TopTop
Begin typing your search above and press return to search.

എന്താണ് 'ഡിപ്ലോമാറ്റിക് ബാഗ്', അവയുടെ പ്രത്യേക എന്ത്

എന്താണ് ഡിപ്ലോമാറ്റിക് ബാഗ്, അവയുടെ പ്രത്യേക എന്ത്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം യു എ ഇ കോണ്‍സുലേറ്റിലേക്കെത്തിയ പാഴ്‌സലില്‍ നിന്നും 30 കിലോ സ്വര്‍ണം പിടികൂടിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നൊരു വാക്കാണ് 'ഡിപ്ലോമാറ്റിക് ബാഗ്'.

ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കില്‍ ഡിപ്ലോമാറ്റിക് പൗച്ച് എന്നു പറയുന്നത് ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കൈമാറുന്ന സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള പെട്ടിയാണ്. ഔദ്യോഗിക കത്തിടപാടുകള്‍ക്കോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാധനങ്ങള്‍ എത്തിക്കുന്നതിനോ ആയാണ് ഇത് ഉപയോഗിക്കുന്നത്. കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫല്‍ ബാഗ്, വലിയ സ്യൂട്ട്‌കേസ്, ഷിപ്പിംഗ് കണ്ടെയ്‌നര്‍ എന്നിവയൊക്കെ ഡിപ്ലോമാറ്റിക് ബാഗായി പരിഗണിക്കും.

രാജ്യവും സ്ഥാനപതി കാര്യാലയവും തമ്മിലുള്ള ഇടപാടായതിനാല്‍ തന്നെ രാജ്യത്തിന്റെ മുദ്ര ഇത്തരം ബാഗുകളില്‍ രേഖപ്പെടുത്തിയിരിക്കും. രാജ്യത്തിന്റെ മുദ്ര ഉള്ളതുകൊണ്ടു തന്നെ ഡിപ്ലോമാറ്റിക് ബാഗുകള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാറില്ല.

1961 ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ച് ഇത്തരം ബാഗുകള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ട്. 1969, 1975 എന്നീ വര്‍ഷങ്ങളിലും ഇതു സംബന്ധിച്ച് പുതിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഇമ്മ്യൂണിറ്റി ഉള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗ് മുക്താണ്. ചുരുക്കി പറഞ്ഞാല്‍ ഡിപ്ലോമാറ്റിക് ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാത്തത് കൊണ്ട് അതിലൂടെയുള്ള സ്വര്‍ണക്കടത്ത് മറ്റുള്ളവയെ അപേക്ഷിച്ച എളുപ്പമാണ്.

എന്നാല്‍ ഒരു കാരണം കൊണ്ടും ഇത് തുറന്നു പരിശോധിക്കരുത് എന്നും അല്ല. സംശകരമായ സാഹചര്യത്തില്‍ തുറന്നു പരിശോധിക്കണമെങ്കില്‍ അതു കിട്ടുന്ന രാജ്യത്തുള്ള കോണ്‍സുലേറ്റ് ഓഫിസറുടെ സാന്നിധ്യത്തില്‍ ചെയ്യാവുന്നതാണ്. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ലെങ്കിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് കസ്റ്റംസ് പരിശോധിച്ചത്.


Next Story

Related Stories