Top

മേയര്‍ ബ്രോയ്ക്ക് ലഭിച്ച പുസ്തക സമ്മാനങ്ങള്‍ സ്‌കൂളുകളിലേക്ക്

വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി. കെ പ്രശാന്തിന് സ്വീകരണങ്ങളില്‍ ലഭിച്ച പുസ്തകങ്ങള്‍ പൊതുവിദ്യാലയങ്ങളിലേക്ക് നല്‍കുന്നു. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ അട്ടിമറി ജയത്തിന് ശേഷം ലഭിച്ച സ്വീകരണങ്ങളില്‍ പൊന്നാടകളും, പുഷ്പ്പഹാരങ്ങളും ഒഴിവാക്കി കഴിവതും പുസ്തകങ്ങള്‍ നല്‍കണമെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടതിട്ടതിനെ തുടര്‍ന്നാണ് പ്രിയപ്പെട്ട എംഎല്‍എ ബ്രോയ്ക്ക് ആളുകള്‍ ഇത്തരത്തില്‍ സമ്മാനമൊരുക്കിയത്.

മൂന്ന് ദിവസത്തെ പര്യടനത്തിനിടെ 3500ഓളം പുസ്തകങ്ങളാണ് ലഭിച്ചത്. ബാല സാഹിത്യ പുസ്തകങ്ങള്‍ മുതല്‍ ലോക ക്ലാസിക്കുകള്‍വരെ ഇതില്‍ ഉള്‍പ്പെടുന്നു. പുസ്തകങ്ങള്‍ മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ഗ്രന്ഥശാലകള്‍ക്ക് വിതരണം ചെയ്യാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ തവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവില്‍ നേടിയ മിന്നും ജയത്തോടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പുതിയ താരമായി മാറിയിട്ടുണ്ട് വി.കെ പ്രശാന്ത്. മൂന്ന് മുന്നണികള്‍ക്കും ശക്തമായ വേരോട്ടവും സംഘടനാസംവിധാനവുമുള്ള വട്ടിയൂര്‍ക്കാവില്‍ ഇത്ര മികച്ചൊരു വിജയം പ്രശാന്തോ സിപിഎമ്മോ പ്രതീക്ഷിച്ചിരുന്നില്ല.

പ്രളയകാലത്തെ ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചതും തിരുവനന്തപുരം മേയര്‍ എന്ന നിലയിലുള്ള ജനകീയപ്രവര്‍ത്തനവും സൃഷ്ടിച്ചെടുത്ത മികച്ച പ്രതിച്ഛായ വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് കാര്യമായി ഗുണം ചെയ്തിരുന്നു. പ്രളയസമയത്ത് പ്രശാന്തിനെക്കുറിച്ച് വന്ന ട്രോളുകള്‍ മലയാളി സമൂഹത്തില്‍ ഒന്നാകെ അദ്ദേഹത്തെ സുപരിചിതനാക്കാനും സഹായിച്ചു.


Next Story

Related Stories