TopTop
Begin typing your search above and press return to search.

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു 2017. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സിനിമയിലെ ആണധികാര ധാര്‍ഷ്ട്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടും തുല്യനീതി ആവശ്യപ്പെട്ടും രൂപീകരിക്കപ്പെട്ട 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്'. വര്‍ഷാവസാനത്തില്‍ ഡബ്ല്യുസിസി എന്താണ് എന്നു പരിശോധിക്കുകയാണ് ഇവിടെ.

ഫെബ്രുവരി 19നാണ് പ്രമുഖ നടി കൊച്ചിയില്‍ അതിക്രൂരമായ ആക്രമണത്തിനിരയാവുന്നത്. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. സംഭവമുണ്ടായി രണ്ട് ദിവസത്തിനകം തന്നെ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ' യോഗം ചേര്‍ന്ന് സഹപ്രവര്‍ത്തക നേരിട്ട അക്രമത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് 'അമ്മ'യിലെ ആണധികാര കേന്ദ്രങ്ങളില്‍ നിന്ന് ഒരു പ്രഖ്യാപനമുണ്ടായി. 'രാത്രി നടിമാര്‍ ഒറ്റക്ക് യാത്ര ചെയ്യേണ്ട' എന്ന്. പറയുന്നതും ചര്‍ച്ചചെയ്യുന്നതും തൊഴിലെടുക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം. പക്ഷെ തീരുമാനിക്കുന്നത് രക്ഷകര്‍ത്താക്കള്‍ ചമയുന്ന ആങ്ങളമാരും. ആയിരക്കണക്കിന് സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന സിനിമാ മേഖലയില്‍, സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ചുരുങ്ങിയത് ആ മേഖലയിലെ ഒന്നോ രണ്ടോ സ്ത്രീകളോടെങ്കിലും ചര്‍ച്ച ചെയ്തതിന് ശേഷം വേണമെന്ന സാമാന്യ മര്യാദ പോലും കാണിക്കാതെയുണ്ടായ ഒറ്റവാക്കിലുള്ള തീര്‍പ്പായിരുന്നു അത്. അരക്ഷിതമായ സാഹചര്യങ്ങളില്‍ രാവും പകലുമെന്നില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ആ തീരുമാനത്തിന് മുമ്പോ പിമ്പോ അവര്‍ക്കിടയില്‍ ചോദ്യമായതുമില്ല. തങ്ങള്‍കൂടി അംഗമായ താരസംഘടനയുടെ ആ 'രക്ഷാകര്‍തൃ' നിലപാടില്‍ നിന്നാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടത്തില്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ചോദ്യമായി ഉയര്‍ത്തിക്കൊണ്ടു വരാനും അതിന് പരിഹാരം കാണാനുമായി ഒരു കൂട്ടം വനിതകള്‍ ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ഇന്ത്യയില്‍ തന്നെ ആദ്യമായി വനിതാ സിനിമാപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ എന്ന ആശയം രൂപപ്പെടുന്നതും. ചരിത്രപരമെന്നോ വിപ്ലവകരമെന്നോ വിശേഷിപ്പിക്കാവുന്ന 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' ഉണ്ടാവുന്നതങ്ങനെയാണ്.

വനിതാ അഭിനേതാക്കളും സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും ഗായകരുമുള്‍പ്പെടെ 18 പേര്‍ ചേര്‍ന്ന് തുടങ്ങിയ സംഘടന. തൊഴിലിടത്തില്‍ വനിതകള്‍ക്ക് തുല്യമായ അവസരങ്ങളും നീതിയും ലഭ്യമാക്കാന്‍ പ്രയത്‌നിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഏതാനും വനിതകള്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് കീഴില്‍ സംഘടിച്ചത്. സംഘടന രൂപീകരിച്ചയുടന്‍, മലയാള സിനിമാ മേഖലയിയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ കളക്ടീവ് അംഗങ്ങളായ പതിനഞ്ച് പേര്‍ മുഖ്യമന്ത്രിയെ കണ്ടു. അന്നുമുതല്‍ക്കാണ് സംഘടന എന്ന നിലയ്ക്ക് ഡബ്ല്യുസിസി പൊതുശ്രദ്ധയാകര്‍ഷിക്കുന്നത്. കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സിനിമാ മേഖലയില്‍ തൊഴിലിടത്തിലെ ലൈംഗിക അതിക്രമങ്ങളെ വിശദീകരിക്കുന്ന വിശാഖ ഗൈഡ്‌ലൈന്‍ പലപ്പോഴും പര്യാപ്തമല്ലെന്നും അത്തരം പ്രശ്‌നങ്ങളെ നിയമപരമായി ചോദ്യം ചെയ്യാനുള്ള മാര്‍ഗരേഖകളൊന്നും തന്നെയില്ലെന്നും ഡബ്ല്യുസിസി പ്രശ്‌നമായി ഉന്നയിച്ചു. നടന്‍മാരേക്കാള്‍ കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യേണ്ട അവസ്ഥ, വനിതകളോടുള്ള വേര്‍തിരിവ്, എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം പഠിക്കേണ്ടതും പരിഹാരം കാണേണ്ടതുമാണെന്ന് അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ആ കൂടിക്കാഴ്ച ഫലം കണ്ടു. കൂടിക്കാഴ്ച കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഇന്ത്യയില്‍, ഒരു പക്ഷേ ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ സിനിമാ മേഖലയിലെ സ്ത്രീകളുടെ സാഹചര്യങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്. ഒരര്‍ഥത്തില്‍ ഇതായിരുന്നു ഡബ്ല്യുസിസി എന്ന സംഘടനയുടെ ആദ്യ വിജയം.

http://www.azhimukham.com/film-parvathy-best-actress-best-personality-rakeshsanal/

സംഘടനയായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് നവംബര്‍ ഒന്നിനായിരുന്നെങ്കിലും അതിനും മുമ്പേ തന്നെ ശക്തമായ അഭിപ്രായങ്ങളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും സമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ കൂട്ടായ്മയ്ക്കായി. 2017 ഒക്ടോബറില്‍ ഹാര്‍വി വിന്‍സ്റ്റീനെതിരെ ഹോളിവുഡ് നടി അലീസാ മിലാനോ തുടങ്ങിവച്ച 'മീ ടൂ' കാമ്പയിനിന്റെ ഭാഗമായി ലോകത്തും ഇന്ത്യയിലുമുള്ള നിരവധി അഭിനേതാക്കളും പ്രശസ്തരും ലൈംഗികഅതിക്രമങ്ങളുടെ വെളിപ്പെടുത്തലുമായി എത്തിയിരുന്നു. എന്നാല്‍ അതിന് മുമ്പേ തന്നെ മലയാള സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ ആരംഭിച്ചിരുന്നു. മലയാള സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി ഡബ്ല്യുസിസി അംഗം പാര്‍വതിയാണ് ആദ്യമെത്തിയത്. വേതനത്തിലും പൊതുവെയുമുള്ള വേര്‍തിരിവും, ലൈംഗികാതിക്രമങ്ങളുമെല്ലാം തുറന്നു പറയാന്‍ പലര്‍ക്കും ധൈര്യമായതും ഡബ്ല്യുസിസി ഉണ്ടാക്കിയ ഊര്‍ജ്ജമാണ്.

http://www.azhimukham.com/film-november-1st-most-impotant-day-in-my-life-rima-kallingal/

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 'അവള്‍ക്കൊപ്പം' എന്ന ഹാഷ്ടാഗില്‍ അവള്‍ക്കൊപ്പം തന്നെ നിന്ന ഡബ്ല്യുസിസിയാണ് ഒരുപരിധിവരെ കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. നടിക്കെതിരായ അക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ അമ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ നടി മഞ്ജുവാര്യരാണ് ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിക്കുന്നത്. പിന്നീട് ഈ ഗൂഢാലോചന അന്വേഷിക്കണമെന്നും അതിലുള്‍പ്പെട്ടവര്‍ക്ക് തക്കശിക്ഷ നല്‍കണമെന്നും ഡബ്ല്യുസിസി നിരന്തരം ആവശ്യമുന്നയിച്ചുകൊണ്ടേയിരുന്നു. ദിലീപ് വിഷയത്തില്‍ ശക്തമായ നിലപാടെടുക്കുന്ന ഡബ്ല്യുസിസി അംഗങ്ങളെയാണ് പിന്നീട് കണ്ടത്. കേസിലുള്‍പ്പെട്ട താരസംഘടനയിലെ പ്രമുഖനെതിരെ ശബ്ദിക്കുന്നതിന് പകരം, തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കാണ് ആക്രമണം നേരിട്ടത് എന്ന യാഥാര്‍ഥ്യം പോലും മനപ്പൂര്‍വ്വം മറന്നുകൊണ്ട് അമ്മയുടെ ഭൂരിഭാഗം അംഗങ്ങളും പ്രതിയായ നടനെ പിന്തുണച്ചു. സഹപ്രവര്‍ത്തകയ്ക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട ഡബ്ല്യുസിസി അംഗങ്ങളെ ഉള്‍പ്പെടെ കൂവിത്തോല്‍പ്പിക്കുന്ന താരസംഘടനാ പ്രതിനിധികളേയും കേരളം കണ്ടു. അത്തരം ആണ്‍കോയ്മ നിലനിര്‍ത്തുന്ന ഘടനകളോട് കലഹിച്ചുകൊണ്ടും സ്ത്രീസമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്തവരെ ചോദ്യം ചെയ്തുകൊണ്ടുമാണ് 'അവള്‍ക്കൊപ്പം' പുതിയ വനിതാ കൂട്ടായ്മ നിന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ വേദിയില്‍ അവള്‍ക്കൊപ്പം എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നിന്ന റിമ കല്ലിങ്കല്‍ സംസാരിച്ചതും പരിഷ്‌കൃത സമൂഹം എന്ന ഊറ്റം കൊള്ളുന്ന കേരളത്തിലെ ആണധികാര കേന്ദ്രങ്ങളോടാണ്. പക്ഷെ സംഘടനാ പ്രവര്‍ത്തനത്തിന്റെയും അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിന്റെയും പേരില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്ന പ്രതിഷേധം ചില്ലറയല്ല. സോഷ്യല്‍ മീഡിയ വഴിയുള്ള പരിഹാസങ്ങള്‍ക്കും അസഭ്യവര്‍ഷത്തിനും പുറമെ ഇവരില്‍ പലരും സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. റിമ കല്ലിങ്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കും തന്നെപ്പോലുള്ളവര്‍ക്കും സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നു. 'ചിലര്‍ക്ക് റോള്‍ നഷ്ടപ്പെട്ടു, ചിലരെ ഒറ്റപ്പെടുത്തുന്നു. അതിനി ഒളിച്ചുവക്കേണ്ട കാര്യമൊന്നുമല്ല. എളുപ്പമാണ് സ്ത്രീകളെ ഒറ്റപ്പെടുത്താന്‍. കുറച്ചുപേരല്ലേ ഉള്ളൂ. അല്ലെങ്കിലും ഇവിടെ കോക്കസ് ഉണ്ട്, താപ്പാനകളുണ്ട്, അതുകൊണ്ട് എല്ലാവരും ഒന്നിച്ച് നിന്നേ പറ്റൂ. അത് ചിലരെ അസ്വസ്ഥമാക്കുന്നെങ്കില്‍ ആക്കട്ടെ' എന്നാണ് റിമ അഭിമുഖത്തില്‍ പറഞ്ഞത്.

http://www.azhimukham.com/rima-kallingal-reaction-male-domination-in-cinema-wcc/

ഡബ്ല്യുസിസി അംഗവും സംവിധായകയുമായ വിധുവിന്‍സന്റ് പറയുന്നു: "കഴിഞ്ഞ മെയ് മാസത്തിലാണ് മുഖ്യമന്ത്രിയെ കാണുന്നത്. അതിന് തൊട്ടുമുമ്പായാണ് ഇത്തരമൊരു സ്ത്രീ കൂട്ടായ്മ ആവശ്യമുണ്ടെന്ന തരത്തില്‍ ആലോചിക്കുന്നതും കുറച്ചധികമാളുകള്‍ ഒരുമിച്ച് വരുന്നതും. സിനിമയിലെ സ്ത്രീകളുടെ അവസ്ഥ പഠിക്കണം എന്നതായിരുന്നു അന്ന് മുന്നോട്ട് വച്ചിരുന്ന ആവശ്യങ്ങളില്‍ പ്രധാനം. നാളിതുവരെ അങ്ങനെയൊരു അവസ്ഥ അന്വേഷിക്കേണ്ടത് തന്നെയില്ല എന്ന മട്ടിലായിരുന്നു പോയിരുന്നത്. ഡബ്ല്യുസിസി ഉണ്ടായതിന് ശേഷം ഉണ്ടായിട്ടുള്ള പ്രഥമവും പ്രധാനവുമായ പ്രവൃത്തി എന്ന് ഞാന്‍ കരുതുന്നത് ഒരു പഠന കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ഇപ്പോള്‍ അതിന്റെ ആദ്യത്തെ സിറ്റിങ് കഴിഞ്ഞു. ഒരു സംഘടന രൂപീകരിക്കപ്പെടുന്നതും അതിന്റെ പശ്ചാത്തലവും നോക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട കാര്യം തന്നെയായിരുന്നു അത്. അതിനേക്കാള്‍ പ്രധാനപ്പെട്ട സംഗതിയാണ്, നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു പക്ഷേ കേസിന്റെ വഴിത്തിരിവാകുന്ന രണ്ടാംഘട്ട അന്വേഷണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഡബ്ല്യുസിസിയുടെ ഇടപെടലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.


ലോകസിനിമാ മേഖലയില്‍ തന്നെ വളരെയേറെ വെളിപ്പെടുത്തലുകളും സംവാദങ്ങളും വിവാദങ്ങളുമുണ്ടായ ഒരു വര്‍ഷമാണ് 2017. പക്ഷെ ആ വിവാദങ്ങള്‍ക്കൊക്കെ മുന്നെയാണ് മലയാള സിനിമയില്‍ അത് പൊട്ടിപ്പുറപ്പെടുന്നത്. ഇതാണ് ഞങ്ങള്‍ കടന്നുപോകുന്ന അവസ്ഥയെന്ന്, വിണ്ണിലെ താരങ്ങളായി നിന്നിരുന്നവര്‍ മണ്ണിലിറങ്ങി വന്ന സംസാരിക്കുകയാണ്. ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്, ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമെങ്കിലും ഞങ്ങള്‍ക്ക് തരൂ എന്ന് പറയാന്‍ തുടങ്ങിയ കാലം കൂടിയാണ്. ഇത് സംഭവിക്കുന്നത് മലയാള സിനിമയുടെ തൊണ്ണൂറാം വര്‍ഷമാണെന്നുള്ളത് ഒരു ചെറിയ കാര്യമല്ല. പ്രവര്‍ത്തനം ഏറ്റെടുത്ത പലരും പലതരത്തില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പലര്‍ക്കും റോളുകള്‍ കിട്ടാത്ത അവസ്ഥയുണ്ട്. ഫീല്‍ഡില്‍ നിന്ന് ഒറ്റപ്പെടുന്നുണ്ട്. അങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നതിനിടിയിലും നമ്മള്‍ ഇവിടെയുണ്ട് എന്ന് ഒച്ചകേള്‍പ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. പകരം സിനിമകള്‍ ചെയ്തുകൊണ്ടായിരിക്കാം ഇതിനെ മറികടക്കാന്‍ പോവുന്നത്. ഒരുപക്ഷേ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രൊഡക്ഷന്‍ സംഘങ്ങളും, ഡിസ്ട്രിബ്യൂഷന്‍ സംഘങ്ങളുമുണ്ടായേക്കാം. മലയാള സിനിമയുടെ നവതി ആഘോഷത്തെക്കുറിച്ച് ആലോചിക്കാന്‍ ചലച്ചിത്ര അക്കാദമി മറ്റെല്ലാ സിനിമാ സംഘടനകളേയും വിളിച്ചകൂട്ടത്തില്‍ ഡബ്ല്യുസിസിയേയും വിളിച്ചു. ഇതൊരു സിനിമാസംഘടനയായി സമൂഹം അംഗീകരിച്ച് തുടങ്ങി എന്നതാണ്."


http://www.azhimukham.com/trending-women-collective-statement-no-fear-we-should-continue-or-fight-against-male-chauvinism/

എന്നാല്‍, അവള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ നിന്ന് വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തനം സംഘടന എന്ന നിലയ്ക്ക് മുന്നോട്ട് പോയിട്ടില്ല എന്ന വിമര്‍ശനവും ഡബ്ല്യുസിസിക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്. സംഘടന തുടങ്ങിയപ്പോഴുണ്ടായിരുന്ന 18 പേരില്‍ നിന്ന് കൂടുതല്‍ പേരെ അംഗങ്ങളാക്കാനും കഴിഞ്ഞിട്ടില്ല എന്നത് പോരായ്മയാണെന്നാണ് വിമര്‍ശകരുടെ പക്ഷം. എന്നാല്‍, "
ഇത് ആളെക്കൂട്ടുന്ന സംഘടനയല്ല എന്ന് തുടക്കത്തില്‍ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. ആളെക്കൂട്ടി ജാഥയോ പ്രകടനമോ നടത്താനല്ല സംഘടനയുടെ ഉദ്ദേശം. ഉദ്ദേശം വളരെ കൃത്യമാണ്. അതിന് എത്ര ആളുകള്‍ ഉണ്ട് എന്നതിനേക്കാള്‍ ഒന്നിച്ച് നിന്ന് കാര്യങ്ങള്‍ വ്യക്തതയോടെ പറയാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുക എന്നതാണ് പ്രധാനം. പിന്നെ മറ്റൊരു കാര്യം, എന്ത് സഹകരണവും ഉണ്ടാവും എന്ന് വാഗ്ദാനം ചെയ്യുന്ന സ്ത്രീകള്‍ക്ക് പോലും സംഘടനയില്‍ അംഗങ്ങളാവാന്‍ ഭയമുണ്ട്. അത് അവരുടെ നിലനില്‍പ്പിന്റെ കാര്യം കൂടിയോര്‍ത്തുകൊണ്ടാണ്. പക്ഷെ അതെല്ലാം മാറി വരും എന്ന് തന്നെയാണ് വിശ്വാസം.ആശയപരമായി ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്ന സ്ത്രീകളെല്ലാം ആദ്യം ഒത്തുചേര്‍ന്നു എന്നുമാത്രമേയുള്ളൂ
", വിധു തുടര്‍ന്നു.

http://www.azhimukham.com/trending-kerala-film-controversy-parvathi-i-against-mamooty/

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ഫോറത്തില്‍ നടി പാര്‍വതി സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പാര്‍വതിക്കും പാര്‍വതിയെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ റിമ കല്ലിങ്കലിനും ഉണ്ടായ അനുഭവം ചിന്തിപ്പിക്കുന്നതാണ്. എന്നാല്‍ അത്തരം ആക്രമണങ്ങളെ ഭയന്ന് മിണ്ടാതിരിക്കാന്‍ സിനിമയിലെ ഒരു കൂട്ടം സ്ത്രീകള്‍ തയ്യാറല്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് പാര്‍വതിയുടേയും മറ്റുള്ളവരുടേയും തുടര്‍പ്രതികരണങ്ങളും. സിനിമയിലെ വനിതാ കൂട്ടായ്മയുടെ പോരാട്ടങ്ങളായി തന്നെയാണ് ഡബ്ല്യുസിസിയും അതിനെ സ്വീകരിച്ചിട്ടുള്ളത്.

അത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുന്നുണ്ട്, സംഘടനാ അംഗങ്ങളില്‍ നിന്ന് അത് ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും എന്നാണ് ഡബ്ല്യുസിസി അംഗം ബീനാ പോളിന്റെ അഭിപ്രായം.
"ഡബ്ല്യുസിസി ഇപ്പോള്‍ രൂപീകരിച്ചിട്ടേയുള്ളൂ. രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ട് കുറച്ച് ആഴ്ചകളേ ആയിട്ടുള്ളൂ. അംഗത്വം കൂട്ടുന്നത് പോലുള്ള കാര്യങ്ങളിലേക്ക് സംഘടന നീങ്ങുന്നതേയുള്ളൂ. പക്ഷെ അതൊന്നുമല്ല, ഇങ്ങനെയൊരു വിഷയം മുന്നോട്ട് കൊണ്ടുവരുന്നത് തന്നെയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. യഥാര്‍ഥത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതേയുള്ളൂ. ഇനി സംഘടനയുടെ വളര്‍ച്ച എങ്ങനെ, ഭാവി പരിപാടികള്‍ എന്തെല്ലാം എന്നൊക്കെ ഞങ്ങള്‍ ആലോചിക്കുന്നതേയുള്ളൂ.


http://www.azhimukham.com/wcc-against-ammas-stand-on-actress-attacking-case/

അങ്ങനെയിരിക്കുമ്പോള്‍ തന്നെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതി ഉന്നയിച്ച് വിഷയങ്ങള്‍ പോലുള്ളതെല്ലാം ഡബ്ല്യുസിസി ആക്ടിവിറ്റീസ് ആണ്. ആളുകള്‍ ഈ സംഘടനയെക്കുറിച്ചും അതിന്റെ വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും വലിയ രീതിയില്‍ സംസാരിക്കുന്നുണ്ട് എന്നത് തന്നെയാണ് വാസ്തവം. തുല്യനീതി, തുല്യവേതനം-ഇത്തരം കാര്യങ്ങളിലൊന്നും പരിഹാരം കാണാന്‍ ഞങ്ങള്‍ക്കൊറ്റക്ക് സാധിക്കില്ല. അതിന് മറ്റ് സംഘടനകളുമായുമൊക്കെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സിനിമയിലെ സ്ത്രീകള്‍ തന്നെ പലരും സംഘടനയെ വിമര്‍ശിക്കുന്നുണ്ട്. അവര്‍ കരുതുന്നത് സ്ത്രീകള്‍ക്ക് അധികാരവും സ്ഥാനവും ലഭിക്കണമെന്നാണ് ഞങ്ങള്‍ പറയുന്നതെന്നാണ്. യഥാര്‍ഥത്തില്‍ സിനിമാ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണം മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഡബ്ല്യുസിസി സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കുമുള്ള ഒരു വേദിയും സംഘടനയുമാണെന്ന് ഒരിക്കല്‍ എല്ലാവര്‍ക്കും മനസ്സിലാവും. അത്തരമൊരു മനസ്സിലാക്കല്‍ വരുന്നത് വരെ ഇത്തരം വിമര്‍ശനങ്ങളുണ്ടാവും. ഏത് വനിതാ സംഘടനകളുടേയും തുടക്കവും വളര്‍ച്ചയുമെടുത്ത് പരിശോധിച്ചാല്‍ അത് മനസ്സിലാവും. സ്ത്രീകള്‍ക്ക് ഇത് മനസ്സിലാവാത്തിടത്തോളം കാലം അവര്‍ ഇതിലേക്ക് വരാന്‍ സമയമെടുക്കും. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് നല്ല ധാരണയുമുണ്ട്. പിന്നെ, ഒന്നുമില്ലാത്ത വലിയ ഒരു സംഘടന ഉണ്ടാക്കുന്നതിലും നല്ലത് എന്ന് ഞങ്ങള്‍ക്ക് തോന്നിയത്, ഒരു കോര്‍ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങള്‍ സംഘടന തുടങ്ങിയിട്ട് പിന്നീട് അതിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതാണെന്നാണ്. വിമര്‍ശനങ്ങളെ മുഖവിലക്കെടുക്കേണ്ടതില്ല. കാരണം ഞങ്ങള്‍ ഉന്നയിക്കുന്ന വിഷയമാണ് അതിലും പ്രധാനപ്പെട്ടത്. അവള്‍ക്കൊപ്പം കാമ്പയിന്‍ ആയാലും, ഓപ്പണ്‍ ഫോറത്തിലെ ചര്‍ച്ചകളായാലും ഡബ്ല്യുസിസി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ്.


ഞങ്ങള്‍ ഒരു യാത്ര തുടങ്ങിയിട്ടേയുള്ളൂ. അതാണ് ആര്‍ക്കും മനസ്സിലാവാത്ത ഒരു കാര്യം. പ്രവര്‍ത്തനം ഏത് രീതിയിലായിരിക്കണം, ആരുടെ കൂടെ ചേരണം, സെക്രട്ടറി, പ്രസിഡന്റ് എന്നിങ്ങനെ ഒരു 'ട്രീ സ്ട്രക്ചര്‍' വേണോ അതോ ഹൈറാര്‍ക്കിയില്ലാതെ ഞങ്ങള്‍ ഒരു കളക്ടീവ് എന്ന രീതിയില്‍ നി്ല്‍ക്കണോ തുടങ്ങി പല കാര്യങ്ങളില്‍ ഞങ്ങള്‍ തന്നെ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. എല്ലാ സ്ത്രീകള്‍ക്കും കടന്നുവരാനും ഹൈറാര്‍ക്കിയില്ലാതെ സംസാരിക്കാനുമെല്ലാം കഴിയുന്ന ഒരു സംവിധാനം സാധ്യമാണോ എന്ന കാര്യം ആലോചിക്കണം. വിശ്വാസം നേടിയെടുക്കുക എന്നത്, അരികുവത്ക്കരിക്കപ്പെട്ട ഏത് ജനതയുടേയും പോരാട്ടത്തിലെ പ്രതിസന്ധിയാണ്. ഞാനൊക്കെ, കുറേ വര്‍ഷങ്ങളായി പലതും അനുഭവിക്കുന്നു. അതില്‍ പലതിനെതിരെയും പ്രതികരിച്ചിട്ടുണ്ട്, പലതും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഒന്നിനും മാറ്റമുണ്ടായില്ല. പക്ഷെ ഡബ്ല്യുസിസി വരുമ്പോള്‍ എനിക്ക് തന്നെ എല്ലാം പറയാനും ആവശ്യപ്പെടാനുമെല്ലാം ഒരു ധൈര്യം വന്നിട്ടുണ്ട്. അത് എല്ലാവരിലേക്കും എത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്."


http://www.azhimukham.com/film-women-collective-in-cinema-organisation-for-female-cinema-workers-malayalam-industry/

ഇതേവരെ സംഘടിച്ചിട്ടില്ലാത്ത ഒരു വിഭാഗം സംഘടിക്കുമ്പോള്‍ ഉണ്ടാവുന്ന തുടക്കദശയിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഡബ്ല്യുസിസിയും അനുഭവിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ തന്നെ അത് ഉയര്‍ത്തിവിട്ട ചോദ്യങ്ങളും അടിസ്ഥാന പ്രശ്‌നങ്ങളും കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍ ആര്‍ക്കുമാവില്ല. 18 പെണ്ണുങ്ങള്‍ മാത്രമുള്ള വെറുമൊരു സംഘടന എന്ന് അതിനെ തള്ളിക്കളയാനുമാവില്ല. സംഘടനയും അതിലെ അംഗങ്ങളും എടുത്തിട്ടുള്ള നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും തന്നെയാവും ചരിത്രത്തില്‍ ഇടം നേടുക.

http://www.azhimukham.com/cinemanews-parvathy-speaksabout-bollywood-entry/

http://www.azhimukham.com/cinema-ant-women-movies-inspired-fans-abusing-parvathy-geethu-mohandas/

http://www.azhimukham.com/cinema-casting-couch-is-a-reality-in-malayalam-share-the-bed-to-get-a-movie-role-parvathy/

http://www.azhimukham.com/cinema-jude-anthany-a-typical-fearful-male-chauvinist/

http://www.azhimukham.com/cinema-women-collective-questioning-chauvinistic-nature-of-malayala-cinema-industry-rjsalim/

http://www.azhimukham.com/cinema-women-collective-facing-questions-on-their-actions-rakeshsanal/

http://www.azhimukham.com/movie-parathy-says-teach-son-how-to-respect-women/

http://www.azhimukham.com/film-malayala-cinema-god-father-culture-male-chauvinism-actress-integrity-rima-kallingal/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories