TopTop
Begin typing your search above and press return to search.

'ചരിത്രം സൃഷ്ടിച്ചവരാണ് യഥാര്‍ത്ഥ രക്തസാക്ഷികള്‍'; കേണല്‍ സന്തോഷ്‌ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് സൈനിക് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ (വീഡിയോ)

ചരിത്രം സൃഷ്ടിച്ചവരാണ് യഥാര്‍ത്ഥ രക്തസാക്ഷികള്‍; കേണല്‍ സന്തോഷ്‌ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് സൈനിക് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ (വീഡിയോ)

ലഡാക്കിലെ ഗാൽവാൻ താഴ് വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികൻ കേണൽ സന്തോഷ് ബാബുവിന് ആദരവര്‍പ്പിച്ച് അദ്ദേഹം പഠിച്ച ആന്ധ്ര പ്രദേശിലെ കൊറുകോണ്ട സൈനിക് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍. സൈനിക് സ്കൂളില്‍ 1993-2000 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു കേണല്‍ സന്തോഷ്‌ ബാബു.

സൈനിക് സ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് പഠന കാലഘട്ടങ്ങളിലെ വിവിധ കലാ, കായിക പരിപാടികളുടെ ചിത്രങ്ങളും പിന്നീട് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നതുമെല്ലാം കോര്‍ത്തിണക്കിയാണ് സഹപാഠിക്ക് പൂര്‍വ വിദ്യാര്‍ഥികല്‍ ആദരാഞ്ജലിയര്‍പ്പിച്ചിരിക്കുന്നത്.

'ചരിത്രം സൃഷ്ടിച്ചവരാണ് യഥാര്‍ത്ഥ രക്തസാക്ഷികള്‍' എന്ന് തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയെ കൂടെയുള്ളവര്‍ വിശേഷിപ്പിക്കുന്നു.

കേണൽ സന്തോഷ് ബാബുവിന് ഹൈദരാബാദിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ മൂലം നടപടികൾ നീണ്ടു. ഞായറാഴ്ച സന്തോഷ് ബാബു ഫോണിൽ വിളിച്ച് മാതാപിതാക്കളായ മഞ്ജുളയുമായും ഉപേന്ദറുമായും സംസാരിച്ചിരുന്നു. സന്തോഷ് ബാബുവിന്റെ ഭാര്യയും രണ്ട് മക്കളും ഡൽഹിയിലാണ്. മഞ്ജുളയുടേയും ഡി ഉപേന്ദറിന്റേയും ഒറ്റ മകനാണ് സന്തോഷ് ബാബു.

"ആദ്യം വിശ്വസിച്ചില്ല. പിന്നീട് ഉന്നത അധികൃതർ എന്താണ് സംഭവിച്ചത് എന്ന് ഞങ്ങളോട് പറഞ്ഞു" - പിതാവ് ഉപേന്ദർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. "ആർമിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക് അതിന് കഴിഞ്ഞില്ല. എന്റെ മകൻ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്ന് ആഗ്രഹിച്ചു. എന്റെ ബന്ധുക്കൾ നിരുത്സാഹപ്പെടുത്തിയിരുന്നു ഇതിനെ" - ഉപേന്ദർ ഓർത്തു. അതിർത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ട വലിയ ആശങ്കയുണ്ടെന്നും എന്നാൽ ഇത് വളരെ സെൻസിറ്റീവ് ആയ വിഷയമായതിനാൽ ഇതേക്കുറിച്ച് സംസാരിക്കാനാവില്ലെന്നും സന്തോഷ് ബാബു അമ്മയോട് പറഞ്ഞിരുന്നു. "ശ്രദ്ധിക്കാൻ ഞാൻ അവനോട് പറഞ്ഞിരുന്നു. എനിക്ക് വലിയ ദു:ഖവും അഭിമാനവും തോന്നുന്നുണ്ട്. എന്റെ മകൻ രാജ്യത്തിനായി ജീവൻ നൽകിയിരിക്കുന്നു. അമ്മയെന്ന നിലയിൽ എനിക്ക് ദു:ഖമുണ്ട്. അവൻ എന്റെ ഒരേയൊരു മകനായിരുന്നു" - മഞ്ജുള പറഞ്ഞു.

16 ബിഹാർ റെജിമെന്റിലെ കമാൻഡിംഗ് ഓഫീസറായിരുന്നു സന്തോഷ് ബാബു. 2004ലാണ് സന്തോഷ് ബാബു ആർമിയിൽ ചേർന്നത്. ജമ്മു കാശ്മീരിലായിരുന്നു ആദ്യ പോസ്റ്റിംഗ്. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സന്തോഷ് ബാബുവിന്റെ ത്യാഗം വിലമതിക്കാനാവാത്തതാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു. സന്തോഷിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ചന്ദ്രശഖർ റാവു പറഞ്ഞു.


Next Story

Related Stories