TopTop
Begin typing your search above and press return to search.

തലച്ചോറിന് ഓപ്പറേഷൻ ചെയ്യുന്നതിനിടെ ഒരു വയലിൻ വായന (വീഡിയോ)

തലച്ചോറിന് ഓപ്പറേഷൻ ചെയ്യുന്നതിനിടെ ഒരു വയലിൻ വായന (വീഡിയോ)

വയലിൻ വായിച്ചുകൊണ്ടിരിക്കെ സ്ത്രീയുടെ ബ്രെയിൻ ട്യൂമർ നീക്കം ചെയ്തു. ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ശസ്ത്രക്രിയാ വിദഗ്ധരാണ് ശസ്ത്രക്രിയ ഭംഗിയായി പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർമാർ വയലിനിസ്റ്റ് ഡാഗ്മർ ടർണറുടെ (53) തലച്ചോറ് കൃത്യമായി മാപ്പ് ചെയ്തിരുന്നു. അത്, വയലിന്‍ വായിക്കുമ്പോൾ സജീവമാകുന്ന മേഖലകളും ഭാഷയും ചലനവും നിയന്ത്രിക്കുന്ന മേഖലകളും തിരിച്ചറിയാൻ സഹായിച്ചു. ശസ്ത്രക്രിയക്കിടെ അവരുടെ വലതു കൈയ്യിന്‍റെ ചലനത്തിന് ഭംഗം വരാതിരിക്കാനായിരുന്നു ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

'ഡാഗ്മറിന് വയലിൻ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അതുകൊണ്ട് വയലില്‍ വായിക്കുമ്പോള്‍ തലച്ചോറിന്‍റെ ഏതൊക്കെ ഭാഗങ്ങളാണോ അവര്‍ ഉപയോഗിക്കുന്നത് അതിന്‍റെയെല്ലാം പ്രവർത്തനം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമായിരുന്നു' എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ന്യൂറോ സർജൻ പ്രൊഫ. കിയോമർസ് അഷ്കാൻ പറഞ്ഞു. ഒപ്പം 90% ട്യൂമറും നീക്കംചെയ്യാൻ കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ബ്രിട്ടണിലെ അറിയപ്പെടുന്ന ഓർക്കസ്ട്രയായ 'ഐസ്ല്‍ ഓഫ് വൈറ്റ് സിംഫണിയിലെ' താരമാണ് ഡാഗ്മർ ടർണര്‍. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍തന്നെ അവര്‍ ആശുപത്രി വിട്ടിരുന്നു. എത്രയുംപെട്ടെന്ന് ഓർക്കസ്ട്രയുടെ കൂടെ ചേരാനാണ് അവരുടെ തീരുമാനം. 'വയലിന്‍ വായിക്കാന്‍ കഴിയാതെയാകുമോ എന്ന ചിന്ത ഹൃദയ ഭേദകമായിരുന്നു. എന്നാല്‍, ഒരു സംഗീതജ്ഞൻ എന്ന നിലയിലുള്ള എന്റെ ആശങ്കകൾ പ്രൊഫ. അഷ്‌കാൻ മനസ്സിലാക്കി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു'- ടർണര്‍ പറഞ്ഞു.


Next Story

Related Stories