TopTop
Begin typing your search above and press return to search.

കാട്ടുതീ വയനാടൻ കാടുകളിലേക്ക്? വന്യജീവി സങ്കേതം ഉള്‍പ്പെടെ ഭീഷണിയില്‍

കാട്ടുതീ വയനാടൻ കാടുകളിലേക്ക്? വന്യജീവി സങ്കേതം ഉള്‍പ്പെടെ ഭീഷണിയില്‍

അതിര്‍ത്തിക്കപ്പുറമാണ് അണയാത്ത കാട്ടുതീ പടരുന്നതെങ്കിലും വയനാട്ടിലെ അതിര്‍ത്തി ജനത കഴിഞ്ഞ കുറച്ച് ദിവസമായി ജീവിക്കുന്നതു നെഞ്ചില്‍ തീയുമായാണ്. മാനം മുട്ടെയുള്ള അഗ്നി നാളങ്ങള്‍ ഉയര്‍ന്നു വരുന്നത് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിനടുത്തുള്ള വന മേഖലയിലാണെങ്കിലും വയനാടന്‍ കാടുകളും ജനങ്ങളും അധികൃതരും കടുത്ത ആശങ്കയിലാണ്. കാറ്റില്‍ പറന്നെത്തുന്ന തീക്കനലുകള്‍ നാലു ദിക്കുകളിലേക്കും തീപ്പന്തം എടുത്ത് എറിയുന്ന അവസ്ഥയില്‍ സംഹാര താണ്ഡവമാടാം. ചെറിയ സമയം കൊണ്ട് ഒന്നും ചെയ്യാനാവില്ല.

ഇക്കൊല്ലത്തെ വരള്‍ച്ച എല്ലാ മേഖലകളെയും ബാധിച്ചെങ്കിലും ഈ നില തുടര്‍ന്നാല്‍ ജില്ലയുടെ നിലനില്‍പ്പിനെ പോലും കാര്യമായി ബാധിക്കുന്ന തരത്തിലാണ് കാട്ടു തീ തീ പടന്നു കൊണ്ടിരിക്കുന്നത്. വനത്തിലെ പച്ചപ്പുകള്‍ മാഞ്ഞു കരിയിലകള്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് തന്നെ ചെറിയ ഒരു തീ നാമ്പ് വീണാല്‍ പോലും അത് വലിയ അഗ്നി നാളമായി മാറുകയാണ്.

കാട്ടുതീയില്‍ നശിക്കുന്ന വനസമ്പത്താണ് മറ്റൊരു തീരാനഷ്ടം. ചുറ്റും തീ പടരുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം പകച്ചോടുന്ന വന്യമൃഗങ്ങളും ദയനീയ കാഴ്ചയാണ്. മൃഗങ്ങളില്‍ പലതും ഓടിയെത്തുന്നത് മനുഷ്യ വാസമുള്ള സ്ഥലങ്ങളിലേക്കാണ് എന്നുള്ളതും വലിയ ആശങ്കയുണ്ടാക്കുന്നു.

നിലവില്‍ കാട്ടുതീ പടന്ന വനമേഖല മുഴുവന്‍ ചാരവും പുകയും നിറഞ്ഞിരിക്കുകയാണ്. കാട്ടുതീ ഉണ്ടായിട്ടുണ്ടെന്ന് അന്തരീക്ഷം കണ്ടപ്പോള്‍ വയനാടന്‍ ജനതക്ക് അദ്യമേ മനസ്സിലായെങ്കിലും തീ പടര്‍ന്നത് കൃത്യം എവിടെയാണെന്ന് അറിയാന്‍ കഴിഞ്ഞില്ല. തുടന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേത വനമേഖലയാണെന്ന സ്ഥിരീകരണമുണ്ടായെങ്കിലും തീ വയനാടന്‍ കാടുകളിലേക്ക് പടരാന്‍ ഉള്ള സാധ്യത ഇനിയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ബന്ദിപ്പൂര്‍ വനത്തില്‍ തീ പടര്‍ന്നതിനാല്‍ കുറിച്യാട്, ബത്തേരി റേഞ്ചുകളിലെ മുഴുവന്‍ വനപാലകരെയും അതിര്‍ത്തി ഭാഗങ്ങളിലേക്ക് മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും ശക്തമായ തീയെ പ്രതിരോധിക്കാന്‍ ഇതൊന്നും പോര എന്നുള്ളതാണ് വാസ്തവം. വയനാടിന്റെ അതിര്‍ത്തി മേഖലകളില്‍ പ്രധാന ഭാഗങ്ങളായ കുറിച്യാട്, ഗോളൂര്‍, ദൊഡ്ഢക്കുളസി തുടങ്ങിയ മേഖലകളില്‍ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഈ മേഖലകളില്‍ തീ പടന്നാല്‍ അത് ആഴമളക്കാന്‍ പോലും കഴിയാത്ത ആഘാതമാണ് ഉണ്ടാക്കുക. പ്രത്യേകിച്ച് അപൂര്‍വങ്ങളായ നിരവധി സസ്യ സമ്പത്തും അതുവഴി നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും വനം ജീവനക്കാര്‍ പറയുന്നു.

സംസ്ഥാന അതിര്‍ത്തിയിലെ വലിയ ഫയര്‍ലൈന്‍ മുഴുവന്‍ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ഉള്ളത്. തീയണക്കാന്‍ വേഗത്തില്‍ വെള്ളമെടുക്കാനുള്ള സൗകര്യം അടക്കം ഒരുക്കിയിട്ടുമുണ്ട്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ എല്ലാവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തുന്നുമുണ്ട്. ഒപ്പം ബത്തേരി റേഞ്ച് ഓഫീസര്‍ കൃഷ്ണദാസ് കുറിച്യാട് റേഞ്ച് ഓഫീസര്‍ വിനോദ്, വണ്ടിക്കടവ് റേഞ്ച് ഓഫീസര്‍ കെ.ബാബുരാജ് എന്നിവരെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വത്തില്‍ ഒപ്പമുണ്ട്.

ഒരു മാസത്തിനിടെ മഴ ലഭിച്ചതിനാല്‍ കുറിച്യാട് വനമേഖലയില്‍ ചെറിയ പച്ചപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും വനത്തിലേക്കുള്ള പ്രവേശനം കര്‍ശമായി നിരോധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് കാലികളെ മേയിക്കല്‍, വനവിഭവ ശേഖരണം എന്നിവയെല്ലാം നിരോധിച്ചിരിക്കുകയാണ്. 'കൊടും വരള്‍ച്ച തന്നെയാണ് ഇത്തരം ഒരു ദുരന്തത്തിന് പിന്നിലുള്ളത് എന്നതു കൊണ്ട് വരള്‍ച്ചയെ പ്രതിരോധിക്കുന്ന ഒരു മാര്‍ഗം തന്നെയാണ് നാം അവലംബിക്കേണ്ടതും. മരങ്ങള്‍ കൂട്ടിയിടിച്ചും കല്ലുകള്‍ ഉരസിയുമൊക്കയാണ് കാട്ടുതീ ഉണ്ടാകുന്നത് എന്നത് പൊള്ളയായ കാര്യമാണ്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ അങ്ങനെ സംഭവിക്കു. ഇത് മനുഷ്യരുടെ ഇടപെടല്‍ കൊണ്ട് മാത്രം ഉണ്ടായ ദുരന്തമാണ്. അതു കൊണ്ട് തന്നെ വലിയ രീതിയിലുള്ള ബോധവത്ക്കരണമാണ് ആദ്യം ആവശ്യം. കാട്ടുതീ മൂലം നശിച്ചു പോകുന്ന ജൈവ സമ്പത്തിന്റെയും ഷഡ്പദങ്ങളുടെയും നാശം പ്രകൃതിയുടെ സ്വഭാവികതയെ ബാധിച്ച് വലിയ രീതിയിലുള്ള ആഘാതങ്ങള്‍ ഭാവിയില്‍ സൃഷ്ടിച്ചേക്കും. ഗ്രീന്‍ ബെല്‍റ്റുകള്‍ കൊണ്ടു വരിക, ഫയര്‍ലൈന്‍ സംവിധാനം കാര്യക്ഷമമാക്കുക, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താത്പ്പര്യമുള്ള പ്രാദേശികരായ യുവാക്കളെ ഉള്‍പ്പെടുത്തി ഫയര്‍ റെസ്‌ക്യൂ സംവിധാനം വിപുലപ്പെടുത്തുക, കാട്ടുതീ പടരുമ്പോള്‍ ഫോറസ്റ്റ് ഗാര്‍ഡുകളെ സഹായിക്കാന്‍ കൂടുതല്‍ യുവാക്കളെ നിയമിക്കുക, ടൂറിസ്റ്റുകളെ വനത്തില്‍ പ്രവേശിക്കുന്നവരെയും കൃത്യമായി പരിശോധിക്കുക തുടങ്ങിയവയെല്ലാം ചെയ്യാവുന്നതാണ്'; കല്‍പ്പറ്റ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞനായ ശിവന്‍ പറയുന്നു.

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പടര്‍ന്ന കാട്ടുതീ അഞ്ചു റേഞ്ചുകളിലെ വനമാണ് കത്തി ചാമ്പലാക്കിയത്. എടയാള സബ് ഡിവിഷലിലെ ബേഗൂര്‍, ഗുണ്ടറ, കല്‍ക്കര, മുളയൂര്‍, എടയാള റേഞ്ചുകളിലാണ് സര്‍വ്വനാശം വിതച്ച കാട്ടുതീ പടര്‍ന്നത്. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നതും ഗുണ്ടറ റേഞ്ചില്‍പ്പെട്ടതുമായ വനഭാഗം മാത്രമാണ് ഇനിയവശേഷിക്കുന്നത്. പതിനായിരത്തിലധികം ഏക്കര്‍ വനമാണ് കത്തിയതെന്ന് വനം വകുപ്പ് പറയുന്നതെങ്കിലും അതിന്റെ വ്യാപ്തി അതിലും കൂടിയിരിക്കാനാണ് സാധ്യത. കഴിഞ്ഞ കുറച്ച് കാലമായി വനം വകുപ്പ് നടത്തി വന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഫലപ്രാപ്തിയില്‍ എത്തിയില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നത്. കേരള കര്‍ണാടക സംസ്ഥാനങ്ങള്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് തീയുടെ പത്ത് മീറ്റര്‍ അടുത്ത് വരെ വെള്ളമെത്തിച്ചിരുന്നെങ്കിലും അമ്പത് മീറ്റര്‍ ഉയരത്തില്‍ എത്തിയിരുന്ന തീനാമ്പുകളെ പ്രതിരോധിക്കാന്‍ ഫയര്‍ഫോഴ്‌സിന് പലപ്പോഴും കഴിഞ്ഞില്ല.

രാജ്യത്തെ പ്രധാന കടുവാ സങ്കേതമെന്ന ഖ്യാതിയുള്ള ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത് അധികൃതരുടെ അനാസ്ഥ കൊണ്ട് തന്നെയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കൊല്ലം മഴ വളരെ കുറഞ്ഞതിനാല്‍ കാട്ടുതീ ഭീകരമാകുമെന്ന മുന്നറിയിപ്പ് വനം വകുപ്പ് മുഖവിലക്ക് എടുത്തുമില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിന്റെ നല്ലൊരു ഭാഗം അഗ്നി ബാധക്ക് ഇരയായിരുന്നു. കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും ജനുവരി മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഫയര്‍ലൈന്‍ നിര്‍മ്മിച്ച് ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ച് കൃത്യമായി നിരീക്ഷിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തീ പിടുത്തമുണ്ടായ ഈ ഭാഗത്ത് ഇത്തവണ ഫയര്‍ലൈന്‍ നിര്‍മ്മിച്ചിട്ടില്ല എന്നാണ് വ്യക്തമായതെന്ന് വനം വകുപ്പിന്റെ ഉന്നത തല ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. വനത്തിലൂടെയുള്ള പാതകളുടെ ഇരു ഭാഗത്തും നിശ്ചിത അളവില്‍ ചെത്തിമാറ്റി കരിയിലകള്‍ കത്തിച്ചു കളഞ്ഞാണ് തീ പിടുത്തം ഒഴിവാക്കുന്നത്. ഈ ഫയര്‍ലൈനിലൂടെ വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചാല്‍ തീ പിടുത്ത സാധ്യത വലിയ ഒരളവു വരെ ഇല്ലാതാക്കാന്‍ കഴിയും.

ഫയര്‍ സീസണില്‍ കൂടുതല്‍ വാഹനങ്ങളെത്തിച്ചും ഓരോ ക്യാംപിലും കൂടുതല്‍ ഫയര്‍ വാച്ചര്‍മാരെ നിയമിച്ചും മുന്‍ കരുതലുകള്‍ എടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതും ഉണ്ടായില്ല. വേണ്ടത്ര സുരക്ഷാ കരുതലുകള്‍ ഇല്ലാതെ കാട്ടു തീ അണയ്ക്കാന്‍ ജീവനക്കാര്‍ പോകുന്നതും വലിയ പ്രശ്‌നമാണ്. കാട്ടു തീ അണയ്ക്കാന്‍ പോകുന്നര്‍ കയ്യുറയും തലയില്‍ ഹെല്‍മറ്റും ജാക്കറ്റും ധരിക്കണമെന്നാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു ഉപകരണവും ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. ചപ്പ് വെട്ടിയെടുത്ത് നിലത്തടിച്ചാണ് തീ കെടുത്തുന്നത്. ഇവര്‍ക്ക് കുടിക്കാന്‍ വെള്ളമോ സമയത്തിന് ഭക്ഷണമോ എത്തിക്കുന്നുമില്ല. വള്ളിപ്പടര്‍പ്പുകളില്‍ കയറി മറിഞ്ഞ് മുറിവേല്‍ക്കുന്നതും ശ്വാസം മുട്ടി തളര്‍ന്ന പോകുന്ന അവസ്ഥയുമുണ്ടെന്ന് വനപാലകര്‍ പറയുന്നു. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും വര്‍ഷാവര്‍ഷമുണ്ടാകുന്ന കാട്ടുതീ അണയ്ക്കാന്‍ യാതൊരു സംവിധാനവുമില്ല എന്നത് ചിന്തിക്കേണ്ട വസ്തുത തന്നെയാണെന്നും ഇവര്‍ പറയുന്നു. ഒരു പരിധി വരെ കടുവ സംരക്ഷണത്തിന് കോടികള്‍ ചിലവഴിക്കുന്ന കടുവ സംരക്ഷണ അതോറിറ്റിയും ഇക്കാര്യം വിസ്മരിക്കുകയാണ്.

ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍ തന്നെ വയനാട് വന്യജീവി സങ്കേതം അധികൃതര്‍ അതിര്‍ത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതില്‍ തന്നെ മുത്തങ്ങ കാടുകളില്‍ കഴിഞ്ഞ ദിവസം ചെറിയ രീതിയില്‍ തീ പടര്‍ന്നത് ആശങ്ക ഉണ്ടാക്കിയിരുന്നു.

186 ഫയര്‍ വാച്ചര്‍മാരെയാണ് തീ പിടുത്തമുള്ള അതിര്‍ത്തി മേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. ഏറെ തീ പിടുത്ത സാധ്യത ഉള്ളത് കുറിച്യാട് വന മേഖലയില്‍പ്പെട്ട ഗോളൂര്‍,നെല്ലിക്കല്‍,ഗൂളിക്കല്‍ എന്നിവടങ്ങളാണ്. വയനാട് വന്യജീവി സങ്കേതം ഓഫീസില്‍ നിന്ന് 22 കിലോ മീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലങ്ങള്‍. വാച്ചര്‍മാര്‍ക്ക് പുറമെ തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പല ഗ്രൂപ്പുകളായാണ് ഉള്‍വനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ വനപാലകര്‍ ഇരു വശത്തുനിന്നും പുല്ല് ചെത്തിക്കൂട്ടി നടുക്ക് തീയിട്ട് ഫയര്‍ ബെല്‍റ്റ് ഒരുക്കിയിരുന്നു. വാച്ചര്‍മാര്‍ക്ക് പുറമെ ഗോത്ര തൊഴിലാളികളെയും വയനാടന്‍ അതിര്‍ത്തി കാടുകളില്‍ എത്തിച്ചിട്ടുണ്ട്. 'ബന്ദിപ്പൂര്‍ മേഖലയില്‍ ബാധിച്ച തീ വയനാടന്‍ കാടുകളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. 24 മണിക്കൂറും നിരീക്ഷണത്തിനായി അതിര്‍ത്തിയില്‍ വനപാലകരെയും നിയമിച്ചിട്ടുണ്ട്. ബേഗൂര്‍ പേര്യ റേഞ്ചില്‍ വരുന്ന വന ഭാഗങ്ങളില്‍ കാട്ടു തീ പടരുന്ന സാഹര്യം ഉണ്ടായാല്‍ അതിന്റെ ആഘാതം ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും' എന്ന് നോര്‍ത്ത് വയനാട് ഡിവിഷന്‍ പേര്യ റേഞ്ച് ഓഫീസര്‍ ടി.സി രാജന്‍ പറയുന്നു.

കടുത്ത കാട്ടു തീ ഉണ്ടായാല്‍ ഫയര്‍ എഞ്ചിനുകള്‍ കടന്ന് പോകാനുള്ള റോഡ് സൗകര്യവും വനത്തിനുള്ളിലില്ല. അതീവ സംരംക്ഷണ പ്രാധാന്യമുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്ന കടുവാ സങ്കേതങ്ങളുടെ നിലനില്‍പ്പിന് ഇപ്പോഴുള്ള ഈ ഇടപെടലുകള്‍ നിര്‍ണ്ണായകമാണ്. ഓരോ കാര്യങ്ങള്‍ക്കും അനുവദിക്കുന്ന ഫണ്ടുകള്‍ ഉന്നത തലങ്ങളില്‍ നിന്ന് തന്നെ വഴി മാറുന്നു എന്നുള്ള ആരോപണങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories