TopTop
Begin typing your search above and press return to search.

കടുവയ്ക്കും ജീവനുമിടയിൽ ഹെൽമറ്റും ഒരു ഷൂവും; ഒരു ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ അനുഭവം-വീഡിയോ

വനമേഖലകളില്‍ ഇടപെടുന്നവര്‍ക്കാണ് വന്യമൃഗങ്ങളുടെ ആക്രമണം എത്രത്തോളം ഭയാനകമാണെന്ന് പറയാന്‍ കഴിയുകയുള്ളു. ഇത്തരത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ് പുല്‍പ്പള്ളി ചെതലയത്തെ റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാറിന്റെ അനുഭവം. ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കാട്ടിലേക്ക് തന്നെ തുരത്തിവിടാനുള്ള ശ്രമത്തിലായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ടി ശശികുമാറിനെ കടുവ ആക്രമിച്ചത്.

കടുവയെ കണ്ടെന്ന് പറയുന്ന സ്ഥലത്തേക്ക് നടക്കവെ, പരിസരത്തെ ഒരു വീട്ടുകാരന്‍ നിര്‍ബന്ധിച്ച് റേഞ്ച് ഓഫീസര്‍ക്ക് ഹെല്‍മറ്റ് കൊടുത്തിരുന്നു. അതു തലയില്‍ വെച്ച് മുന്നോട്ട് അല്‍പ്പദൂരം നീങ്ങിയതേയുണ്ടായിരുന്നുള്ളൂ. നിനച്ചിരിക്കാതെ കടുവ ശശികുമാറിനു മേല്‍ ചാടി വീഴുകയായിരുന്നു. നിലത്ത് വീണ ശശികുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു കടുവ. സംഘത്തിലെ മറ്റു നാലു പേര്‍ ഓടി മാറിയെങ്കിലും ഡ്രൈവര്‍ മാനുവല്‍ ഓഫീസറെ രക്ഷിക്കാനായി കൈയില്‍ കിട്ടിയ ഇരുമ്പ് കഷണം കടുവയ്ക്ക് നേരെ എറിഞ്ഞു. അതോടെ കടുവ മാനുവലിന് നേരെ തിരിഞ്ഞു.

ശശികുമാര്‍ കൈയ്യിലുണ്ടായിരുന്ന ആയുധമെടുത്ത് കടുവയെ വേദനിപ്പിച്ചതോടെ മാനുവലിന്റെ കാലില്‍ പിടുത്തമിട്ടതോടെ ഊര്‍ന്നുപോയ ഷൂ കടിച്ചെടുത്ത് കടുവ പെട്ടെന്ന് ഓടി മറഞ്ഞു. വനത്തില്‍ പരിശോധനയ്ക്ക് പോകുമ്പോള്‍ ഇടാറുള്ള പ്രത്യേക ജാക്കറ്റ് ധരിച്ചിരുന്നു മാനുവല്‍. അതുകൊണ്ട് ഗുരുതരമായ പരിക്കേല്‍ക്കുന്നത് ഒഴിവായി. റേഞ്ച് ഓഫീസര്‍ ശശി കുമാര്‍ സാധാരണ മഴക്കോട്ട് മാത്രമാണ് ധരിച്ചിരുന്നത്. ആ ഹെല്‍മറ്റ് ധരിച്ചതിനാലാണ് ഇപ്പോള്‍ താന്‍ ജീവനോടെ ഇരിക്കുന്നതെന്ന് ശശികുമാര്‍ പറയുന്നു.


Next Story

Related Stories