TopTop
Begin typing your search above and press return to search.

'ഭാവന അഹങ്കാരിയാണ്; മറ്റ് ചിലരുടെ ആഗ്രഹം പോലെ സിനിമ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല'

തനിക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചും വിവാഹ നിശ്ചയത്തെ കുറിച്ചും നവീനുമായുള്ള പ്രണയത്തെ കുറിച്ചുമൊക്കെ ആദ്യമായി ഭാവന മനസ്സ് തുറക്കുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

"അഞ്ചു വര്‍ഷമായി ഞാന്‍ നവീനെ പരിചയപ്പെട്ടിട്ട്. ഞാന്‍ അഭിനയിച്ച റോമിയോ എന്ന കന്നട സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. ആദ്യം ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. പിന്നീടെപ്പോഴോ അത് പ്രണയത്തിലെത്തുകയായിരുന്നു. എന്‍റെ അച്ഛന്റെയും നവീന്‍റെ അമ്മയുടെയും ആകസ്മിക മരണം കാരണമാണ് ഞങ്ങളുടെ വിവാഹം നീണ്ടുപോയത്. വിവാഹ നിശ്ചയം മെയ് 15നായിരുന്നു തീരുമാനിച്ചിരുന്നത്. നേരത്തെ ആയിപ്പോയെന്നേയുള്ളൂ. വീട്ടുകാര്‍ ആലോചിച്ചു തീരുമാനിച്ചു. അഞ്ചു ദിവസം മുമ്പാണ് ഞാന്‍ പോലും അറിയുന്നത്. ഞാന്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയില്‍ ആയിരുന്നു അന്നേരം. ഏറ്റവും അടുത്ത ബന്ധുക്കളും ജീവിതത്തിന്റെ ഭാഗമായ കുറച്ചു സുഹൃത്തുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.


എനിക്കു സ്ഥിരമായ മിത്രങ്ങളും ശത്രുക്കളും ഉണ്ട്. കാര്യം കാണാന്‍ വേണ്ടി ഒരാളെ കൂട്ട് പിടിക്കുക. കാര്യം കഴിഞ്ഞാല്‍ അയാളെ ഒഴിവാക്കി മറ്റൊരാളെ കൂട്ട് പിടിക്കുക. അതൊന്നും എനിക്കു പറ്റില്ല. നമ്മളെ കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉള്ളവരെ പോയി കാണുക അത് മാറ്റണം എന്നുപറഞ്ഞു മാപ്പ് ചോദിക്കുക്ക അതിനൊന്നും എനിക്കു പറ്റില്ല. സിനിമ കിട്ടാന്‍ വേണ്ടി അവള്‍ എന്നോടു മാപ്പ് പറഞ്ഞു എന്നൊരാള്‍ പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ഭാവന അഹങ്കാരിയാണെന്ന് പറയുന്നതു കേള്‍ക്കാനാണ്. പതിഞ്ച് വയസ്സിലാണ് ഞാന്‍ സിനിമയില്‍ വന്നത്. അന്നുമുതല്‍ ഞാന്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ആദ്യമൊക്കെ ഒരു പാട് വിഷമം തോന്നിയിട്ടുണ്ട്. എന്നെ അറിയാത്ത ആരൊക്കെയോ എന്നെകുറിച്ച് പറയുന്നതിന് ഞാന്‍ എന്തിന് വിഷമിക്കണം എന്നു തോന്നി. എന്നെ മനസ്സിലാക്കുന്നവര്‍ക്ക് ഞാന്‍ എന്താണെന്നറിയാം. പിന്നെ ഞാന്‍ എന്തിന് വിഷമിക്കണം. വിവാഹം കഴിഞ്ഞു അഭിനയിക്കേണ്ട എന്നൊന്നും ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കും. മറ്റ് ചിലരുടെ ആഗ്രഹം പോലെ സിനിമ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല.


നാലാള്‍ അറിയുന്ന വ്യക്തി എന്ന നിലയില്‍ എന്‍റെ ശരീരത്തില്‍ കൈവയ്ക്കാന്‍ ഒരുത്തനും  ധൈര്യപ്പെടില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അത് അങ്ങനെയല്ല എന്നു ബോധ്യപ്പെട്ടു. എനിക്കു മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് അത് ബോധ്യപ്പെട്ട് കൊണ്ടിരിക്കുന്നു. ഒന്നേ പറയാനുള്ളൂ. എനിക്കിത് സംഭവിക്കാമെങ്കില്‍ ഏത് പെണ്‍കുട്ടിക്കും  ഇത് സംഭവിക്കാം. എനിക്കിത് പുറത്തു പറയാമെങ്കില്‍ ഏത് പെണ്‍കുട്ടിക്കും ഇത് പുറത്തു പറയാം. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ മൂടിവെക്കേണ്ടതില്ല. വേട്ടക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. നാണം കെട്ട് തലകുനിക്കേണ്ടത് പെണ്‍കുട്ടികളല്ല. ഇത്തരം വൃത്തികേടുകള്‍ ചെയ്തവരാണ്. ഒറ്റപ്പെടുത്താതെ കുടുംബവും സമൂഹവും ഒന്നു കൂടെ നിന്നാല്‍ മതി. ആര്‍ക്കും അവളെ തോല്‍പ്പിക്കാന്‍ ആവില്ല.


ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് എന്‍റെ ജീവിതത്തില്‍ സംഭവിച്ചത്. ഈ സംഭവത്തില്‍ ഗൂഡാലോചന ഇല്ലെന്നു കരുതാന്‍ കഴിയില്ല. എന്നോടു ശത്രുതയുള്ള ആളുകളാണ് ഇതിന് പിന്നില്‍ എന്നും ഞാന്‍ പറയുന്നില്ല. പക്ഷേ ഇത് വെറും പൈസ പ്രശ്നം മാത്രമാണെന്ന് പറഞ്ഞാല്‍ ചില കണ്ണികള്‍ യോജിക്കാതെ വരും. എന്‍റെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉണ്ട്. അവയ്ക്കു കൃത്യമായ ഉത്തരം കിട്ടാതെ കേസ് ഒതുക്കാനാണ് തീരുമാനമെങ്കില്‍ വിജയം വരെ പോരാടാന്‍ തന്നെയാണ് തീരുമാനം."

Next Story

Related Stories