TopTop
Begin typing your search above and press return to search.

VIDEO: വണ്ടിത്തടത്തെ അജേഷ് മറ്റൊരു മധു, ആൾക്കൂട്ടക്കൊലയുടെ കേരളം

VIDEO: വണ്ടിത്തടത്തെ അജേഷ് മറ്റൊരു മധു, ആൾക്കൂട്ടക്കൊലയുടെ കേരളം

ആള്‍ക്കൂട്ടക്കൊലകള്‍ക്ക് എതിരെ ശക്തമായി ശബ്ദം ഉയര്‍ത്തിയിരുന്ന കേരള ജനതയ്ക്ക് ഏറ്റ കളങ്കമായിരുന്നു അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിന്റെ കൊലപാതകം. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ 27 കാരനായ മധുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്. പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി യുവാവ് മരണത്തിന് കീഴടങ്ങി.

മോഷണക്കുറ്റം ആരോപിച്ച് കാട് കയറിയ ആള്‍ക്കൂട്ടം മാനസികാസ്വസ്ഥ്യമുള്ള മധുവിനെ മര്‍ദ്ദിക്കുക മാത്രമല്ല കൈകള്‍ കൂട്ടിക്കെട്ടി അയാളുടെ ഒപ്പം സെല്‍ഫിയും എടുത്തു. എന്നാല്‍ ആ 'മോഷ്ടാവി'ന്റെ തുണിക്കെട്ടിനുള്ളില്‍ ഒരു പായ്ക്കറ്റ് മല്ലിപ്പൊടി മാത്രമായിരുന്നു.

സമാനമാണ് തിരുവനന്തപുരത്തെ അജേഷ് എന്ന യുവാവിന്റെയും അനുഭവം. നാല്‍പതിനായിരം രൂപയും മൊബൈൽ ഫോണുകളും നഷ്ടപെട്ടെന്ന മലപ്പുറം സ്വദേശിയായ യാത്രക്കാരന്റെ ക്വട്ടേഷൻ‌ ഏറ്റെടുത്താണ് തമ്പാനൂരിലെ ഒരു സംഘം ഓട്ടോ ഡ്രൈവർമാർ തിരുവല്ലത്തെ അജേഷ് എന്ന യുവാവിനെ തിരഞ്ഞ് പിടിക്കുന്നത്. കാതിൽ കമ്മലിട്ട ഒരു വ്യക്തിയാണ് മോഷണത്തിന് പിന്നിൽ എന്ന നിഗമനമായിരുന്നു 'മുടിൽ ചായം തേച്ച്, കാതുകളിൽ ഒന്നിലധികം കമ്മലുകൾ തൂക്കിയ' അജേഷിലേക്ക് അവരെ എത്തിച്ചതും.

തിരുവല്ലത്തിനടുത്തുള്ള വണ്ടിത്തടം എന്ന ചെറിയ കവലയിൽ വച്ചായിരുന്നു സംഘം അജേഷിനെ കണ്ടെത്തുന്നത്. അവിടെ ആരംഭിച്ച മർദ്ദനവും പീഡനവും തനിച്ച് താമസിച്ച് വന്നിരുന്ന യുവാവിന്റെ വീട്ടിൽ എത്തിച്ചും തുടർന്നു. പ്രാകൃതമായിരുന്നു ആ വീട്ടിൽ അരങ്ങേറിയ സംഭവങ്ങൾ‌. തലകീഴാക്കി കെട്ടിത്തൂക്കി മർ‌ദ്ദിക്കുക. ഇരുമ്പ് ചുടാക്കി ജനനേന്ദ്രയത്തിൽ ഉൾപ്പെടെ പൊള്ളിക്കുക. ശരീരത്തിൽ സൂചികയറ്റുക, ചൂടാക്കിയ കത്തി കൊണ്ട് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുക, മുറിവിൽ മുളക് അരച്ച് പുരട്ടുക തുടങ്ങി അതിക്രൂരമായിരുന്നു പീഡനങ്ങൾ. അജേഷിനെ മർദ്ദിക്കാൻ വടി വെട്ടിയ മുള ഇപ്പോഴും ആ വീടിന് സമീപം ബാക്കി നിൽപ്പുണ്ട്.

പ്രബുദ്ധ ജനത എന്ന് അഭിമാനം കൊള്ളുന്ന കേരള ജനത ഉത്തരം പറയേണ്ട രണ്ട് ചോദ്യങ്ങളാണ് അട്ടപ്പാടിയിലെ മധുവിന്റെയും തിരുവനന്തപുരത്തെ അജേഷിന്റെയും സംഭവങ്ങൾ. ഒരു മനുഷ്യന്റെ രൂപവും സാമൂഹിക പശ്ചാത്തലവുമാണ് ഈ രണ്ടിടത്തും അക്രമികൾ ഇരയെ കുറ്റക്കാരൻ എന്ന് വിധിക്കാൻ ഇടയാക്കിയത്. 2018 ഫെബ്രുവരിയിൽ അട്ടപാടിയിൽ നിന്ന് 2019 ഡിസംബറിൽ വണ്ടിത്തടത്ത് എത്തുമ്പോൾ‌ ആക്രമവാസനയും ക്രൂരതയും പതിൻ മടങ്ങ് വർധിക്കുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യകമാണ്.


Next Story

Related Stories