Top

വെള്ളച്ചാട്ടത്തില്‍ വീണ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിച്ച ആറ് ആനകള്‍ക്ക് ദാരുണാന്ത്യം / വീഡിയോ

വെള്ളച്ചാട്ടത്തില്‍ വീണ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിച്ച ആറ് ആനകള്‍ക്ക് ദാരുണാന്ത്യം / വീഡിയോ

വെള്ളച്ചാട്ടത്തില്‍ പെട്ടുപ്പോയ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിച്ച ആനകള്‍ക്ക് ദാരുണാന്ത്യം. കുട്ടിയാന ഉള്‍പ്പടെ ആറ് ആനകള്‍ ചത്തു. രണ്ട് ആനകള്‍ രക്ഷപ്പെട്ടു. തായ്ലന്‍ഡിലെ ഖാവോ യൈ നാഷണല്‍ പാര്‍ക്കിലായിരുന്നു സംഭവം നടന്നത്. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം നടന്നത്.

'നരകത്തിലേക്കുള്ള കുഴി' എന്ന അര്‍ത്ഥം വരുന്ന ഹ്യൂ നാരോക് എന്ന വെള്ളച്ചാട്ടത്തിലേക്ക് കാട്ടാന കൂട്ടത്തിലെ കുട്ടിയാന കാല്‍വഴുതി വീണു. അതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ആനകള്‍ പിന്നാലെ വീണു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് ആനകളും വെള്ളച്ചാട്ടത്തില്‍ പെട്ടുപോവുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാഷണല്‍ പാര്‍ക്കിലെ ജീവനക്കാര്‍ ആനകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വഴുക്കുന്ന പാറ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. വെള്ളച്ചാട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറെനേരം ആനകള്‍ കഷ്ടപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. അപകടത്തില്‍പ്പെട്ട രണ്ട് ആനകള്‍ക്ക് അടുത്തുള്ള മലഞ്ചെരുവിലേക്ക് കയറാന്‍ സാധിച്ചെങ്കിലും മുകളിലെത്താന്‍ കഴിഞ്ഞില്ല.

ഇത് ശ്രദ്ധയില്‍പ്പെട്ട് ജീവനക്കാരാണ് വഴുക്കലുള്ള ആ മലഞ്ചെരുവില്‍ നിന്ന് ആ രണ്ട് ആനകളെ രക്ഷപ്പെടുത്തിയത്. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം നാഷണല്‍ പാര്‍ക്കിലെ താഴ്‌വാരത്ത് ആദ്യം മൂന്ന് വയസുള്ള ആനകുട്ടിയും പിന്നീട് അടുത്തു തന്നെ മറ്റ് അഞ്ച് ആനകളും ചത്തു കിടക്കുന്നത് കണ്ടെത്തി.

രക്ഷപ്പെട്ട രണ്ട് ആനകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ദേശീയ ഉദ്യാനത്തിന്റെ മേധാവി ഖന്‍ചിത് ശ്രീനോപ്പവന്‍ ബിബിസിയോട് പറഞ്ഞത്. കൂട്ടത്തിലുണ്ടായിരുന്ന ഈ ആനകളെ ഈ സംഭവം വൈകാരികമായി ബാധിച്ചേക്കുമെന്നും ഇപ്പോള്‍ തന്നെ ആനകള്‍ സങ്കടത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായും അധികൃതര്‍ പറയുന്നു.

'വൈല്‍ഡ്ലൈഫ് ഫ്രണ്ട്‌സ് ഫൗണ്ടേഷന്‍ തായ്ലാന്‍ഡി'ന്റെ സ്ഥാപകന്‍ എഡ്വിന്‍ വീക്ക് പറയുന്നത്, സംരക്ഷണത്തിനും ഭക്ഷണം കണ്ടെത്തുന്നതിനുമായി ഈ രക്ഷപ്പെട്ട ആനകള്‍ ഇപ്പോള്‍ മറ്റ് ആനകളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഈ ജോഡിക്ക് അതിജീവിക്കാന്‍ പ്രയാസമായിരിക്കും, എന്നാണ്.

'നിങ്ങളുടെ കുടുംബത്തിന്റെ പകുതി നഷ്ടപ്പെടുന്നതുപോലെ തന്നെയാണ് ഇത്, നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയൊക്കെയാണ് പ്രകൃതി' എന്നും എഡ്വിന്‍ വീക്ക് കൂട്ടിച്ചേര്‍ക്കുന്നു.

ഹ്യൂ നാരോക് വെള്ളച്ചാട്ടത്തില്‍ ഇതിന് മുമ്പും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. 1992-ല്‍ ഹ്യൂ നാരോക് വെള്ളച്ചാട്ടത്തില്‍ എട്ട് ആനകള്‍ വീണുപോവുകയും രക്ഷപ്പെടാന്‍ സാധിക്കാതെ ചത്തുപോവുകയും ചെയ്തിരുന്നു.

ഏകദേശം 7,000 ഏഷ്യന്‍ ആനകളാണ് തായ്ലന്‍ഡില്‍ അവശേഷിക്കുന്നത്. പകുതിയിലധികം ആനകളും ബന്ദികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


Next Story

Related Stories