TopTop
Begin typing your search above and press return to search.

വികസനം ഏറിപ്പോയിട്ടല്ല, നാട് മുടിഞ്ഞത് ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട്

വികസനം ഏറിപ്പോയിട്ടല്ല, നാട് മുടിഞ്ഞത് ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട്

പി കെ ശ്യാം

അറുപത് ശതമാനം വരെ വെള്ളക്കരം കൂട്ടിയും സേവനങ്ങൾക്കും രജിസ്ട്രേഷനുമടക്കമുള്ള നിരക്കുകൾ ഉയർത്തിയും ജനത്തിന്റെ നട്ടെല്ലൊടിച്ച സർക്കാർ, നികുതി പിരിവിൽ അലംഭാവം കാട്ടിയും വമ്പൻ ധൂർത്ത് നടത്തിയും കേരളത്തെ കുത്തുപാളയെടുപ്പിക്കുന്നു. മുണ്ടുമുറുക്കിയുടുക്കാൻ ജനത്തോട് ഉത്തരവിടുന്ന ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ മനസിലാക്കിയാൽ ജനം ചൂലെടുത്തു പോവും. ആറ് മാസത്തിലേറെയായി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ചിലവ് കുത്തനെ ഉയർന്നതല്ലാതെ കുറയുന്നില്ല. ആഡംബര കാറുകൾ വാങ്ങിക്കൂട്ടിയും ഉദ്യോഗസ്ഥർക്ക് അധിക ബത്തകൾ നൽകിയും പേഴ്സണൽ സ്റ്റാഫിലേക്ക് കൂടുതൽ ആളെക്കയറ്റിയും ഭരിച്ചു മുടിക്കുകയാണ് നമ്മുടെ മന്ത്രിമാർ. സി.എ.ജിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം നികുതി കുടിശ്ശികയായ 10,022 കോടിയാണ് പിരിച്ചെടുക്കാനുള്ളത്. ഇതിന്റെ നാലിലൊന്ന് പിരിച്ചെടുത്തിരുന്നെങ്കില്‍ അധിക നികുതി ഏര്‍പ്പെടുത്തേണ്ടിവരില്ലായിരുന്നു. പ്രതികരണശേഷി നഷ്‌ടപ്പെട്ട് രാഷ്ട്രീയത്തിന്റെ വിവിധ കള്ളികളിൽ ഒതുങ്ങിക്കഴിയുന്ന ജനത്തിനോട് എന്തുമാകാമെന്ന് ഭരണാധികാരികൾക്ക് നന്നായറിയാം

എന്താണ് യാഥാർത്ഥ്യം?
വിവിധ തരം അധിക നികുതികളിലൂടെ ഖജനാവിലേക്ക് 2100 കോടി ഒഴുകിയെത്തുമെങ്കിലും പ്രതിസന്ധി ഇവിടംകൊണ്ടൊന്നും തീരില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറിയശേഷം അവതരിപ്പിച്ച മൂന്നു ബജറ്റുകളിലായി 4206.73 കോടിയുടെ അധിക വിഭവസമാഹരണം ലക്ഷ്യമിട്ടിരുന്നു. പക്ഷേ, നികുതിപിരിവ്‌ ലക്ഷ്യത്തിലെത്തിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. അതാണ്‌ ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാനകാരണം. 2012-13ല്‍ 1512.05 കോടിയും, 2013-14 ല്‍ 1138.33 കോടിയും 2014-15ല്‍ 1556.35 കോടി രൂപയുമാണ്‌ അധിക നികുതിയായി ബജറ്റില്‍ നിര്‍ദേശിച്ചിരുന്നത്‌. ആകെ 4206.73 കോടിരൂപ. ഇത്രയും അധിക നികുതി ചുമത്തിയിട്ടുപോലും പിരിവ്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ പുതുതായി 2100 കോടിരൂപയുടെ അധിക നികുതി ഏര്‍പ്പെടുത്തിയത്‌.സര്‍ക്കാര്‍ നിയോഗിച്ച ചെലവ്‌ അവലോകന കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രതിവര്‍ഷം 6000 കോടിയുടെ വരെ നികുതി വെട്ടിപ്പ്‌ പല മേഖലകളിലുമായി നടക്കുന്നുണ്ടെന്നു വ്യക്‌തമാക്കിയിരുന്നു. ഇതു തടയാന്‍ ചെക്‌പോസ്‌റ്റുകളില്‍ സോഷ്യല്‍ ഓഡിറ്റിംഗ്‌ നിര്‍ദേശിച്ചിരുന്നെങ്കിലും നടപ്പായില്ല. ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഈ സാമ്പത്തികവർഷം 15,000 കോടിയുടെ റവന്യൂകമ്മിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ധനവകുപ്പിന്റെ പ്രതീക്ഷ തെറ്റിച്ചാണ് റവന്യൂക്കമ്മി കുതിക്കുന്നത്. 2011-12ൽ ബഡ്‌ജറ്റിലെ പ്രതീക്ഷ 5534 കോടിയായിരുന്നെങ്കിൽ യഥാർത്ഥകമ്മി 2500 കോടിയോളം വർദ്ധിച്ച് 8,034 കോടിയായി. തൊട്ടടുത്ത വർഷം 9,351 കോടിയായി. കഴിഞ്ഞവർഷം 11,314 കോടിയിലേക്ക് കമ്മി കുതിച്ചുകയറി. ഈ ധനസ്ഥിതിയിൽ അടിസ്ഥാനസൗകര്യ വികസനം അടക്കമുള്ളവയ്ക്ക് പണം ചിലവഴിക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.സി.എ.ജി പറയുന്നു
വാണിജ്യനികുതി വകുപ്പ് മാത്രം നികുതിപിരിവിൽ 4,653 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ടിലുള്ളത്. 2014 വര്‍ഷത്തിലെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടില്‍ 2013 ഫെബ്രുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ ഓഡിറ്റിന്റെ വിശദാംശങ്ങളിലാണ് ഇത് വെളിവാക്കുന്നത്. കംപ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചതിലെ ക്രമക്കേടുകള്‍ ആണ് ഇത്രയും ഭീമമായ നഷ്ടത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപാരി വിവര സംവിധാനം ഉപയോഗിച്ച് വ്യാപാരികളില്‍നിന്ന് 7,311.81 കോടി രൂപയുടെ നികുതി സമാഹരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇതില്‍ വരുത്തിയ വീഴ്ചയെ തുടര്‍ന്ന് 4,653.43 കോടി രൂപയുടെ കുറവുണ്ടായി. കൂടാതെ 317.15 കോടിയുടെ സുരക്ഷാനിക്ഷേപം ചുമത്താമായിരുന്നെങ്കിലും അതും ചെയ്തില്ല. ഇത് രണ്ടും കൂട്ടിയാല്‍ 5,000 കോടി രൂപയോളം വരവ് കുറഞ്ഞു.

വ്യാപാരി വിവര സംവിധാനത്തില്‍ ഒറ്റ പെര്‍മനന്റ് അക്കൗണ്ട് നമ്പറിന് (പിഎഎന്‍)പകരം രണ്ട് മുതല്‍ 18 വരെ വ്യാപ്തിയുള്ള രജിസ്ട്രേഷനുകള്‍ കംപ്യൂട്ടറില്‍ ക്രമീകരിച്ചതാണ് ക്രമക്കേടിന് അവസരമൊരുക്കിയത്. ഇതുവച്ച് ഒരാള്‍ക്കുതന്നെ ഒരു പിഎഎന്‍ ഒന്നിലധികം രജിസ്ട്രേഷനുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചു. കൂടാതെ വ്യത്യസ്ത വ്യക്തികള്‍ക്ക് ഒരേ പിഎഎന്‍ ഉപയോഗിക്കാനും കഴിഞ്ഞു. ഇങ്ങനെ വ്യാപാരികള്‍ നികുതിബാധ്യതയ്ക്കുള്ള ആരംഭപരിധിയായ 10 ലക്ഷം രൂപയ്ക്ക് താഴെ ഓരോ ഇടപാടുകളും നിലനിര്‍ത്തി നികുതിബാധ്യത ഒഴിവാക്കി. അതല്ലെങ്കില്‍ വര്‍ഷത്തില്‍ 50-60 ലക്ഷം രൂപയ്ക്ക് താഴെ ക്രയവിക്രയം കാണിച്ച് നികുതിബാധ്യത പരമാവധി കുറച്ചു. ഒന്നിലധികമുള്ള രജിസ്ട്രേഷനുകള്‍ സംയോജിപ്പിച്ചിരുന്നെങ്കില്‍ ഈ വീഴ്ച സംഭവിക്കില്ലായിരുന്നു. രജിസ്ട്രേഷനുകള്‍ പുതുക്കാതിരുന്നവർക്ക് പിഴ ചുമത്താതിരുന്നതു വഴി കോടികൾ നഷ്‌ടപ്പെട്ടു.

ഇഷ്ടംപോലെ തസ്തികകൾ
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും തോന്നിയപോലെ തസ്തികകൾ സൃഷ്‌ടിച്ചെടുക്കുകയാണ് വകുപ്പു മന്ത്രിമാർ ചെയ്തത്. മൂന്നു വർഷത്തിനിടെ 28,500 പുതിയ തസ്‌തികകളാണ് എല്ലാ വകുപ്പുകളിലും സൃഷ്‌ടിക്കപ്പെട്ടത്. ഇതിൽ 11,000ത്തിലേറെ തസ്‌തികകൾ ധനവകുപ്പിന്റെ മുൻകൂർ അറിവോടെയുള്ളവയായിരുന്നില്ല. തസ്‌തിക സൃഷ്‌ടിക്കാൻ വകുപ്പ് സെക്രട്ടറിമാർ തയ്യാറാക്കുന്ന ഫയൽ മന്ത്രിമാർ മുഖ്യമന്ത്രിയുടെ അനുമതിയോടെ മന്ത്രിസഭായോഗത്തിലെത്തിച്ച് പാസാക്കിയെടുക്കുകയെന്നതാണ് പതിവ്. ധനമന്ത്രി എതിർത്താലും മന്ത്രിമാരുടെ കൂട്ടായ തീരുമാനത്തിനു മുന്നിൽ തസ്തിക സൃഷ്ടിക്കൽ പാസാക്കപ്പെടും. തസ്തികകൾക്ക് ധനവകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് മൂന്നുമാസം മുൻപ് ഉത്തരവിറക്കിയെങ്കിലും ഫലവത്തായില്ല.

സംസ്ഥാനത്ത് ഒരുമാസം അഞ്ഞൂറിനും എഴുന്നൂറിനുമിടയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. അടുത്തിടെ ഏറ്റവുമധികം തസ്‌തികകൾ സൃഷ്‌ടിച്ചത് തദ്ദേശസ്വയംഭരണ വകുപ്പിലാണ്. അസിസ്റ്റന്റ് പഞ്ചായത്ത് സെക്രട്ടറിയുടെ 987 പുതിയ തസ്തികകളാണ് പുതുതായി വന്നത്. 900 യു.ഡി ക്ലർക്കുമാരുടെ തസ്തികയുണ്ടായി. ഇവയെല്ലാമടക്കം 1854 തസ്തികകളാണ് ചുരുങ്ങിയ കാലംകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പിൽ സൃഷ്ടിക്കപ്പെട്ടത്. പുതിയ 12 താലൂക്കുകളിലും 25 വില്ലേജുകളിലുമായി ആയിരത്തോളം തസ്തികകൾ റവന്യൂ വകുപ്പിലുണ്ടായി. ഹയർ സെക്കൻഡറി വകുപ്പിൽ മൂന്നുവർഷത്തിനിടെ മൂവായിരത്തോളം അദ്ധ്യാപക തസ്‌തികളുണ്ടാക്കി. എസ്.ഐ, പുതിയ എട്ട് ഫയർസ്റ്റേഷനുകൾ, കമാൻഡോ, ബറ്റാലിയനുകൾ, വനിതാപൊലീസ് തുടങ്ങി ആഭ്യന്തര വകുപ്പിലും വൻതോതിൽ തസ്തിക സൃഷ്ടിക്കപ്പെട്ടു. ആരോഗ്യം, സാമൂഹ്യക്ഷേമം, ഗതാഗതം അടക്കം എല്ലാ വകുപ്പുകളിലും വൻതോതിൽ പുതിയ തസ്തികകളുണ്ടാവുന്നുണ്ട്. താഴേത്തട്ടിലുള്ള ഒരു തസ്‌തിക സൃഷ്ടിക്കുന്നതിലൂടെ 43ലക്ഷം രൂപയുടെ വാർഷിക ബാദ്ധ്യതയുണ്ടാവുമെന്നാണ് കണക്ക്. ഇപ്പോഴത്തെ തരത്തിൽ പുതിയ തസ്തികകൾക്കായി 300 കോടിയോളം രൂപയാണ് ചെലവിടേണ്ടി വരിക.ധൂർത്തും കെടുകാര്യസ്ഥയും
സാമ്പത്തിക തളർച്ചയുടെ ലക്ഷണം കണ്ടപ്പോൾ തന്നെ കര്‍ശന സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന്‌ മുഖ്യമന്ത്രി എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ജീവനക്കാരും മന്ത്രിമാരുമെല്ലാം ആര്‍ഭാടങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതൊന്നും ബാധകമല്ലെന്ന നിലയിലാണ് മന്ത്രിമാരുടെ നടപടികള്‍. മന്ത്രിമാരുടെ വിദേശയാത്രക്ക്‌ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും ചില മന്ത്രിമാര്‍ പരിവാരങ്ങളുമായി വിദേശ യാത്ര നടത്തി. റവന്യു മന്ത്രി അടൂര്‍ പ്രകാശാണ്‌ കയറിനും കയറുല്‍പന്നങ്ങള്‍ക്കും വിദേശ വിപണി കണ്ടെത്താന്‍ വിദേശ രാജ്യങ്ങളിലേക്ക്‌ സെക്രട്ടറിമാരും പരിവാരങ്ങളുമായി യാത്ര ചെയ്തത്‌. ടൂറിസം വികസനത്തിനെന്ന പേരില്‍ ടൂറിസം മന്ത്രി അനില്‍കുമാറും പ്രതിസന്ധികാലത്ത്‌ വിദേശ യാത്രകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മന്ത്രി കെ.പി. മോഹനന്റെ ഇരട്ട പെണ്‍മക്കളുടെയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയുമായ ഇ.പി.ജയരാജന്റെ മകന്റെയും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാൻ സര്‍ക്കാരിന്റെ അമ്പതിലേറെ വാഹനങ്ങള്‍ തലസ്‌ഥാന നഗരിയില്‍ നിന്നു കണ്ണൂരിലേക്ക്‌ ഓടിയെത്തി മടങ്ങിയതിലൂടെ ദശലക്ഷങ്ങളാണ് ഖജനാവിൽ നിന്ന് ചോർന്നത്. ഇവര്‍ക്കൊക്കെ ആവശ്യമായ വാഹനങ്ങള്‍ കണ്ണൂരില്‍ ടൂറിസം വകുപ്പിന്റെ കൈയില്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ തിരുവനന്തപുരത്ത് നിന്നെത്തുകയായിരുന്നു. ചില മന്ത്രിമാര്‍ ട്രെയിനില്‍ എ.സി. കോച്ചില്‍ എത്തിയപ്പോള്‍ വാഹനങ്ങള്‍ റോഡിലൂടെയെത്തി.

ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിലും മന്ത്രിമാരെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചില്ല. ഏറ്റവും ഒടുവില്‍ ആഡംബരകാര്‍ വാങ്ങി ജനങ്ങളെ ഞെട്ടിക്കുന്നത്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബാണ്‌. 33 ലക്ഷം രൂപ മുടക്കി വോക്സ്‌വാഗണിന്റെ ആഡംബരകാറാണ്‌ അദ്ദേഹം വാങ്ങുന്നത്‌. കാറുവാങ്ങണമെന്ന ആവശ്യം മന്ത്രി ധനവകുപ്പിന്‌ മുന്നില്‍ വച്ചെങ്കിലും അംഗീകരിച്ചില്ല. അതിനാല്‍ എല്‍ബിഎസിനെ കൊണ്ട്‌ കാര്‍ വാങ്ങിപ്പിക്കാന്‍ മന്ത്രി തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ വാടകയിനത്തിലും മറ്റുമായി പ്രതിമാസം 75 മുതല്‍ 100 കോടി വരെ ചെലവാക്കുന്നുണ്ട്‌. തിരുവനന്തപുരത്തെ ട്രഷറി ഡയറക്‌ടറേറ്റ്‌ പ്രവര്‍ത്തിക്കുന്നത് പ്രതിമാസം 60,000 രൂപ വാടക നല്‍കിയാണ്‌. പഴയ കെട്ടിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വൈദ്യുതിയിനത്തിലും സര്‍ക്കാരിനു വന്‍ നഷ്‌ടം വരുത്തുന്നു. പല ജില്ലകളിലും മിനി സിവില്‍സ്‌റ്റേഷനുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അവിടേക്ക്‌ മാറ്റാന്‍ ഇതുവരെ പല വകുപ്പുമേധാവികളും തയ്യാറായിട്ടില്ല. റോഡുകള്‍ തകര്‍ന്നതോടെ മന്ത്രിമാര്‍ വിമാനത്തിലെ ബിസിനസ്‌ ക്‌ളാസിലേക്ക്‌ ദീര്‍ഘദൂര യാത്രകള്‍ മാറ്റിക്കഴിഞ്ഞു.

പേഴ്സണൽ സ്റ്റാഫെന്ന ധൂർത്തപ്പട
സര്‍ക്കാര്‍ സർവീസിൽ അഡിഷണൽ സെക്രട്ടറി, അണ്ടർ സെക്രട്ടറി പദവിയിൽ മന്ത്രിമാർ നിയമിക്കുന്ന പേഴ്സണൽ സ്റ്റാഫംഗങ്ങൾക്കായി ഖജനാവിൽ നിന്ന് പൊടിക്കുന്നത് കോടികളാണ്.നിലവില്‍ 569 പേര്‍ വിവിധ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ 147 പേര്‍ മാത്രമാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവര്‍. 1989 മുതലാണ് സര്‍ക്കാര്‍ സര്‍വീസിന് പുറത്തുള്ളവരെ മന്ത്രിമാരുടെ സ്റ്റാഫിലേക്ക് നിയമിച്ചു തുടങ്ങിയത്. അന്ന് ആകെയുള്ളതിന്റെ 15 ശതമാനം പേരെയാണ് പുറത്തുനിന്ന് നിയമിച്ചത്. എന്നാല്‍ പടിപടിയായി ഇതുയര്‍ന്നു. ഇപ്പോള്‍ സര്‍വീസിന് പുറത്തുനിന്ന് ഇത്രപേരെയെ നിയമിക്കാവൂ എന്ന നിബന്ധന ഇല്ലാതായി. എല്ലാ മന്ത്രിയും ചുരുങ്ങിയത്​ 26 പേരെയെങ്കിലും പേ‍ഴ്​സണല്‍ സ്റ്റാഫില്‍ നിയമിച്ചിട്ടുണ്ട്​. ചീഫ്​ വിപ്പ്​ പിസി ജോര്‍ജ്ജടക്കം ആകെ 21 പേരാണ്​ സംസ്ഥാ സര്‍ക്കാരില്‍ കാബിനറ്റ്​ പദവിയിലുള്ളത്​. ഈ 21പേര്‍ക്കാണ് പേ‍ഴ്‍സണല്‍ സ്റ്റാഫെന്ന പേരില്‍ 569പേരെ നിയമിച്ചിരിക്കുന്നത്​. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേ‍ഴ്‍സണല്‍ സ്റ്റാഫിലുള്ള അംഗങ്ങളുടെ എണ്ണം 27 ആണ്​. എന്നാല്‍ മന്ത്രിമാരായ പി.കെ.ജയലക്ഷ്‍മി, പി.ജെ.ജോസഫ്​, കെ.പി.മോഹനന്‍ എന്നിവര്‍ പേ‍ഴ്‍സണല്‍ സ്റ്റാഫിലേക്ക്‌ നിയമിച്ചിരിക്കുന്നത്​ 30 പേരെ വീതമാണ്. 9 മന്ത്രിമാര്‍ക്ക്‌ 29 വീതം സ്റ്റാഫുകളുണ്ട്​. മൂന്ന്​ മന്ത്രിമാര്‍ 28 പേരെയും രണ്ട്​ മന്ത്രിമാര്‍ 27 പേരെയും സ്റ്റാഫായി വെച്ചിരിക്കുന്നു. 26 പേരെ നിയമിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‍ണനാണ്​ ഏറ്റവും കുറവ്​. പ്രത്യേകിച്ച്​ ചുമതലകളൊന്നും ഇല്ലെങ്കിലും ഒരു ഫയല്‍ പോലും വേണ്ടെങ്കിലും ചീഫ്​ വിപ്പ്​ പി.സി.ജോര്‍ജ്ജിനുമുണ്ട്​ 30 പേ‍ഴ്‍സണല്‍ സ്‍റ്റാഫ്​ അംഗങ്ങള്‍. നേരത്തേ സ്റ്റാഫ് നിയമനം വിവാദമായതിനെത്തുടർന്ന് പി.സി.ജോർജ്ജ് പേഴ്സണൽ സ്റ്റാഫ്അംഗങ്ങളുടെ എണ്ണം കുറച്ചെങ്കിലും വിവാദം തണുത്തതോടെ വീണ്ടും നിയമിച്ചു.പേ‍ഴ്‍സണല്‍ അസിസ്റ്റന്‍റ്​, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്​, അഡീഷണല്‍ പ്രൈവറ്റ്​ സെക്രട്ടറി, അസിസ്റ്റന്‍റ്​ സെക്രട്ടറി, ഓഫീസ്​ അറ്റന്‍ഡര്‍മാര്‍, പാചകക്കാര്‍ എന്നിങ്ങനെ പല വിധ തസ്തികകളിലാണ്​ പേഴ്സണൽ സ്റ്റാഫ് പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയത്​ ഓരോ മന്ത്രിക്കും, മുന്നോ നാലോ ഡ്രൈവര്‍മാരുണ്ട്​. ഒരു മന്ത്രിക്ക്‌ കീ‍ഴില്‍ ശരാശരി 10 ലക്ഷം രൂപയാണ്​ പേ‍ഴ‍്‍സണല്‍ സ്റ്റാഫുകളുടെ ശമ്പളമായി സര്‍ക്കാര്‍ ചെലവാക്കുന്നത്​. എല്ലാ മന്ത്രിമാരുടെയും ചേര്‍ത്ത്​ മാസം 2.14 കോടി രൂപ. വര്‍ഷമാകുമ്പോള്‍ ഇത്​ 25.69 കോടി രൂപയാകും. അഞ്ച്​ വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്​ മന്ത്രിമാരുടെ പേ‍ഴ്‍സണല്‍ സ്റ്റാഫ്​ അംഗങ്ങള്‍ പറ്റുന്ന ശമ്പളം ഏതാണ്ട്​ 128.46 കോടി രൂപ. ശമ്പളക്കണക്ക്‌ മാത്രമാണിത്​. മറ്റ്​ ആനുകൂല്യങ്ങള്‍, ഫോണ്‍, വൈദ്യുതി, വാഹനചിലവുകള്‍ തുടങ്ങിയവയൊക്കെ വരുമ്പോള്‍ തുക ഇനിയും ഇരട്ടിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം

ക്ഷമിക്കണം, യു.ഡി.എഫ് ബാറിലാണ്!
സുധീരന്‍ പുണരാനായുന്ന കസേരകള്‍ (എം എ ജോണ്‍ പുണരാത്തതും)
പ്ലസ്ടു: ഹൈക്കോടതിയേയും സര്‍ക്കാര്‍ കബളിപ്പിക്കുന്നോ?
ആദർശ കോണ്‍ഗ്രസ് ഉമ്മൻ ചാണ്ടിയെ പൊളിച്ചടുക്കുമോ?
ജീവിക്കാന്‍ ഞങ്ങളിനി എന്തു ചെയ്യണം? യുദ്ധമേഖലയില്‍ നിന്നെത്തിയ നഴ്സുമാര്‍ മനസ് തുറക്കുന്നു

സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നവരായതിനാല്‍ ഇവരുടെ നിയമനത്തിന് യോഗ്യത നിശ്ചയിക്കണമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറൽ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് 30 പേരെയാണ് മന്ത്രിമാര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാവുന്നത്. പ്രതിപക്ഷ നേതാവ്, മന്ത്രിപദവിയുള്ള ചീഫ് വിപ്പ് തുടങ്ങിയവര്‍ക്കൊക്കെ ഇത്രയും പേരെ സ്റ്റാഫില്‍ നിയമിക്കാം. എന്നാൽ മിക്ക പേഴ്സണൽ സ്റ്റാഫുകൾക്കും വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ല. പേഴ്‌സണല്‍ സ്റ്റാഫുകളില്‍ നിരവധി പേര്‍ പത്താം ക്ലാസ് പോലും ജയിക്കാത്തവരാണ്. ടൂറിസം മന്ത്രി എ.പി അനില്‍കുമാറിന്റെ അസിസ്റ്റന്റ് പേഴ്‌സണല്‍ സെക്രട്ടറിക്ക് പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളില്‍ അഞ്ച് പേര്‍ പത്താം ക്ലാസ് ജയിക്കുക പോലും ചെയ്യാത്തവരാണ്. മഞ്ഞളാംകുഴി അലിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പത്ത് കടക്കാത്ത ഏഴ് പേരുണ്ട്. കെ.സി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ആറ് പേര്‍ പത്താം ക്ലാസ് തോറ്റവരാണ്. കെ.എം.മാണിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ 12 പേര്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസമില്ലാത്തവരാണ്. വി.എസ് അച്യുതാനന്ദന്‍റെ സ്റ്റാഫില്‍ 70000 രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് എസ്.എസ്.എല്‍.സി. യോഗ്യതയാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജോപ്പന്‍ അടക്കം പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേരെ സോളാര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് പുറത്തായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗത്തെ നിലമ്പൂരിൽ യുവതിയുടെ കൊലക്കേസില്‍ അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ മന്ത്രിമാര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫിനെ എടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളില്ല. വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കേണ്ടതില്ല. മന്ത്രിമാരുമായി അടുപ്പമുള്ള പ്രാദേശിക നേതാക്കളായിരിക്കും പലപ്പോഴും പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാവുക.മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കപ്പെടുന്നവര്‍ക്ക് നിശ്ചിത യോഗ്യത മാനദണ്ഡമാക്കി പൊതുഭരണ വകുപ്പ് സർക്കാരിന് ശുപാർശ നൽകിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. ഇപ്പോഴുള്ള പലരേയും ഒഴിവാക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്നും പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മാനദണ്ഡം നടപ്പാക്കിയാല്‍ മതിയെന്നുമായിരുന്നു സർക്കാർ തീരുമാനം.

പേഴ്സണൽ സ്റ്റാഫിലെ കേരളാമോഡൽ
കേന്ദ്രസർക്കാരിലെ കാബിനറ്റ് മന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പേഴ്‌സണല്‍സ്റ്റാഫിന്റെ എണ്ണത്തിന്റെ ഇരട്ടിയാണ് കേരളത്തില്‍ മന്ത്രിമാരുടെ സഹായികളുടെ എണ്ണം. കേന്ദ്രത്തില്‍ കാബിനറ്റ് മന്ത്രിക്ക് 15 പേരെയും സഹമന്ത്രിക്ക് 12 പേരേയും മാത്രമേ സര്‍ക്കാര്‍ചെലവില്‍ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാനാവൂ. അതേസമയം, കേരളത്തില്‍ മന്ത്രിമാര്‍ക്ക് 30 പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കാം.കേന്ദ്ര കാബിനറ്റ്മന്ത്രിക്ക് ഡെപ്യൂട്ടി സെക്രട്ടറിയുടെയോ ഡയറക്ടറുടെയോ റാങ്കിലുള്ള പ്രൈവറ്റ് സെക്രട്ടറി, അണ്ടര്‍സെക്രട്ടറി റാങ്കിലുള്ള രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍, സെക്ഷന്‍ ഓഫീസര്‍റാങ്കിലുള്ള രണ്ട് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍, സെക്ഷന്‍ ഓഫീസര്‍ റാങ്കിലുള്ള ഒന്നാം പി.എ, അസിസ്റ്റന്റ് റാങ്കിലുള്ള രണ്ടാം പി.എ, യു.ഡി.സി. റാങ്കിലുള്ള ഭാഷാസഹായി, എല്‍.ഡി. ക്ലാര്‍ക്ക്, ഡ്രൈവര്‍, ഒരു സീനിയര്‍ പ്യൂണ്‍, നാല് പ്യൂണ്‍ എന്നിങ്ങനെ നിയമനം നടത്താം. പ്രത്യേകമായി പാചകക്കാരെയോ വീട്ടില്‍ ജീവനക്കാരെയോ അനുവദിക്കില്ല. ഔദ്യോഗിക വസതിയിലുള്ള പേഴ്‌സണല്‍സ്റ്റാഫിനെ ഇക്കൂട്ടത്തില്‍നിന്ന് നിയമിക്കണം.സഹമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 12 ആണ്. കാബിനറ്റ് മന്ത്രിയെ അപേക്ഷിച്ച് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പ്യൂണ്‍ എന്നിവര്‍ കുറവ്.പേഴ്‌സണല്‍ സ്റ്റാഫില്‍ താഴെത്തട്ടിലെ തസ്തികകളിലേക്ക് സര്‍ക്കാര്‍ സര്‍വീസിന് പുറത്തുള്ളവരേയും നിയമിക്കാം. എന്നാല്‍ മന്ത്രിയുടെ കാലാവധി കഴിയുന്നതോടെ അവര്‍ പുറത്താകും. അവര്‍ക്ക് എത്രകാലം ജോലിചെയ്താലും പെന്‍ഷന്‍ ലഭിക്കുകയുമില്ല. ഇങ്ങനെ ദീര്‍ഘകാലം പേഴ്‌സണല്‍ സ്റ്റാഫില്‍ ജോലിചെയ്തിട്ടും പെന്‍ഷനൊന്നും ലഭിക്കാത്തവര്‍ പെന്‍ഷനും മറ്റാനുകൂല്യങ്ങള്‍ക്കുംവേണ്ടി സംഘടിച്ചിട്ടുണ്ട്.എന്നാല്‍ നിശ്ചിതഎണ്ണത്തിലും കൂടുതല്‍ ജീവനക്കാരെ പലമന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കാറുണ്ട്. ഇത് അനൗദ്യോഗിക നിയമനമാണ്. മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് ഇങ്ങനെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് നിയമിക്കുന്നത്. അതത് സ്ഥാപനങ്ങളായിരിക്കും അവര്‍ക്ക് ശമ്പളം നല്‍കുക. രേഖകള്‍പ്രകാരം അവര്‍ ആ സ്ഥാപനത്തിന്റെ ജീവനക്കാര്‍തന്നെയായിരിക്കും. കേന്ദ്രത്തിൽ കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേയാണ് കേരളം പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിലുള്ള ധൂർത്ത് തുടരുന്നത്.

എന്തായാലും തങ്ങളുടെ ശമ്പളത്തില്‍ നിന്ന്‍ 20 ശതമാനം ത്വജിച്ചുകൊണ്ട് മാതൃകാ പുംഗവന്മാരായ മന്ത്രിമാര്‍ തങ്ങള്‍ക്ക് കിട്ടുന്ന മാറ്റാനുകൂല്യങ്ങളിലോ പേഴ്സണല്‍ സ്റ്റാഫെന്ന ധൂര്‍ത്തപ്പടയുടെ എണ്ണത്തിലോ യാതൊരു കുറവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാ ഭാരവും ജനങ്ങളുടെ തലയില്‍ കെട്ടിവെച്ച് ഞങ്ങള്‍ നികുതി വര്‍ദ്ധിപ്പിച്ചത് മദ്യത്തിനും പുകയിലയ്ക്കുമാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സര്ക്കാര്‍. രോഗത്തിന്‍റെ മൂലകാരണം ചികിത്സിച്ച് മാറ്റാതെ താല്‍ക്കാലികമായി മുറിവുണക്കാനുള്ള ശ്രമത്തിലാണ് അവര്‍.


Next Story

Related Stories