TopTop
Begin typing your search above and press return to search.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടിയുള്ള 'വൈറ്റ് ബോര്‍ഡ്' പദ്ധതിയ്ക്ക് തുടക്കം

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടിയുള്ള വൈറ്റ് ബോര്‍ഡ് പദ്ധതിയ്ക്ക് തുടക്കം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള പഠന പിന്തുണാ സംവിധാനം ഒരുങ്ങി. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതുവിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിക്ടേഴ്‌സ് ചാനല്‍ വഴി ജൂണ്‍/ ജൂലായ് മാസങ്ങളിലെ പാഠഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്ത് വരികയാണ്. 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി നല്‍കുന്ന പഠനവിഭവങ്ങള്‍ 1.25 ലക്ഷത്തോളം വരുന്ന ഭിന്നശേഷി കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും പരിപൂര്‍ണ്ണമായും അനുയോജ്യമല്ല. പ്രത്യേക പരിഗണന ആവശ്യമുള്ള ഈ കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം വിഭാവനം ചെയ്ത് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സവിശേഷ പദ്ധതിയാണ് 'വൈറ്റ് ബോര്‍ഡ് '.

സമഗ്ര ശിക്ഷാ കേരളയുടെ കീഴില്‍ പ്രവത്തിച്ചുവരുന്ന 2500-ഓളം റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണനയും പഠന പിന്തുണയും ആവശ്യമുള്ള കുട്ടികളുടെ വീടുകളില്‍ നേരിട്ടുചെന്ന് പഠനോപകരണങ്ങളുടെയും വര്‍ക്ക് ഷീറ്റുകളുടെയും സഹായത്തോടെ അനുയോജ്യമായ പഠന പിന്തുണ ഉറപ്പുവരുത്തുന്നു.

ആദ്യഘട്ടമെന്ന നിലയില്‍ 1 മുതല്‍ 7വരെ ക്ലാസുകളിലേക്കായി വിക്ടേഴ്‌സ് ചാനല്‍വഴി സംപ്രേക്ഷണം ചെയ്ത പാഠഭാഗങ്ങള്‍ വിവിധ ഭിന്നശേഷി വിഭാഗകാര്‍ക്കായി (കാഴ്ച പരിമിതി, കേള്‍വി പരിമിതി, ബുദ്ധി പരിമിതി, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, പഠനവൈകല്യം) അനുരൂപീകരിച്ച് പ്രാദേശിക വാട്‌സാപ്പ്/ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ റിസോഴ്‌സ് അധ്യാപകര്‍ വിനിമയം ചെയ്തുകൊടുക്കുന്നു. വിവിധ ഭിന്നശേഷീ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ വീഡിയോകള്‍ SCERTയുടെ സഹായത്തോടെ മെച്ചപ്പെടുത്തി ടെലിഗ്രാം ഗ്രൂപ്പുവഴി മുഴുവന്‍ റിസോഴ്‌സ് അധ്യാപകരിലും എത്തിക്കുന്നു. ബി ആര്‍ സിതലത്തില്‍ റിസോഴ്‌സ് അധ്യാപകര്‍ രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ ഓരോ ഭിന്നശേഷികുട്ടിക്കും അനുയോജ്യമായ പഠനവിഭവങ്ങള്‍ ഓരോ ഭിന്നശേഷികുട്ടികളുടെ കൈകളിലും എത്തിക്കുന്നു.

രക്ഷിതാക്കളും, അധ്യാപകരും, റിസോഴ്‌സ് അധ്യാപകരും ഉള്‍പ്പെട്ട ഈ കൂട്ടായ്മ ഓരോ കുട്ടിയ്ക്കും വേണ്ട പഠനപിന്തുണാ സംവിധാനമൊരുക്കുന്നു.

സെക്കന്ററി വിഭാഗം കുട്ടികളെയും ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കേരളത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വൈറ്റ് ബോര്‍ഡ് പദ്ധതി മുഖാന്തരം വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കും.


Next Story

Related Stories