TopTop
Begin typing your search above and press return to search.

"ഹിന്ദുവിനെ കണ്ടു, മുസല്‍മാനെ കണ്ടൂ... ഇതുവരെ മനുഷ്യനെ കണ്ടില്ല"-മലയാളത്തിലെ ആദ്യ ഗാനം, ടൈറ്റില്‍ കാര്‍ഡില്‍ വന്നത് പി എസ് ബാലസുബ്രമണ്യം

ഹിന്ദുവിനെ കണ്ടു, മുസല്‍മാനെ കണ്ടൂ... ഇതുവരെ മനുഷ്യനെ കണ്ടില്ല-മലയാളത്തിലെ ആദ്യ ഗാനം, ടൈറ്റില്‍ കാര്‍ഡില്‍ വന്നത് പി എസ് ബാലസുബ്രമണ്യം


എസ് പി ബാലസുബ്രമണ്യത്തിന്റെ മലയാളത്തിലേക്കുള്ള രംഗ പ്രവേശം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരു സിനിമയിലൂടെയായിരുന്നു. 1969ല്‍ പുറത്തിറങ്ങിയ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത കടല്‍പ്പാലം. ആദ്യ കേരള സംസ്ഥാന ചലചിത്ര പുരസ്കാരത്തില്‍ 5 അവാര്‍ഡുകള്‍ കടല്‍പ്പാലം കരസ്ഥമാക്കി. കടല്‍പ്പാലത്തിലെ ഇരട്ട വേഷത്തിന് മികച്ച നടനായി സത്യന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മൂന്നു പുരസ്കാരങ്ങള്‍ സംഗീത വിഭാഗത്തിനായിരുന്നു. മികച്ച സംഗീത സംവിധായകന്‍ ജി ദേവരാജന്‍, ഗാനരചന വയലാര്‍ രാമവര്‍മ്മ, ഗായിക പി ലീല എന്നിവയായിരുന്നു ആ പുരസ്കാരങ്ങള്‍.

നാല് ഗാനങ്ങളാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പ്രേം നസീര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ആയിരുന്നു എസ് പി ബാലസുബ്രമണ്യം പാടിയത്. ഏറെ ദാര്‍ശനികമായ അര്‍ഥതലങ്ങളുള്ള "ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്, ഈരേഴ് പതിനാല് ലോകങ്ങള്‍ കാണാന്‍ ഇവിടെന്ന് പോന്നവരെ.." എന്നു തുടങ്ങുന്ന ഗാനം ലോകത്തെ പരിഹാസത്തോടെ കാണുന്ന കഥാപാത്രത്തിന്റെ മാനസിക തലത്തില്‍ നിന്നുകൊണ്ടു പാടാന്‍ മറ്റൊരു ഭാഷയില്‍ നിന്നു വന്നയാളായിട്ട് കൂടി എസ് പി ബിക്ക് കഴിഞ്ഞു.
"ഹിന്ദുവിനെ കണ്ടു, മുസല്‍മാനെ കണ്ടൂ... ഇതുവരെ മനുഷ്യനെ കണ്ടില്ല" എന്ന വരികള്‍ക്കിടയിലെ ഒരു ചെറിയ ചിരിയുണ്ട്. പാട്ടിനെ അതിന്റെ അര്‍ത്ഥപൂര്‍ണ്ണതയിലേക്ക് ഉയര്‍ത്തിയ ഒന്നായിരുന്നു അത്.



എ ആര്‍ റഹ്മാന്റെ പിതാവ് ആര്‍ കെ ശേഖറാണ് എസ് പി ബിയെ ദേവരാജന് പരിചയപ്പെടുത്തുന്നത്. എന്നാല്‍ ദുഃഖകരം എന്നു പറയട്ടെ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ പി എസ് ബാലസുബ്രമണ്യം എന്നാണ് അടിച്ചുവന്നത്.

പ്രശസ്ത ഗായിക മാധുരിയും ഇതേ സിനിമയിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് കടന്നുവന്നത്. "കസ്തൂരി തൈലമിട്ടു മുടി മിനുക്കീ"എന്ന ഗാനമായിരുന്നു മാധുരി പാടിയത്. "ഉജ്ജയിനിയിലെ ഗായിക" എന്ന ഗാനത്തിനാണ് പി ലീലയ്ക്ക് പുരസ്കാരം ലഭിച്ചത്.

കെ ടി മുഹമ്മദിന്റെ അതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് കടല്‍പ്പാലം. മഞ്ഞിലാസിന്റെ ബാനറില്‍ എം ഓ ജോസഫ് ആണ് സിനിമ നിര്‍മ്മിച്ചത്.


Next Story

Related Stories