അഴിമുഖം പ്രതിനിധി
ഇന്ത്യയുമായുള്ള 3,600 കോടി രൂപയുടെ വിവിഐപി ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി, കണക്കുകള്‍ തെറ്റായി രേഖപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചുള്ള കേസില്‍ ഇറ്റാലിയന്‍ പ്രതിരോധ, എയ്റോസ്പേസ് വമ്പനായ ഫിന്‍മെക്കനിക്കയുടെ മുന്‍ തവലന്‍ ഗുസെപ്പെ ഓഴ്സിക്ക് മിലാനിലെ കോടതി നാലര വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.
2014-ല്‍ ഇതേ കേസില്‍ ഓഴ്സിയെ അഴിമതിയില്‍ നിന്ന് മറ്റൊരു കോടതി കുറ്റവിമുക്തനാക്കിയി നടപടിയെയാണ് മിലാനിലെ കോടതി റദ്ദാക്കിയത്. ഫിന്‍മെക്കനിക്കയുടെ ഹെലികോപ്ടര്‍ വിഭാഗമായ അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന്റെ മുന്‍ സിഇഒയായ ബ്രൂണോ സ്പഗനോലിനിക്കും നാലു വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചു.
ഓഴ്സിക്ക് ജയില്‍ ശിക്ഷ ലഭിച്ചത് അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യ കമ്പനിക്ക് എതിരെ നല്‍കിയിരിക്കുന്ന കേസിനെ ശക്തിപ്പെടുത്തും.
ഇന്ത്യയില്‍ സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ വ്യോമസേന തലവന്‍ എസ് പി ത്യാഗിയും ബന്ധുക്കളും ഈ കേസില്‍ പ്രതികളാണ്. കൂടാതെ യൂറോപ്പുകാരായ കാര്‍ലോ ഗെരോസ, ക്രിസ്റ്റ്യന്‍ മൈക്കേല്‍, ഗുഡോ ഷാഷ്കെ എന്നിവര്‍ക്കെതിരേയും ഫിന്‍മെക്കനിക്ക, അഗസ്ത വെസ്റ്റ് ലാന്‍ഡ്, ചണ്ഡിഗഢിലെ ഐഡിഎസ് ഇന്‍ഫോടെക്, എയ്റോമാട്രിക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ത്യാഗിയുടെ ബന്ധുക്കളുടെ ന്യുഡല്‍ഹിയിലെ അഞ്ച് ഫ്ളാറ്റുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. പ്രതിരോധ മന്ത്രാലയം ഫിന്‍മെക്കനിക്കയേയും സഹകമ്പനികളേയും കരിമ്പട്ടികയില്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. 423 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യ ഇടപാട് റദ്ദാക്കുകയും ചെയ്തു.
വിവിഐപി ഹെലികോപ്ടര്‍ അഴിമതി: ഫിന്‍മെക്കനിക്കയുടെ മുന്‍ തലവന്‍ ജയില്‍ ശിക്ഷ
Next Story