TopTop
Begin typing your search above and press return to search.

എന്താണ് ടേബിള്‍ ടോപ്പ് റണ്‍വേ?

എന്താണ് ടേബിള്‍ ടോപ്പ് റണ്‍വേ?

കഴിഞ്ഞ ദിവസം നടന്ന കരിപ്പൂര്‍ വിമാനാപകടത്തിന് ശേഷമാണ് 'ടേബിള്‍ ടോപ്പ് റണ്‍വേ' വലിയ ചർച്ചയായിരിക്കുന്നത്. കരിപ്പൂരിലെ വിമാനാപകടത്തിന് കാരണം ടേബിള്‍ ടോപ്പ് റണ്‍വേയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കുന്നിന്‍മുകളിലെ ഭൂമി നിരത്തിയെടുത്തുണ്ടാക്കുന്ന റണ്‍വേകളാണ് ടേബിള്‍ ടോപ്പ് റണ്‍വേ. ഇത്തരം റണ്‍വേകളുടെ നാല് ചുറ്റുമുള്ള പ്രദേശങ്ങൾ താഴ്ന്ന ഇടങ്ങളായിരിക്കും. അതായത് പേരു സൂചിപ്പിക്കുന്നത് പോലെ മേശപ്പുറം എങ്ങനെയാണോ ഉയര്‍ന്നു നില്‍ക്കുക അതുപോലെയായിരിക്കും ഈ റണ്‍വേകളും ഉയര്‍ന്നു നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പൈലറ്റിന്റെ ശ്രദ്ധ അല്‍പ്പമൊന്ന് തെറ്റിയാല്‍ വിമാനം താഴേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണ്. പൈലറ്റുമാരുടെ പേടി സ്വപ്നം എന്നാണ് ഇത്തരം വിമാനത്താവളങ്ങളെക്കുറിച്ച് പൊതുവേ പറയാറുള്ളത്.

ഇന്ത്യയില്‍ കരിപ്പൂര്‍ വിമാനത്താവളം മാത്രമല്ല മംഗലാപുരം (മംഗളൂരു), ഷിംല, മിസോറാമിലെ ലെങ്പൊയി, സിക്കിമിലെ പാക്യോങ് എന്നിവ ഇത്തരത്തിലുള്ള വിമാനത്താവളങ്ങളാണ്. 2010ല്‍ മംഗലാപുരത്തുണ്ടായ വിമാനപകടത്തിന് കാരണങ്ങളില്‍ ഒന്ന് ടേബിള്‍ടോപ്പ് റണ്‍വേയാണ് എന്നൊരു ആക്ഷേപം അന്ന് ഉയര്‍ന്നുവന്നിരുന്നു. അതേസമയം കരിപ്പൂരിലെ അപകടത്തിന്റെ കാരണം റണ്‍വെയാണോ എന്ന കാര്യത്തില്‍ ഇതുവരെയുള്ള അന്വേഷണങ്ങളില്‍ നിന്നും വ്യക്തത ലഭിച്ചിട്ടില്ല.

പൈലറ്റിന്റെ ഭാഗത്തുനിന്ന് വലിയ ശ്രദ്ധയും സാങ്കേതികത്തികവും ടേബിള്‍ ടോപ് ലാന്‍ഡിംഗുകള്‍ക്ക് ആവശ്യമുണ്ട്. ഉയര്‍ന്ന പേയ് ലോഡും വേണ്ടത്ര 'സ്ലോ ഡൌണ്‍ ഡിസ്റ്റന്‍സും' ഇല്ലാതെ ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ വിമാനത്തെ ഹാള്‍ട്ടിലേക്ക് കൊണ്ടുവരിക പ്രയാസമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ തന്നെ പറയുന്നത്.

ഇനി മോശം കാലാവസ്ഥ കാരണമുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് മാത്രമല്ല ടേബിള്‍ ടോപ്പ് ലാന്റിങ്ങിനെ ബാധിക്കാറുള്ളത്. ലാന്റിങ്ങുകളില്‍ ഒപ്റ്റിക്കല്‍ ഇല്ല്യൂഷനുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതായത് റണ്‍വേയ്ക്ക് ശരിക്കും ഉള്ളതില്‍ കൂടുതല്‍ നീളം തോന്നിക്കുന്ന പ്രതിഭാസമാണ് ഈ 'ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍' അഥവാ മായ കാഴ്ച എന്നു പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ലാന്റിങ്ങുകള്‍ക്ക് പൈലറ്റിന്റെ ഭാഗത്തു നിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമാണ്.



Next Story

Related Stories