TopTop
Begin typing your search above and press return to search.

ഫെയ്‌സ് അഹമ്മദ് ഫെയ്‌സിന്റെ കവിത അന്ന് സിയാ ഉള്‍ഹഖിനെ പ്രകോപിപ്പിച്ചു, ഇപ്പോള്‍ മോദി ആരാധകരെയും

ഫെയ്‌സ് അഹമ്മദ് ഫെയ്‌സിന്റെ കവിത അന്ന് സിയാ ഉള്‍ഹഖിനെ പ്രകോപിപ്പിച്ചു, ഇപ്പോള്‍ മോദി ആരാധകരെയും

വിഖ്യാത ഉറുദു കവി ഫെയ്സ് അഹമ്മദ് ഫെയ്സിന്റെ ഹം ദേക്കേങ്കെ എന്ന കവിത ഹിന്ദു വിരുദ്ധമാണോയെന്ന് അന്വേഷിക്കാന്‍ കാണ്‍പൂര്‍ ഐഐടി കഴിഞ്ഞ ദിവസം കമ്മിറ്റിയെ നിയമിച്ചിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്ത് ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കാണ്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധ മാര്‍ച്ച് തുടങ്ങുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍, ഫെയ്‌സ് അഹമ്മദ് ഫെയ്‌സിന്റെ കവിത ചൊല്ലിയിരുന്നു. പല രാജ്യങ്ങളിലും ജനകീയ പ്രതിഷേധങ്ങളുടെ ഗീതമായി കണക്കാക്കുന്ന വിഖ്യാതമായ ഹം ദേക്കേങ്കെ എന്ന കവിതയായിരുന്നു അത്.

എന്നാല്‍ അവിടെ ഉണ്ടായിരുന്ന കാണ്‍പൂര്‍ ഐഐടിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ മഹീന്ദ്ര അഗര്‍വാളിന് ഒരു സംശയമുണ്ടായി. ഈ പ്രതിരോധ ഗാനം ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണോ എന്നായിരുന്നു അത്്. ഇതേതുടര്‍ന്നാണ് കവിത ഹിന്ദു വിരുദ്ധമാണോ എന്ന് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയമിച്ചിരിക്കുന്നത്.

പാകിസ്താനി കവിയാണ് ഫെയ്‌സ് അഹമ്മദ് ഫെയ്‌സ്. ഉറുദു ഭാഷയിലെ ഏറ്റവും പ്രശസ്തരായ കവികളിലൊരാള്‍. കവി മാത്രമായിരുന്നില്ല അദ്ദേഹം, വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റുമായിരുന്നു. ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച് പാക്‌സിതാനിലെത്തിയ കവി. പാകിസ്താന്‍ രൂപകരിക്കപ്പെട്ടതിന് ശേഷം പത്രപ്രവര്‍ത്തകനായി. പാകിസ്താന്‍ ടൈംസിന്റെ പത്രാധിപരായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി. 1951 ല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഫെയ്‌സ് അഹമ്മദ് ഫെയ്‌സ് അറസ്റ്റ് ചെയ്യപ്പെട്ടു. നാല് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ഇദ്ദേഹത്തിന് 1962ല്‍ ലെനിന്‍ പീസ് പ്രൈസ് നല്‍കി ആദരിച്ചു. പാകിസ്താനിലെ കലയേയും സാഹിത്യത്തെയും വലിയ രീതിയില്‍ സ്വാധീനിച്ച ഫെയ്‌സ അഹമ്മദ് ഫെയ്‌സിനെ മരണ ശേഷം പാകിസ്താന്‍ ആ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ നിശാന്‍ ഇ ഇംതിയാസ് നല്‍കി ആദരിക്കുകയും ചെയ്തു.

കാണ്‍പൂരിലെ ഐഐടി ഡെപ്യുട്ടി ഡയറക്ടറെ ചൊടിപ്പിച്ച ഫെയ്‌സിന്റെ ഹം ദേക്കേങ്കെ എന്ന കവിത ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നീതിക്ക് വേണ്ടി പൊരുതുന്നവര്‍ പലരും ദേശീയ ഗാനം പോലെ കൊണ്ടു നടക്കുന്നതാണ്.

പാകിസ്താനില്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ അട്ടിമറിച്ച് സിയാ ഉള്‍ ഹഖ് അധികാരം പിടിച്ചെടുത്തപ്പോഴാണ് ഫെയ്‌സ് തന്റെ വിഖ്യാതമായ ഈ കവിത എഴുതുന്നത്. ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഒരു സംഭവത്തെ ആധാരമാക്കിയാണ് കവിത ഏകാധിപതികളെ ആക്രമിക്കുന്നത്.


Next Story

Related Stories