Top

ട്യൂബ് ലൈറ്റ്: യുദ്ധം, ദേശീയത പിന്നെ വടക്കു കിഴക്കന്‍ രാഷ്ട്രീയവും

ട്യൂബ് ലൈറ്റ്: യുദ്ധം, ദേശീയത പിന്നെ വടക്കു കിഴക്കന്‍ രാഷ്ട്രീയവും
ബജ്രംഗി ബായ്ജനിനു ശേഷം കബീർ ഖാൻ - സൽമാൻ ഖാൻ ടീം ഒന്നിക്കുന്ന സിനിമയാണ് ട്യൂബ് ലൈറ്റ്. ബോളിവുഡിൽ നിന്നുള്ള ആദ്യ ഈദ് റിലീസാണിത്. വൻ ഹിറ്റായ സുൽത്താന് ശേഷം ഉള്ള സൽമാന്റെ പ്രതീക്ഷയാണിത്. സൽമാൻ ഖാൻ-സുഹൈൽ ഖാൻ ടീം ആണ് ലീഡ് റോളുകളിൽ.

ട്യൂബ് ലൈറ്റ് എന്ന് കളിയാക്കി വിളിക്കപ്പെടുന്ന മനുഷ്യരുണ്ട്. സൽമാൻ ഖാന്റെ ലക്ഷ്മൺ ഇത്തരമൊരു കഥാപാത്രമാണ്. അനുജൻ ഭരതാണ് (സുഹൈൽ ഖാൻ) ലക്ഷ്മണിന്റെ ആത്മവിശ്വാസവും ധൈര്യവുമെല്ലാം. ഇവർ തമ്മിലുള്ള തീവ്രമായ സ്നേഹ ബന്ധത്തിലാണ് ട്യൂബ് ലൈറ്റ് തുടങ്ങുന്നത്. ഹിമാലയത്തിനടുത്തുള്ള മലയോര ഗ്രാമത്തിൽ കഥ നടക്കുന്നു. 1962 ലെ ചൈന - ഇന്ത്യൻ അതിർത്തി യുദ്ധ പശ്ചാത്തലത്തിലാണ് ഈ സിനിമ. ഭരത് ഇന്ത്യൻ സേനയിൽ അടിയന്തര രാജ്യ സേവനത്തിനു പോകുന്നു. കലാപ കലുഷിതമായ ആ അന്തരീക്ഷത്തിൽ ലക്ഷ്മണ്‍ ഭരതിന്റെ തിരിച്ചുവരവിനായി നടത്തുന്ന കാത്തിരിപ്പും അയാളെ തേടിയുള്ള അന്വേഷണവുമൊക്കെയാണ് ട്യൂബ് ലൈറ്റ്.

യുദ്ധം, അതിർത്തി, ശത്രു എന്നെല്ലാം ഹിന്ദി സിനിമ സംസാരിക്കുമ്പോൾ പാക്കിസ്ഥാൻ എന്നൊരു ഏകധ്രുവ ചിന്തയിലേക്ക് പ്രേക്ഷകർ ചെന്നെത്തുന്നുണ്ട്. യുദ്ധം പശ്ചാത്തലമായ ഒരു ഇന്ത്യൻ സിനിമ എന്നു കേൾക്കുമ്പോഴെ പാക്കിസ്ഥാനി സാലേ എന്നാക്രോശിക്കുന്ന സൈനികന്റെ മുഖമാണ് പ്രേക്ഷക ചിന്തയിലേക്കെത്തുക. ഇതാദ്യമായാണെന്ന് തോന്നുന്നു ഒരു മുഖ്യധാരാ ബോളിവുഡ് സിനിമയ്ക്ക് ഇന്ത്യ - ചൈന സംഘർഷം പശ്ചാത്തലമാകുന്നത്. ഹിമാലയൻ അതിർത്തി തർക്കവും ദലൈലാമയ്ക്ക് അഭയം നൽകിയതു മുതലുള്ള കാരണങ്ങളുമൊന്നും സിനിമ ചർച്ച ചെയ്യുന്നില്ല. യുദ്ധം ഒരു പറ്റം മനുഷ്യരിലുണ്ടാക്കിയ അരക്ഷിതത്വവും അനാഥത്വവും മിഥ്യാധാരണയുമൊക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. രാജ്യം, പട്ടാളക്കാർ, യുദ്ധം, ചരിത്രം എന്നതിനപ്പുറം വ്യക്തി കേന്ദ്രിതമാണ് സിനിമ.വടക്കു കിഴക്കൻ സംസ്ഥാനങ്ങളോട്, ചൈനീസ് എന്ന് ഭൂരിപക്ഷം വിലയിരുത്തുന്ന മുഖച്ഛായയുള്ള മനുഷ്യരോടുള്ള മനോഭാവത്തെ പറ്റി സംസാരിക്കുന്നുണ്ട് സിനിമ. പിങ്കിനു ശേഷം ആ വിഷയം തീവ്രമായി സംസാരിക്കുന്ന സിനിമ കൂടിയാണ് ട്യൂബ് ലൈറ്റ്. കുറച്ചു വ്യക്തികൾക്കിടയിൽ നടക്കുന്ന കഥയായി മനഃപൂർവമോ അല്ലാതെയോ കബീർ ഖാൻ അതിനെയൊക്കെ ചുരുക്കിയിട്ടുണ്ടെങ്കിലും ഒരു ഫെസ്റ്റിവൽ വൈഡ് റിലീസ് ഇതിനെയൊക്കെ അഡ്രസു ചെയ്യുന്നതു പോലും പുരോഗമനപരമാണ്. ചൈനീസ് മോഡൽ സു സു (Zhu Zhu) ആണ് ഫീമെയിൽ ലീഡ്. 'ചീനി' എന്ന് വിളിച്ച് കളിയാക്കുന്നതും തല്ലിച്ചതയ്ക്കുന്നതും എല്ലാ പൊതുവിടങ്ങളിലും ബഹിഷ്കരിക്കാൻ ശ്രമിക്കുന്നതും സിനിമ സംസാരിച്ചു പോകുന്നുണ്ട്. സാന്നിധ്യവും ഇടപെടലും കൊണ്ട് പൊതുബോധങ്ങളെ തിരുത്താം എന്ന ലളിത യുക്തിയാണ് പ്രയോഗിച്ചിട്ടുള്ളത്.

ഒരു സൽമാൻ ഫാമിലി ഡ്രാമക്കുള്ള പശ്ചാത്തലമായി യുദ്ധത്തെ ഉപയോഗിക്കുന്നു. ആ തന്ത്രം വിജയമോ പരാജയമോ എന്നുള്ളത് കാഴ്ച്ചക്കാരുടെ വ്യക്തിപരമായ ഇടത്തു നിന്നേ തീരുമാനിക്കാനാവൂ. പക്ഷെ കമേഴ്സ്യൽ വിജയത്തിനു വേണ്ടി സിനിമ ഉപയോഗിച്ച തന്ത്രങ്ങൾ പാളിപ്പോകാനുള്ള സാധ്യത ഉള്ളവയാണ്. ഷാറൂഖ് ഖാന്റെ അതിഥി റോൾ പ്രേക്ഷകരെ സ്പർശിക്കാതെ ഒരിടത്തു വന്നു പോകുന്നുണ്ട്. സിനിമയുടെ പല രംഗങ്ങളും വലിച്ചു നീട്ടി കൊണ്ടു പോകുന്നു. രണ്ടാം പകുതിയിലെ പല രംഗങ്ങളും പ്രവചിക്കാവുന്നവയാണ്. പാട്ടുകളുടെ അതിപ്രസരം ആസ്വാദ്യതയ്ക്കു മങ്ങലേൽപ്പിക്കാം. സൽമാൻ കഥാപാത്രം ആവർത്തനങ്ങൾ നിരവധിയുണ്ടായ ഒന്നാണ്. താരങ്ങളുടെ പ്രകടനം സിനിമയോടിണങ്ങി നിന്നു. ഓംപുരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമയാണിത്.

സൂക്ഷ്മ രാഷ്ട്രീയ വിശകലനത്തിൽ ദേശിയതാ വാദമൊക്കെ സിനിമക്കുള്ളിലുണ്ട്. അരാഷ്ട്രീയമായാണ് രാജ്യതന്ത്ര വിഷയത്തെ കൈകാര്യം ചെയ്തിട്ടുള്ളത്. മനുഷ്യത്വം, ആർദ്രത, ഇത്തിരി മെലൊഡ്രാമ ഒക്കെ കലർന്ന കബീർ ഖാൻ മേക്കിങ്ങ് രീതി ഇഷ്ടമുള്ളവരെ പക്ഷെ ട്യൂബ് ലൈറ്റ് ബോറടിപ്പിക്കില്ല

Next Story

Related Stories