TopTop
Begin typing your search above and press return to search.

72 ദിവസത്തിനിടയില്‍ ഞാന്‍ കണ്ട ഏറ്റവും സന്തോഷം നിറഞ്ഞ സംസ്ഥാനമാണ് കേരളം; ബര്‍ഖാ ദത്ത് (വീഡിയോ)

72 ദിവസത്തിനിടയില്‍ ഞാന്‍ കണ്ട ഏറ്റവും സന്തോഷം നിറഞ്ഞ സംസ്ഥാനമാണ് കേരളം; ബര്‍ഖാ ദത്ത് (വീഡിയോ)

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത മാധ്യമ പ്രവര്‍ത്തകരിലൊരാളായിരിക്കും ബര്‍ക്ക ദത്ത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കഴിഞ്ഞ 72 ദിവസം അവര്‍ സഞ്ചരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയായിരുന്നു. വടക്കെ ഇന്ത്യ മുതല്‍ ആരംഭിച്ച സഞ്ചാരം കഴിഞ്ഞ ദിവസം കേരളത്തിലെത്തി.

ലോക്ഡൗണ്‍ ദുസ്സഹമാക്കിയ ജീവിത കഥകളായിരുന്നു അവര്‍ക്ക് എല്ലാ സ്ഥലങ്ങളില്‍നിന്നും പറയാനുണ്ടായിരുന്നത്. നൂറു കണക്കിന് കിലോമീറ്റര്‍ പൊരിവെയിലത്ത് നടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍, ഭക്ഷണത്തിന് വേണ്ടി തിക്കി തിരക്കുന്നവര്‍. ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളില്‍ കാര്യമായി വരാത്ത ചിത്രങ്ങളായിരുന്നു തന്റെ യു ട്യൂബ് ചാനലിലൂടെ ബര്‍ക്ക ദത്ത് നല്‍കി കൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസമാണ് അവര്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലെത്തിയത്. 70-ഓളം ദിവസത്തെ യാത്രയ്ക്ക് ശേഷം. കാസര്‍കോട് അതിര്‍ത്തി വഴിയാണ് അവര്‍ സംസ്ഥാനത്ത് പ്രവേശിച്ചത്. എന്നാല്‍ ഇതുവരെ കണ്ടതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചയാണ് താന്‍ കാണ്ടതെന്നാണ് ബര്‍ക്ക ദത്ത് പറയുന്നത്.

കാസര്‍കോട് മേഖലയിലെ നിരവധി പേരുമായി അവര്‍ സംസാരിച്ചു. കാര്യമായ ബുദ്ധിമുട്ടില്ലെന്നും എല്ലാം ശരിയായി വരികയാണെന്നുമുള്ള വാക്കുകളാണ് എല്ലാവരും പറഞ്ഞത്. വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ ഇവിടെ ലോക്ഡൗണ്‍ കാര്യമായി ബാധിച്ചിട്ടില്ലെന്ന് മനസ്സിലായെന്നും അവര്‍ പറയുന്നു. കാസര്‍കോട് ഭാഗത്ത് കട നടത്തുന്ന അബൂബക്കര്‍ എന്ന ആളോടാണ് ബര്‍ക്ക ദത്ത് കേരളത്തിലെത്തിയ ശേഷം സംസാരിക്കുന്നത്. "കാര്യമായ പ്രശ്‌നങ്ങളില്ല. രണ്ട് മാസം ചെറിയ പ്രയാസങ്ങള്‍ കട തുറക്കാത്തതുകൊണ്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ശരിയാവുന്നു", അബൂബക്കര്‍ വിശദീകരിച്ചു. എന്തുകൊണ്ടാണ് മറ്റിടങ്ങളില്‍നിന്ന് കേരളം വ്യത്യസ്തമാകുന്നതെന്ന് ചോദിച്ചപ്പോള്‍ അബൂബക്കര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. "ഞങ്ങള്‍ വിദ്യാസമ്പന്നരാണ്. കൊറോണയെക്കുറിച്ച് മനസ്സിലാക്കി. സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കേട്ടു. വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് ഇത് സാധിച്ചത്". പിന്നെയും പലയിടങ്ങളില്‍ വെച്ച് വ്യത്യസ്ത വിഭാഗത്തില്‍ പ്പെട്ടവരുമായി ബര്‍ക്ക ദത്ത് സംസാരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് എല്ലാവരും തന്നെ നല്ല അഭിപ്രായമായാണ് പ്രകടിപ്പിച്ചത്.

വിദേശത്തുള്ള മലയാളികള്‍ കേരളത്തിലെത്തിയാലും ഒരു പ്രശ്‌നമില്ലെന്നും അതിനുള്ള നടപടികളും എടുക്കുമെന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്. തന്റെ റിപ്പോര്‍ട്ടിംഗ് ജീവിതത്തിനിടെ ഇങ്ങനെ സംസാരിച്ച എല്ലാവരും സര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് സംസാരിച്ചത് ഇത് ആദ്യ അനുഭവമാണെന്നാണ് ബര്‍ക്ക ദത്ത് പറയുന്നത്.

തുടക്കത്തില്‍ തന്നെ നടപടികള്‍ എടുത്തത്, രോഗികള്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള സമഗ്ര സംവിധാനങ്ങളും അതുപോലെ, കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസവുമാണ് മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായ അനുഭവം കേരളത്തിലുണ്ടാകാന്‍ കാരണമെന്നും അവര്‍ വിലയിരുത്തുന്നു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളും മികച്ച നേട്ടത്തിന് കാരണമായെന്നും ബര്‍ക്ക ദത്ത് പറഞ്ഞു.


Next Story

Related Stories