TopTop
Begin typing your search above and press return to search.

ആഗോള തലത്തിൽ മാന്ദ്യം, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയും; ഐഎംഎഫ് റിപ്പോർട്ട്

ആഗോള തലത്തിൽ മാന്ദ്യം, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയും; ഐഎംഎഫ് റിപ്പോർട്ട്

ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങളിൽ 70 ശതമാനവും പുതിയ സാമ്പത്തിക വർഷത്തിൽ വളർ‌ച്ചക്കുറവ് നേരിടുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) റിപ്പോർട്ട്. 3.3% മാത്രമായിരിക്കും ആഗോള സാമ്പത്തിക വളർച്ച. എന്നാൽ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്കിൽ പോയിന്റെ ഒരു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒക്ടോബറിൽ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 2019ൽ 7.4 ശതമാനവും, 2120 ൽ 7.5 ശതമാനവുമായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ ഇതിൽ നിന്നും 0.1 ശതമാനം താഴ്ത്തി 2019ൽ 7.3 ശതമാനവും 2020ൽ 7.4 ശതമാനവുമാണ് ഇപ്പോഴത്തെ അനുമാനം.

അതേസമയം, ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ചയിൽ മുന്നേറ്റം തുടരുമെന്നും റിപ്പോർട്ട് പറയുന്നു. 2019ൽ ചൈന 6.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ ഇന്തയ 7.1 ശതമാനം വളരും. 2020ല്‍ ചൈനയുടെ വളർച്ച 6.1 ആയി കുറയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപം വർധിക്കുന്നതും ഉപഭോഗം ഉയരുന്നതുമാണ് ഇന്ത്യയുടെ വളർച്ചക്ക് പിന്നിലെ കാരണമെന്ന് ഐഎംഫ് ചീഫ് എക്കണോമിസ്റ്റ് മുഖ്യ ഗീത ഗോപിനാഥ് പ്രതികരിച്ചു. സാമ്പത്തിക ഘടനാ പരിഷ്കാരങ്ങൾ, ബാങ്കിങ് രംഗം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾ എന്നിവയാണ് ഇന്ത്യയ്ക്കു ഗുണം ചെയ്യുന്നതെന്നും ഐഎംഎഫ് അവലോകന രേഖ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്ന രാജ്യമെന്ന പദവി ഇന്ത്യ ഇത്തവണയും നിലനിർത്തി. കഴിഞ്ഞ വർഷം 7900 കോടി ഡോളറാണ് പ്രവാസികൾ വഴി ഇന്ത്യയിലെത്തിയത്. 6530 കോടി ഡോളറായിരുന്ന 2017 ലെ കണക്കിനെ മറികടന്നായിരുന്നു നേട്ടം. കഴിഞ്ഞ ആഗസ്റ്റിൽ കേരളത്തെ ബാധിച്ച പ്രളയമാണ് വിദേശ പണം രാജ്യത്തെത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതെന്നും റിപ്പോർട്ട് പറയുന്നു. 14% വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. പ്രളയ ദുരിതത്തില്‍ നിന്നും കരകയറാൻ കൂടുതൽ പണം പ്രവാസികൾ നാട്ടിലേക്ക് അയക്കുകയായിരുന്നെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ചൈനയാണ് പ്രവാസിപ്പണം കിട്ടുന്ന രാജ്യങ്ങളിൽ രണ്ടാമത്. 6700 കോടി ഡോളറായിരുന്നു ചൈനയുടെ കഴി‍ഞ്ഞ വർഷത്തെ പ്രവാസി പണ ലഭ്യതയുടെ കണക്ക്.

അതിനിടെ, ആഗോളതലത്തിൽ ബാധിക്കുന്ന ചെറിയ പ്രതിസന്ധികൾ പോലും ആഗോള സാമ്പത്തി രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കും. വികസ്വര രാജ്യങ്ങൾ വലിയ തകർച്ച നേരിടുമെന്നും കടബാധ്യതയുള്ള രാജ്യങ്ങൾ കൂടുതൽ കെണിയിലാകുമെന്നും ഐ എം എഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories