TopTop
Begin typing your search above and press return to search.

പതിമൂന്ന് കഥാപാത്രങ്ങളൊന്നിക്കുന്ന സീനില്‍ സ്പോര്‍ട്ട് ഡബ്ബിങ്; ഡിസ്‌നിയുടെ ആനിമേറ്റഡ് സിനിമകളിലാണ് മൂന്നാം ക്ലാസുകാരിയുടെ കളി

പതിമൂന്ന് കഥാപാത്രങ്ങളൊന്നിക്കുന്ന സീനില്‍ സ്പോര്‍ട്ട് ഡബ്ബിങ്; ഡിസ്‌നിയുടെ ആനിമേറ്റഡ് സിനിമകളിലാണ് മൂന്നാം ക്ലാസുകാരിയുടെ കളി

വാള്‍ട്ട് ഡിസ്‌നി യുടെ 'റാള്‍ഫ് ബ്രേക്‌സ് ദി ഇന്റര്‍നെറ്റ്' എന്ന ആനിമേറ്റഡ് സിനിമയിലെ പതിമൂന്നു കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന സീനില്‍ അവര്‍ക്കെല്ലാം സ്‌പോട്ട് ഡബ്ബിങ് ലൂടെ ശബ്ദാനുകരണം നല്‍കികൊണ്ട് ശ്രദ്ധേയയായിരിക്കുകയാണ് ഏഴു വയസ്സുകാരിയായ ശ്രിയ സതീഷ്. ഡിസ്നി സിനിമയിലെ ബാര്‍ബി സീരീസ് കഥാപാത്രങ്ങളുടെ ആരാധികയായ ശ്രിയ ലോക്ഡൗണ്‍ കാലത്തെ വിരസതകളെ മറികടക്കുന്നത് ഇത്തരം വിനോദങ്ങളിലൂടെയാണ്.

2018 ല്‍ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'റാള്‍ഫ് ബ്രെക്‌സ് ദി ഇന്റര്‍നെറ്റ് :- വ്രക്ക് ഇറ്റ് റാള്‍ഫ് 2 ' എന്ന സിനിമയിലെ കഥാപാത്രമായ വെനല്‍പ്പി വൊഴ്ച്യുറ്റ്‌സ്, ഡിസ്നി യിലെ രാജകുമാരികളെ കാണാനെത്തുന്ന 'മീറ്റ് ദ ഡിസ്‌നി പ്രിന്‍സസ്' എന്ന സീന്‍ - കണ്ടു കൊണ്ടിരിക്കെ തന്നെ ഓഡിയോ മ്യുട്ട് ചെയ്ത് കൊണ്ട് ശ്രിയ നേരമ്പോക്കായി ചെയ്ത സ്‌പോട്ട് ഡബ്ബിങ് വീഡിയോ ആണ് ഏവരെയും അതിശയിപ്പിച്ചിരിക്കുന്നത്. നിരവധി തവണ കണ്ട സിനിമയിലെ ഡയലോഗുകള്‍ മനഃപാഠമായതാണ് ശ്രിയയെ ഇത്തരം ശബ്ദാനുകരണത്തില്‍ തല്‍പരയാക്കിയിരിക്കുന്നത്.

മൂന്നാം ക്ലാസ്സുകാരിയായ മലയാളികുട്ടിയാണ് കഥാപാത്രങ്ങളുടെ യഥാര്‍ഥ ശബ്ദത്തില്‍ നിന്നും വേറിട്ടു തോന്നാത്ത വിധത്തില്‍ ഉച്ചാരണ മികവുകൊണ്ടും ശബ്ദ ഭാവ വ്യത്യാസങ്ങളോടും കൂടി പതിമൂന്ന് കഥാപാത്രങ്ങള്‍ക്കായി ശബ്ദാനുകരണം നല്‍കിയിരിക്കുന്നത്. സിന്‍ഡ്രല്ല, സ്‌നോ വൈറ്റ്, ഒഴൊറ, ഏരിയല്‍, ബെല്‍, ജാസ്മിന്‍, പൊകഹോണ്ടസ്, മ്യുലന്‍, ടിയാന, റെബെല്‍സല്‍, മെറിഡാ, ആന്ന, എല്‍സ തുടങ്ങി വാള്‍ട്ട് ഡിസ്നി യുടെ നിരവധി സിനിമകളിലെ കഥാപാത്രങ്ങളാണ് ഈ സീനില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.

ശ്രിയയുടെ കളിപ്പാട്ടങ്ങളില്‍ ഏറെയും ബാര്‍ബി ഡോളുകളാണ്. ആ പാവകളെ സിനിമയിലെ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചും സംഭാഷണങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ പറഞ്ഞുകൊണ്ടുമാണ് ശ്രിയ കളിക്കുന്നത്. കൂടാതെ പാവകള്‍ക്കു വേണ്ടതായ വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമൊക്കെ യു ട്യൂബില്‍ നോക്കി പഠിച്ചു ഉണ്ടാക്കിയെടുക്കുന്നുമുണ്ട് ഈ മിടുക്കി. ആ സമയത്തൊക്കെ മൂളിപ്പാടി കൊണ്ടിരിക്കുന്നതാകട്ടെ ഇംഗ്ലീഷ് പാട്ടുകളും. അങ്ങനെ വീട്ടിലെ ഒരു മൂലയെ ഡിസ്നിയുടെ ഫ്രോസന്‍ വണ്ടര്‍ലാന്‍ഡ് ആക്കി മാറ്റിയിരിക്കുകയാണ് ശ്രിയ.

കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ സതീശിന്റെയും ബെറ്റ്‌സി യുടെയും മകളായ ശ്രിയ ചെന്നൈ അമൃത വിദ്യാലത്തിലാണ് പഠിക്കുന്നത്. ബന്ധുക്കളുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ വന്ന ശ്രിയയുടെ ഡബ്ബിങ് വീഡിയോക്ക് ചെറിയച്ഛനായ എഡിറ്റര്‍ സന്ദീപ് പ്രഭാകര്‍ പൂര്‍ണ്ണത നല്‍കിയതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ ശ്രദ്ധേയമാകാന്‍ തുടങ്ങിയത്.





Next Story

Related Stories