TopTop
Begin typing your search above and press return to search.

അനുരാഗം ചുണ്ടുകൾ കോർക്കും, സൗഹൃദം വൈൻ പകരും; ആരുണ്ട് ആഷിഖ് അബുവിനെ തൊടാൻ?

അനുരാഗം ചുണ്ടുകൾ കോർക്കും, സൗഹൃദം വൈൻ പകരും; ആരുണ്ട് ആഷിഖ് അബുവിനെ തൊടാൻ?

പിന്നെയും മായാനദിയെ കുറിച്ചോ എന്ന് ചോദിക്കാൻ വരട്ടെ. സിനിമയെ സിനിമയായി സമീപിക്കാതെ വ്യക്ത്യധിഷ്ഠിത ആക്രമണങ്ങൾ അനാരോഗ്യപരമായി തുടരുമ്പോൾ എഴുത്തല്ലാതെ പ്രതിരോധത്തിന് മറ്റെന്ത് മാർഗ്ഗം എന്ന മറുചോദ്യമാണ് മറുപടി.

ഓർക്കുന്നുണ്ടോ, മലയാള സിനിമ ശൈലീമാറ്റത്തിന് തുടക്കമിട്ട കാലം. നഗര കാന്താരത്തിലെ പെൺ ജീവിതത്തിൽ ദൃശ്യമായ മാറ്റങ്ങളും അതിൽ സ്വാഭാവികമായി പ്രതിഫലിക്കപ്പെട്ടു. അപ്പോഴേക്കും വിമർശനം ഉയർന്നു. സ്ത്രീകൾ മദ്യപിക്കുന്നതൊക്കെ സിനിമയിൽ കാണിക്കാമോ, ഇതൊക്കെ പുതിയ തലമുറയെ വഴിതെറ്റിക്കുന്നതല്ലേ എന്നായിരുന്നു ചോദ്യം. കഞ്ചാവടിച്ച് സിനിമയെടുക്കുന്നവർ എന്ന ആരോപണവും സമാന്തരമായി ഉയർന്നു. സിനിമ മുന്നോട്ടുവെച്ച നവകാല പ്രമേയ വ്യതിയാനങ്ങളെ പഠിക്കാതെ ഉപരിപ്ളവമായ വിമർശനങ്ങൾ മാത്രമായിരുന്നു അവ. ആണിന് മദ്യപിക്കാമെങ്കിൽ പെണ്ണിനും അതാകാം എന്ന് വിശ്വസിക്കുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നവർ ഏറെയുള്ള ഒരു സമൂഹം ഉൽപാദിപ്പിക്കുന്ന സിനിമകളിൽ ആ കാഴ്ചകൾ കലരുന്നതിൽ എന്താണ് കുഴപ്പം എന്നാണ് എതിർചോദ്യം. കാലത്തെയാണല്ലോ സിനിമ പകർത്തി വെക്കുക. ആൺ സുഹൃത്തുക്കൾക്കൊപ്പവും അല്ലാതെയും പെൺകൂട്ടത്തിനിടയിലും സൗഹൃദങ്ങളുടെ സമ്മേളനങ്ങളിൽ ഒരു ബിയർ രുചിക്കുന്ന പെൺകുട്ടികൾ കുറവല്ല. സ്വകാര്യമായി മുറികളിൽ മാത്രമല്ല, തിരുവനന്തപുരത്തെയും കൊച്ചിയിലെയും ബാറുകളിൽ പോലും ഇത്തരം കൂടിച്ചേരലുകൾ പലപ്പോഴും കാണാം. അപ്പോൾ പിന്നെ, പുതിയ കാലം ഇതായിരിക്കെ ആ കാലത്തെ സിനിമയിൽ കൊത്തിവെക്കുന്നതിൽ എന്താണ് തെറ്റ് എന്നത് കൂടിയാണ് എതിർചോദ്യം.

മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകാത്തവർ ഉറങ്ങി കിടപ്പുണ്ട് ഏതു കാലത്തും സമൂഹത്തിൽ. അവസരം വരുമ്പോൾ ഇവർ ഉണരുകയും പിറുപിറുക്കുകയും ചെയ്യും. അത്തരം അപസ്വരങ്ങളാണ് മായാനദിക്കെതിരെയും ആഷിഖ് അബുവിനെതിരെയും ആവർത്തിച്ച് ഉയരുന്നത്.

http://www.azhimukham.com/trending-aashiq-says-about-the-social-media-attack-against-him-and-his-movie/

മൂന്ന് രംഗങ്ങളിലാണ് മൂപ്പന്മാർക്ക് മുറുമുറുക്കൽ.

1. അപു മാത്തനൊപ്പം സെക്സിന് മുൻകയ്യെടുക്കുന്ന സീൻ.

2. ആവർത്തിച്ചുള്ള ലിപ് ലോക്ക്.

3. അപുവും കൂട്ടുകാരികളും ചേർന്നുള്ള ബാൽക്കണിയിലെ വൈനടി.

http://www.azhimukham.com/cinema-seeing-film-is-a-political-activity-writes-sirajsha-on-mayaanadhi/

രണ്ടെണ്ണം അടിച്ചു വരുന്ന ആണിന് ആസക്തി തീർക്കാൻ കിടപ്പറയിൽ കാത്തിരിക്കുന്നവളും പെറ്റുകൂട്ടാൻ ഉള്ളവളും മാത്രമായി പെണ്ണിനെ ചിത്രീകരിച്ച പഴയകാല പ്രമേയ പരിസരങ്ങളിൽ നിന്നുള്ള കുതറിമാറലാണ്, സെക്സിൽ സമത്വം പ്രഖ്യാപിക്കലാണ് അപു മാത്തൻ ചുംബന, ഇണ ചേരൽ രംഗങ്ങൾ. അത്രയും മനോഹരമായി അടുത്ത കാലത്തൊന്നും ഇങ്ങിനെയൊന്ന് കണ്ടിട്ടുമില്ല. അതിനാൽ ആഷിഖിനും ഐശ്വര്യ ലക്ഷ്മിക്കും ടൊവിനോക്കും നിറഞ്ഞ മനസ്സോടെ കയ്യടി. എല്ലാം കാണണം എന്നാഗ്രഹിക്കുകയും തിയ്യേറ്ററിൽ നിന്ന് പുറത്തിറങ്ങി ഇങ്ങിനെയൊക്കെ സിനിമയിൽ ആകാമോ എന്ന് ചോദിച്ച് പുരികം ചുളിക്കുകയും ചെയ്യുന്നവരോട് പുച്ഛം. പിന്നെ, ബാൽക്കണിയിലെ വൈൻ കഴിച്ചുള്ള പാട്ടും കഥ പറച്ചിലും. സിനിമയിലെ ഏറ്റവും മനോഹരമായ സീനുകളിൽ ഒന്ന്. ബാറിൽ പോയി പോലും പെൺകുട്ടികൾ മദ്യപിക്കുന്ന കാലത്ത് ആ വൈനിൽ അഹിതമായി ഒന്നും കാണേണ്ടതില്ല എന്ന് ആമുഖമായി തന്നെ സൂചിപ്പിച്ചിരുന്നല്ലോ, അതാണ് അതിനുള്ള മറുപടിയും.

ആയതിനാൽ, മേൽപ്പറഞ്ഞ കാരണങ്ങളാൽ മായാനദിയെ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്നവരുടെ ലക്ഷ്യം എന്തെന്ന് വിശദീകരിക്കാതെ തന്നെ വ്യക്തം. മായാനദി കാണുന്നില്ല എന്ന് തീരുമാനിക്കുമ്പോൾ ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്ന് കാണുന്നില്ല എന്ന് കൂടിയാണ് ഒരാൾ തീരുമാനിക്കുന്നത്. നഷ്ടം സംഭവിക്കുന്നത് അയാൾക്ക് മാത്രം. അനുരാഗം ഇനിയും ചുണ്ടുകൾ കോർക്കും, സൗഹൃദം ഇനിയും വൈൻ പകരും, ആരുണ്ട് അതെല്ലാം തടയാൻ, ആരുണ്ട് ആഷിഖ് അബുവിനെ തൊടാൻ എന്ന ചോദ്യത്തോടെ ഉപസംഹാരം.

http://www.azhimukham.com/cinema-tovino-tomas-says-to-mayanadhi-boycotting-team-that-you-defeating-the-art-cinema/


Next Story

Related Stories