വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് അഫ്ഗാന് താരം റാഷിദ് ഖാന്. ടി 20 ക്രിക്കറ്റില്‍ മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന നിലയില്‍ തന്റെ യോഗ്യത ഉറപ്പിച്ച താരം ലോകത്തെ വിവിധ ടി 20 ലീഗുകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
മികച്ച സ്പിന്നറെന്ന് പറയുമ്പോഴും ബാറ്റ്സ്മാന് എന്ന നിലയിലും റാഷിദ് മികവ് കാണിക്കുന്നു. ടി 20 ലീഗുകളില്‍ തന്റെ ഓള്‍റൗണ്ടിംഗ് കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) കളിക്കുകയാണ് അഫ്ഗാനിസ്ഥാന് താരം. പിഎസ്എല്ലില്‍ പെഷവാര്‍ സാല്‍മിക്കെതിരെ തന്റെ ബാറ്റിംഗ് കഴിവുകള്‍ താരം പുറത്തെടുത്തു.
പെഷവര്‍ സാല്‍മിയുടെ 140 റണ്‍സ് പിന്തുടര്‍ന്ന ലഹോര്‍ ക്വാലന്‍ഡേഴ്സ്, 18.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 15 പന്തില്‍ 27 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റാഷിദിന്റെ പ്രകടനം ജയത്തില്‍ നിര്‍ണായകമായി. ബാറ്റിങ്ങിനിടെ റാഷിദിന്റെ ഒരു 'ഹെലികോപ്റ്റര്‍ ഷോട്ട്' ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയും ചെയ്തു. 'സോ സ്റ്റൈലിഷ്' എന്ന അടിക്കുറിപ്പോടെ പാക്കിസ്ഥാന് സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചു. എന്നാല്‍ പിഎസ്എല്‍ പേജിലെ വിഡിയോ പങ്കുവച്ചുകൊണ്ട് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരമായ സാറാ ടെയ്ലര് റാഷിദിനോട് 'എന്നെയും കൂടി പഠിപ്പിക്കൂ' എന്ന് ട്വീറ്റ് ചെയ്തു. വനിതാ ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസത്തിന് അഫ്ഗാന് താരം ഉടന്‍ മറുപടിയും നല്കി. 'തീര്‍ച്ചയായും' എന്നായിരുന്നു റാഷിദ് ഖാന്റെ മറുപടി.