TopTop
Begin typing your search above and press return to search.

2017-ലെ ആദ്യ ഹര്‍ത്താലും കാസര്‍കോഡ് ജില്ലയോടുള്ള ചില അവമതിപ്പുകളും

2017-ലെ ആദ്യ ഹര്‍ത്താലും കാസര്‍കോഡ് ജില്ലയോടുള്ള ചില അവമതിപ്പുകളും

കെ എ ആന്റണി

റോബർട്ട് ഫ്രോസ്റ്റ് എഴുതിയ കവിതകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് "മെൻഡിങ് വാൾ " (മതിൽ നന്നാക്കൽ അഥവാ വേലി നന്നാക്കൽ). 1914 -ൽ എഴുതപ്പെട്ട ഈ കവിത അതേ വര്‍ഷം തന്നെ പ്രകാശിതമായി. പ്രസ്തുത കവിത നിരൂപണങ്ങൾക്കും വിവക്ഷകൾക്കും അപ്പുറമെന്നാണ് അക്കാല നിരൂപകർ പറഞ്ഞുറപ്പിച്ചത്. ഒറ്റ വായനയ്ക്കോ സാധാരണ നിഗമനങ്ങൾക്കോ നിന്ന് തരാത്ത അഥവാ പിടിച്ചാൽ പിടികിട്ടാത്ത ഒന്ന് എന്നെഴുതി വച്ച് നിരൂപക കേസരികൾ പേന താഴെ വെച്ച് നമോവാകം ചൊല്ലി പിരിഞ്ഞു. ഇന്നും സ്‌കൂളുകളിലും കോളേജുകളിലും ഇതേ കവിത പാഠ്യ വിഷയം ആവുകയും പഴയ പണ്ഡിത നിരൂപണ മന്ത്രം അധ്യാപകർ ഉരുക്കഴിക്കുകയും ചെയ്യുന്നു.

ഇപ്പോൾ ഇവിടെ റോബർട്ട് ഫ്രോസ്റ്റും അദ്ദേഹത്തിന്റെ മെൻഡിങ് വാൾ എന്ന കവിതയും പ്രതിപാദ്യ വിഷയമാകുന്നത് മറ്റൊരു അർത്ഥതലത്തിൽ നിന്നാണ്. അതാവട്ടെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട നമ്മുടെ കാസർകോടൻ ജനതയെ പുതിയ വർഷത്തിലും മാലോകർ എങ്ങനെ വിലയിരുത്തും എന്നതിനെ കുറിച്ച് കൂടിയാണ്.

വീണ്ടും കവിതയിലേക്ക്. അയൽക്കാർ ആയ രണ്ടു പേർ തമ്മില്‍ ഒരു വേലിയെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളും അവരുടെ മനോവികാരങ്ങളും ആവിഷ്കരിക്കുന്ന കവിത ദി റോഡ് നോട്ട്‌ ടേക്കൺ എന്ന ഇതേ കവിയുടെ ചിന്തയും തീഷ്ണതയും ഒക്കെ ഒരേ പോലെ വെളിപ്പെടുത്തുന്നുണ്ട്.

എത്ര തവണ പുനർനിർമ്മിച്ചാലും വേലിയിൽ വിള്ളൽ പ്രത്യക്ഷമാകുന്നത് ആഖ്യായകനെ ചിന്താകുഴപ്പത്തിലാക്കുന്നു. പ്രകൃതിയിൽ എന്തോ ഒന്നിന് വേലിക്കെട്ടിനോട് വിരോധം ഉണ്ടെന്ന്‍ അയാൾ തിരിച്ചറിയുന്നു. ഇക്കാര്യം അയാൾ തന്റെ അയൽക്കാരനോട് പറയുന്നുമുണ്ട്. എന്നാൽ നല്ല വേലികൾ നല്ല അയൽക്കാരെ ഉണ്ടാക്കുന്നുവെന്ന വാദമാണ് അയാൾ ഉന്നയിക്കുന്നത്.

കവിതയിലെ വേലിയുടെ അവസ്ഥയാണ് കേരളത്തിലെ ക്രമസമാധാനത്തിന്റെ കാര്യവും. ഇവിടെ സമാധാനം പാടില്ലെന്ന് ചിലർക്ക് നിർബന്ധമുള്ളതുപോലെ. പുതുവർഷത്തിൽ തന്നെ പാനൂരിലും തിരുവനന്തപുരത്തും ഒക്കെ സിപിഎം -ആർഎസ്എസ് വക വെട്ടും കുത്തും നടന്നു. ജനുവരി രണ്ടിന് കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ വീണ്ടും ആർഎസ്എസ് -സിപിഎം സംഘട്ടനം. തൊട്ടു പിന്നാലെ ഹർത്താൽ. 2017-ലെ ആദ്യ ഹർത്താൽ. അങ്ങനെ പുതുവർഷത്തിലെ ആദ്യ ഹർത്താൽ കാസര്‍ക്കോടുകാർക്കു സ്വന്തമായി.

എന്തൊക്കെയായിരുന്നു കര്‍ണ്ണാടകവുമായി അതിർത്തി പങ്കിടുന്ന നമ്മുടെ കാസർകോട് ജില്ലയെക്കുറിച്ചുള്ള അവമതിപ്പുകൾ. സങ്കര ഭാഷ സംസാരിക്കുന്നവരുടെ നാട്, കള്ളക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും പറുദീസ, വിവരോം വിദ്യാഭ്യാസോം ഇല്ലാത്തവരുടെ നാട് എന്ന് തുടങ്ങി ഒടുവിൽ സർക്കാർ സർവീസിൽ കൊള്ളാത്തവരെയും കൊള്ളാത്തവരെന്നു കരുതുന്നവരെയും കൊണ്ടുവന്നു തള്ളുന്ന ഡംപിങ് ജില്ല എന്ന പേരുപോലും പുഴകളും മലകളും കൊച്ചു കൊച്ച് അരുവികളും നാല് ഭാഷകളും എണ്ണം പറഞ്ഞ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും (രാഷ്ട്രിയക്കാരല്ല) ഒപ്പം സ്നേഹം മാത്രം വിളമ്പുന്ന ഒരു ജനതയും ഒക്കെ ചേർന്ന് എല്ലാ അർഥത്തിലും ഏറെ സമ്പന്നവും സമൃദ്ധവും ആക്കിയ ഒരു ദേശത്തിനു വന്നു ചേർന്നു.

ഇതിന്റെയൊക്കെ തുടക്കം ചിലരുടെ പഴയ കള്ളക്കടത്തു വീരകഥകൾ തന്നെ ആയിരുന്നു. കാസർഗോഡ് കാദർ ഭായി രണ്ടു പാർട്ട് ഇറങ്ങി സിനിമയായി. പിന്നേയും ഉണ്ടായി കാസർകോടൻ അധോലോക കഥ പറയുന്ന സിനിമകൾ. കള്ളക്കടത്തുകാർ ഒതുങ്ങി കുഴൽപ്പണക്കാർ വന്നപ്പോൾ കാസർഗോഡ് വീണ്ടും കരിമ്പട്ടികയിൽ തന്നെ. കൂട്ടത്തിൽ എൻഡോസൾഫാൻ ദുരന്തങ്ങൾ കൂടിയായപ്പോൾ സ്വർഗ്ഗ എന്ന കാസർകോടൻ ഗ്രാമം പോലും നരകമായി.

അടുത്ത കാലത്ത് ഏറെ മുഴങ്ങിക്കേട്ട ഒരു സങ്കട ഗീതം സർവ തെമ്മാടികളെയും ഇതാ സർക്കാർ കാസർകോട്ടേക്ക്‌ അയച്ചു നാട്ടാരെ ദുരിതത്തിലാക്കുന്നു എന്നതാണ്. ഇത് വലിയൊരു പരിധിവരെ യാഥാർഥ്യം ആണെന്നതാണ് സത്യം. സർക്കാരുകൾ വരും പോകും. ഓരോ സർക്കാരിനുമുണ്ട് ഒരു ഹിറ്റ് ലിസ്റ്റ്. ഈ ലിസ്റ്റിൽ പെടുന്നവർ മുഴുവൻ കുഴപ്പക്കാരല്ല. എന്നാൽ കുഴപ്പക്കാരും ഉണ്ട്. അന്യദേശത്തേക്കു നാടുകടത്തപ്പെടുന്ന ഇരു കൂട്ടരും തങ്ങളുടെ ജോലിയിൽ താല്പര്യക്കുറവ് കാണിക്കുമ്പോൾ വെട്ടിലാകുന്നത് തദ്ദേശവാസികളാണ്.

ഇപ്പോള്‍ 2017-ലെ ആദ്യ ഹർത്താൽ കാസര്‍കോടുകാർ കൊണ്ടുപോയി. സകലമാന രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും തങ്ങളുടെ യാത്രകളും മാർച്ചുകളുമൊക്കെ ആരംഭിക്കുന്ന കാസർകോട് നിന്ന് തന്നെ തുടങ്ങിയതിനാല്‍ ഇനിയങ്ങോട്ട് കേരളമൊട്ടാകെ ഹർത്താലുകളുടെ ഘോഷയാത്ര ആയിരിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories