലിയ ഞെട്ടലോടെയാണ് അന്ന് മലയാളികള്‍ ആ വാക്കുകള്‍ കേട്ടത്.

രഹനാസിന്റെ അനുഭവമിപ്പോള്‍ പ്രശസ്ത ഡോക്യുമെന്ററി സംവിധായകയും എഴുത്തുകാരിയുമായ ലീന മണിമേഖല 'My Story is Your Story' എന്ന പേരില്‍ ഡോക്യുമെന്ററിയാക്കിയിരിക്കുകയാണ്. ജീവിതപ്രയാസങ്ങളെ മറികടന്ന് എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരിച്ച സിവില്‍ സര്‍വ്വീസ് സ്വപ്‌നം കാണുന്ന രഹനാസിന് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞതിനുശേഷമുള്ള ജീവിതത്തെ കുറിച്ചും, ഡോക്യുമെന്ററിയെ കുറിച്ചും ഒരുപാട് പറയാനുണ്ടായിരുന്നു.

സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായാല്‍ സ്ത്രീയുടെ എല്ലാ പരിശുദ്ധിയും നശിച്ചു, അവള്‍ക്കിനി ജീവിക്കാന്‍ കഴിയില്ല എന്ന രീതിയിലാണ് സമൂഹം കാണുന്നത്. ഈ മനോഭവത്തിന്റെ തുടര്‍ച്ച നിയമത്തിലുമുണ്ട്. നിയമവും, സമൂഹവും ഇത്തരം സങ്കല്‍പ്പങ്ങള്‍ കൊടുത്തുംവാങ്ങിയുമാണ് നില്‍ക്കുന്നത്. അതുകൊണ്ടാണ് നിയമം ഇര എന്ന പേര് ചാര്‍ത്തി ശാരീരികമായി ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടിയുടെ മുഖം മറച്ചുവെക്കാന്‍ നിര്‍ബന്ധിതമാവുന്നത്. എല്‍എല്‍ബി കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് ഈ വ്യവസ്ഥിതിയെ മനസിലാക്കാന്‍ കഴിയും. സ്‌കൂള്‍ കാലഘട്ടത്തില്‍ പോകുന്ന പല ഇടങ്ങളിലും ആളുകള്‍ക്ക് താന്‍ സമഖ്യയിലുള്ള കുട്ടിയായിരുന്നുവെന്ന് അറിയാമായിരുന്നു, എന്നാല്‍ അവരിലാരില്‍നിന്നും യാതൊരു തരത്തിലുള്ള മാറ്റിനിര്‍ത്തലും നേരിട്ടിട്ടില്ല. ഇത്തരം ആളുകള്‍തന്ന ധൈര്യത്തിനൊപ്പം ഷെമി എന്ന എഴുത്തുകാരിയുടെ 'നടവഴിയിലെ നേരുകള്‍' എന്ന പുസ്തകം വായിച്ചപ്പോഴുണ്ടായ ആത്മബലവുമാണ് ജീവിതം തുറന്ന് പറയാന്‍ പ്രേരണയായത് രഹനാസ് പറയുന്നു.

സിവില്‍ സര്‍വ്വീസിന് കോച്ചിങ് നടത്തുന്ന സമയത്താണ് രഹനാസ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ജീവിതം തുറന്ന് പറഞ്ഞത്. അതിനുശേഷം ആരില്‍നിന്നും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും, നമ്മുടെ സമൂഹം മാറിയിരിക്കുന്നുവെന്നുമാണ് രഹനാസിന്റെ അഭിപ്രായം. എല്ലായിപ്പോഴും സുഹൃത്തുക്കളുടെ അടുത്തുനിന്നും അദ്ധ്യാപകരുടെ അടുത്തുനിന്നും തനിക്ക് നല്ല പിന്തുണയാണ് ലഭിച്ചതെന്ന് പറയുമ്പോഴും യാതൊരു പിന്തുണയും ലഭിക്കാത്ത കുട്ടികളും ഈ സമൂഹത്തിലുണ്ടെന്നും ഇത്തരക്കാര്‍ക്ക് പലപ്പോഴും നിയമസഹായം ലഭിക്കാന്‍പോലും കാലതാമസമെടുക്കുന്നുവെന്നും, ഇത്തരം സാഹചര്യങ്ങള്‍ക്ക് മാറ്റം വരികയാണെങ്കില്‍ അവര്‍ക്കും അവരുടെ പേരില്‍ പുറത്തിറങ്ങുവാനും ഒന്നും ഒളിക്കാതെ ജീവിക്കാനും കഴിയുമെന്നും രഹനാസ് കൂട്ടിച്ചേര്‍ക്കുന്നു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളാണ് സമഖ്യയില്‍ ഉണ്ടായിരുന്നത്. ഇവിടെയെത്തിയതില്‍ ആദ്യത്തെ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട കുട്ടിയായിരുന്നു രഹനാസ്. എങ്കിലും ആരും അതിനെക്കുറിച്ചൊന്നും ഒരിക്കലും തന്നോട് ചോദിച്ചിട്ടില്ലെന്ന് രഹനാസ് പറയുന്നു.

ലോകത്തോട് തന്റെ ജീവിതം തുറന്ന് പറയാനുള്ള ആഗ്രഹം സമഖ്യയിലുള്ളവരോട് പറഞ്ഞതിന്റെ ഭാഗമായാണ് ലീന മണിമേഖലയെ സമീപിച്ചതെന്നും, ഇത്തരം പ്രയാസങ്ങളനുഭവിക്കുന്ന കുട്ടികള്‍ പുറത്ത് വരണമെന്നും തന്റെ ജീവിതം അവര്‍ക്ക് പ്രചോദനമാകുവാനാണ് ഡോക്യുമെന്ററി ചെയ്തതെന്നും രഹനാസ് പറഞ്ഞു. ഉള്ളില്‍ പലതും ഒളിപ്പിച്ച് മറ്റൊരാളായി ജീവിക്കേണ്ടിവരുന്ന സാഹചര്യമാണ് കുട്ടികള്‍ക്ക് പലപ്പോഴും ഉണ്ടാവുന്നത്. ഈ സാഹചര്യമാണ് മറേണ്ടത്. അയ്യോ അങ്ങനെ പറ്റിപ്പോയല്ലോ എന്ന് പറഞ്ഞ് സഹതാപം അറിയിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുവെന്നും ഇപ്പോള്‍ എല്ലാവരും അല്‍പ്പംകൂടി പുരോഗമനപരമായി ചിന്തിക്കാന്‍ തുടങ്ങിയെന്നും രഹനാസ് കൂട്ടിച്ചേര്‍ക്കുന്നു.

ഡോക്യുമെന്ററി ഷൂട്ടിനിടയില്‍ ചില സീനുകളില്‍ വൈകാരികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും.എന്നാല്‍ അതിനെ മറികടന്നാണ് ഇത് ചെയ്തിരിക്കുന്നതെന്നും രഹനാസ് പറയുന്നു. ഡോക്യുമെന്ററിയില്‍ രഹനാസിന്റെ പിതാവ് ജയിലില്‍ നിന്ന് സംസാരിക്കുന്ന സീന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അച്ഛനെന്നതിന് പകരം അ എന്ന് പറയാന്‍ പോലും അര്‍ഹതയില്ലെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ പിതാവിന് മനംമാറ്റം ഉണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലെന്ന് രഹനാസിന് ഉറപ്പാണ്. 'ഒരിക്കല്‍ ജയിലില്‍നിന്ന് ഉമ്മയ്ക്ക് ഒന്ന് രണ്ട് കത്തുകള്‍ വന്നിരുന്നു. അതില്‍ ഒരിക്കലും അയാള്‍ മകളെന്നോ, രഹനാസെന്നോ അല്ല തന്നെ വിളിച്ചിരിക്കുന്നത്. നിന്റെ മൂത്ത മകള്‍, നിന്റെ മൂത്ത മകളെന്ന് അയാള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അതില്‍ എഴുതിയിരുന്നു. ഡോക്യുമെന്ററിയിലും അയാള്‍ ഇത്തരമൊരു ഭാഷയാണ് ഉപയോഗിക്കുന്നത്. ആ കുട്ടി, ആ കുട്ടി എന്ന് പറഞ്ഞുകൊണ്ടുതന്നെ അയാള്‍ എന്നെ കുറിച്ച് സംസാരിക്കുന്നു. എനിക്കുറപ്പുണ്ട് അയാള്‍ക്ക് ഒരിക്കലും മനംമാറ്റം ഉണ്ടാവാന്‍ ഒരു സാധ്യതയുമില്ല'.

ആരുടേയും സഹതാപത്തിന് വേണ്ടിയല്ല തന്റെ ജീവിതം എല്ലാവരോടും പറയുന്നതെന്ന് രഹനാസ്. അറിവില്ലാത്ത പ്രായത്തില്‍ തങ്ങള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ തങ്ങളുടെ തെറ്റുകൊണ്ടല്ല എന്ന ബോധ്യമാണ് ഓരോ വ്യക്തിക്കും ആദ്യം ഉണ്ടാവേണ്ടത്. സംഭവിച്ച കാര്യങ്ങളുടെ പേരില്‍ വിഷമിച്ചിരിക്കുകയല്ല വേണ്ടത്. ശരീരികമായ അക്രമങ്ങള്‍ നേരിട്ടതിന്റെ പേരില്‍ ഇനി ജീവിതമില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് പ്രചോദനമാകുവാനും, സമൂഹത്തിനും ഞങ്ങളെ ഞങ്ങളായി ഉള്‍ക്കൊള്ളുവാനുള്ള മനസുണ്ടാവുന്നതിനുമാണ് ഈ തുറന്നു പറച്ചില്‍. എന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഭയങ്ങളൊന്നുമില്ല സ്വപ്‌നങ്ങള്‍ മാത്രമേയുള്ളൂവെന്ന് ചിരിച്ചുകൊണ്ടാണ് രഹനാസ് മറുപടി പറഞ്ഞത്. കനലെരിയുന്ന ജീവിതത്തിലൂടെ നടന്ന് ശക്തിപ്പെട്ട ഒരുവളുടെ ആത്മബലമായിരുന്നു അപ്പോഴവളില്‍ നിറഞ്ഞുനിന്നിരുന്നത്.


ആര്‍ഷ കബനി

ആര്‍ഷ കബനി

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ്

Next Story

Related Stories