UPDATES

സിനിമാ വാര്‍ത്തകള്‍

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശന പരീക്ഷ ഫീസ് കുത്തനെ കൂട്ടി

ഈ വര്‍ഷം മുതല്‍ FTII-യിലേക്കും SRFTI-ലേക്കും പൊതു പ്രവേശന പരീക്ഷയാണ്

പ്രവേശന പരീക്ഷ ഫീസ് കുത്തനെ ഉയര്‍ത്തി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (SRFTI) എന്നിവിടങ്ങളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷാ ഫീസാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷം മുതല്‍ രണ്ടിടത്തേക്കും പൊതു പ്രവേശന പരീക്ഷയാണ്. 8000 രൂപയാണ് ഇതിന്റെ അപേക്ഷ ഫീസിനത്തിലും പ്രോസ്പക്ടസിനും ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇതിന്റെ മൂന്നിലൊന്ന് തുകയെ ഒരു സ്ഥാപനത്തിലേക്ക് അപേക്ഷിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. പ്രവേശന പരീക്ഷകള്‍ ഏകോപിപ്പിക്കുക വഴി ഫീസിനത്തില്‍ കാര്യമായ ഇളവ് വരേണ്ട സ്ഥാനത്താണ് ഇത്രയും ഭീമമായ തുക വാങ്ങിക്കൊണ്ടിരിക്കുന്നത്.

രണ്ട് സ്ഥാപനങ്ങളിലേയും തെരഞ്ഞെടുത്ത പ്രതിനിധികളെ ഉള്‍ക്കൊള്ളുന്ന ജോയിന്റെ എന്‍ട്രന്‍സ് കമ്മിറ്റിയാണ് JET (Joint Entrance Test) എന്ന പേരില്‍ പരീക്ഷ നടത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ രാജ്യത്ത് ഏതാണ്ട് 20 കേന്ദ്രങ്ങളില്‍ FTII പരീക്ഷ സംഘടിപ്പിച്ചിരുന്നു.

ഫീസ് വര്‍ധിപ്പിച്ച നടപടിയെ ചോദ്യം ചെയ്തു കൊണ്ട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന് വിദ്യാര്‍ത്ഥി യൂണിയന്‍ പരാതി നല്‍കിയിട്ടുണ്ട്. ചലച്ചിത്ര രംഗം സ്വപ്നം കാണുന്ന രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങളെ തകര്‍ക്കുന്നതാണ് ഈ നടപടിയെന്നും അറിവ് നേടാനുള്ള അവകാശത്തോടുള്ള ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ലോകത്താകമാനം മനുഷ്യാവകാശ പ്രശ്‌നമായി കാണുമ്പോള്‍, ഇവിടെ പ്രവേശന പരീക്ഷക്ക് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തുന്നത് സാമ്പത്തികമായി ഉയര്‍ന്നവര്‍ക്ക് മാത്രം സിനിമാ വിദ്യാഭ്യാസം പ്രാപ്യമാക്കും. ഒരു പ്രത്യേക വര്‍ഗത്തിലുള്ളവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്നത് അതേ കാഴ്ചപ്പാടിലുള്ള സിനിമകള്‍ ഉത്പാദിപ്പിക്കപ്പെടാനും ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് തന്നെ വിഭിന്നമാകാനുമേ സഹായിക്കൂ. ഫീസ് ഉയര്‍ത്തല്‍ റദ്ദാക്കി സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ക്കും രാജ്യത്തെ പ്രശസ്തമായ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ക്യാമറയ്ക്കെന്തിനാണ് വേറെ ലെന്‍സ്‌? ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചോദിക്കുന്നു; പൂനെയുടെ വഴിയില്‍ സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടും

കോഴ്‌സ് സ്ട്രക്ച്ചറും സാംസ്‌കാരിക അന്തരീക്ഷവും വ്യത്യസ്തമായ രണ്ട് സ്‌കൂളുകളാണ് FTII-യും SRFTI-യും. ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ് കൊണ്ടുവരുന്നത് വഴി ഇഷ്ടമുള്ള ഇന്‍സ്റ്റിസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പഴയത് പോലെ ഉണ്ടാകണമെന്നില്ല. കഴിഞ്ഞ വര്‍ഷം വരെ പ്രവേശന പരീക്ഷയുടെ ചോദ്യക്കടലാസുകളും വ്യത്യസ്ത രീതിയിലുള്ളതായിരുന്നു. ഇത്തവണ ചോദ്യങ്ങളുടെ രീതി ഏതാണ്ട് ടെക്‌നിക്കല്‍ മത്സരപ്പരീക്ഷകളുടേത് പോലെയാണ്. സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പോലും ഇപ്പോള്‍ JET ന് വാങ്ങുന്ന അത്രയും തുക എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്രോസ്‌പെക്ടസിനുമായി നല്‍കേണ്ടതില്ല. അപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് മാത്രം ഇത്രയും ഉയര്‍ന്ന തുക വാങ്ങുന്നത് വലിയ അനീതിയാണ്'”; പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് റോബിന്‍ ജോയ് പറയുന്നു.

ആരാണ് കൂടിയ കാവി? ഗജേന്ദ്ര ചൗഹാനോ അതോ അനുപം ഖേറോ?

ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനാണ് പരീക്ഷാ നടത്തിപ്പിനായുള്ള സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. രണ്ട് സ്ഥാപനങ്ങളിലേക്കുമുള്ള എഴുത്തു പരീക്ഷ ഒന്നിച്ചും ഇന്റര്‍വ്യൂ, ഓഡിഷന്‍ തുടങ്ങിയവ പ്രത്യേകവും ആയിരിക്കും. 2018 ജനുവരി 25 ആണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി.

പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളാണ് FTII യും SRFTI യും. പക്ഷേ ഓരോ വര്‍ഷവും പത്ത് ശതമാനം വര്‍ധനവാണ് ഇവിടത്തെ കോഴ്‌സ് ഫീസില്‍ ഉണ്ടാകുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സീരിയല്‍ അഭിനേതാവ് ഗജേന്ദ്ര ചൌഹാനെ FTII ചെയര്‍മാനായി നിയമിച്ചതിനെതിരെ 100-ലേറെ ദിവസമാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍