TopTop
Begin typing your search above and press return to search.

പോലീസ് വണ്ടി തടഞ്ഞു, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ പിതാവിനെ മകന്‍ എടുത്തു നടന്നത് അരക്കിലോമീറ്ററോളം (വീഡിയോ)

പോലീസ് വണ്ടി തടഞ്ഞു, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ പിതാവിനെ മകന്‍ എടുത്തു നടന്നത് അരക്കിലോമീറ്ററോളം (വീഡിയോ)

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ പിതാവിനെ വീട്ടിലെത്തിക്കാന്‍ മകന്‍ പിതാവിനെയും എടുത്തു നടന്നത് അരക്കിലോമീറ്ററോളം ദൂരം. വയോധികനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ മകന്‍ എത്തിച്ച വാഹനം പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് മകന് പിതാവിനെയും എടുത്ത് നടക്കേണ്ടി വന്നത്. കൊല്ലം ജില്ലയിലെ പുനലൂരാണ് സംഭവമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും പിതാവിനെ തോളിലേറ്റി നടന്ന് മകന്‍ വാഹനത്തില്‍ എത്തിച്ചു.

കുളത്തൂപ്പുഴ സ്വദേശി ജോര്‍ജ് (80) നെയാണ് മകന് പെരുവെയിലില്‍ ചുമക്കേണ്ടിവന്നത്. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോര്‍ജിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി മകന്‍ കുളത്തുപ്പുഴയില്‍ നിന്നും ഓട്ടോയുമായാണ് പുനലൂരിലേക്ക് വന്നത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് അര കിലോമീറ്ററോളം അകലെ വച്ച് പോലീസ് വാഹനം തടയുകയായിരുന്നു എന്നും പിതാവിനെ കൊണ്ട് പോകാന്‍ വന്നതാണന്ന് പറഞ്ഞിട്ടും വണ്ടി കടത്തിവിടാന്‍ പൊലീസ് തയാറായില്ലെന്നും മകന്‍ പറയുന്നു.

തുടര്‍ന്ന് മകന്‍ ആശുപത്രിയിലെത്തി ഡിസ്ചാര്‍ജായ പിതാവിനെ തോളിലേറ്റി ഓട്ടോ കിടക്കുന്നിടത്തേക്ക് നടക്കുകയായിരുന്നു. ജോര്‍ജിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രിയില്‍ ഉപയോഗിച്ച സാധങ്ങളുമായി ഇരുവരെയും അനുഗമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിതാവിനെ ചുമന്ന് ഓട്ടോ കിടന്നിരുന്ന ടി.ബി ജംഗ്ഷനില്‍ എത്തിച്ചശേഷം വാഹനത്തില്‍ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.

എന്നാല്‍ പിതാവിനെ കൊണ്ടുവരാന്‍ പോയ യുവാവിന്റെ കൈയില്‍ ഇതിനുള്ള രേഖകള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് പോലീസിന്റെ വാദം. പുനലൂരില്‍ സ്വകാര്യവാഹങ്ങളും മറ്റും കൂടുതലായി നിരത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ രേഖകള്‍ ഇല്ലായിരുന്നു എന്ന വാദം മകന്‍ നിഷേധിച്ചു.


Next Story

Related Stories