TopTop
Begin typing your search above and press return to search.

ഫൈസല്‍ റാസി; പൂമരത്തിന്റെ പാട്ടുകാരന്‍

ഫൈസല്‍ റാസി; പൂമരത്തിന്റെ പാട്ടുകാരന്‍

വിനീത വിജയന്‍

ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതുപേരും
പൂമരംകൊണ്ട് കപ്പലുണ്ടാക്കി...

അടുത്തകാലത്തൊന്നും ഒരു ചലച്ചിത്രഗാനത്തിന്റെ വരികള്‍ മലയാളികള്‍ ഇത്രമേല്‍ പ്രിയത്തോടെ ചൂണ്ടോടുചേര്‍ത്ത് പിടിച്ചിട്ടുണ്ടാകില്ല. പൂമരം എന്ന ചിത്രത്തിലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റ്‌പോലെ (സിനിമയുടെ ചിത്രീകരണം നടക്കുന്നതേയുള്ളൂ) ഇന്നലെ വൈകുന്നേരം സംവിധായകന്‍ എബ്രിഡ് ഷൈന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കിട്ടിയ ഗാനം നിമിഷങ്ങള്‍ക്കകമാണ് ആസ്വാദകര്‍ ഏറ്റെടുത്ത്. ഒരുവട്ടമല്ല പലവട്ടം ആ പാട്ട് കേട്ടുകഴിഞ്ഞെന്നതിന്റെ തെളിവാണ് ഓരോ ഫെയ്‌സ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ട പാട്ടുവരികള്‍. പൂമരത്തിലെ പാട്ട് ഓരോരുത്തരും പാടിക്കൊണ്ടേയിരിക്കുന്നു...

ലളിതമായ വരികള്‍, ലളിതമായ ഈണം, സുഭഗമായ ആലാപനം, അതിനെല്ലാമൊപ്പം അത്രമേല്‍ മനോഹരമായ പുഞ്ചിരിയോടെ കാളിദാസും; പൂമരത്തിലെ ഗാനം ആസ്വാദകമനമേറാന്‍ കാരണങ്ങള്‍ ഇതെല്ലാമാണ്. ഒന്നുറപ്പായി, എബ്രിഡ് ഷൈന്റെ തീരുമാനം വന്‍വിജയമായി; ഈ ഒറ്റഗാനം മതി പൂമരം റിലീസ് ചെയ്യാന്‍ മലയാളി അക്ഷമയോടെ കാത്തിരിക്കാന്‍.

പാട്ടിനൊപ്പം മറ്റൊരാളെ കുറിച്ചും എല്ലാവരും അന്വേഷിക്കാന്‍ തുടങ്ങി. 'പൂമര'പ്പാട്ടൊരുക്കിയ ആ സംഗീതസംവിധായകനെ.
'ഞാനൊന്നു നോക്കി... അവള്‍ എന്നെയും നോക്കി...
എന്തൊരഴക്... എന്തൊരു ഭംഗി...'

യുവത മൂളുന്ന ഈ വരികള്‍ക്കു സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്. ഒരു പുതുമുഖ സംഗീതസംവിധായകനും ഇങ്ങനെയൊരു എന്‍ട്രി കിട്ടിക്കാണില്ല. നിമിഷങ്ങള്‍ കൊണ്ടല്ലേ അയാള്‍ ലക്ഷണക്കിന് ആസ്വാദകരുടെ ഇഷ്ടം സ്വന്തമാക്കിയത്. ആര്‍ക്കും ഇതൊരു അത്ഭുതമായി തോന്നാന്‍ ഇടയില്ല. കാരണം സംഗീതത്തിനുവേണ്ടി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ പ്രതിഭ തന്നെയാണ് ആ പാട്ട്.

ഇന്നു നാമെല്ലാവരും അറിയുന്നതിനു മുന്നേ ഫൈസലിനെ അറിഞ്ഞിട്ടുണ്ട് മഹാരാജാസ് കോളേജിന്റെ ഇടനാഴികള്‍. ചീന്തിയിട്ടിരിക്കുന്ന നിഴല്‍തുണ്ടുകള്‍ ചവിട്ടി ആ ഇടനാഴികളിലൂടെ കയ്യില്‍ ഒരു ഗിറ്റാറുമായി നടക്കുന്ന ആ ചെറുപ്പക്കാരന്റെ സംഗീതം ആദ്യമായി ആസ്വദിച്ചിരുന്നതും മഹാരാജാസിന്റെ ചുവരുകളായിരിക്കാം.

എ. ആര്‍. റഹ്മാന്‍ എന്ന അതുല്യപ്രതിഭയോടുള്ള അത്യാരാധനയായിരുന്നു ഫൈസലിന്റെ മനസു മുഴുവന്‍. അതുകൊണ്ടാണല്ലോ അദ്ദേഹത്തിനു പിറന്നാള്‍ സമ്മാനമായി ഒരു ആല്‍ബം ചെയ്യാന്‍ മോഹം തോന്നിയതും. ആ മോഹത്തിനൊടുവിലാണ് കഫെ ഖവാലി എന്ന അതിമനോഹരമായ ആല്‍ബം പിറന്നത്. റഹ്മാന് കിട്ടിയിരിക്കുന്ന ഉചിതമായ ഉപഹാരങ്ങളില്‍ ഒന്നു തന്നെയായിരുന്നു കഫെ ഖവാലി.എന്നാല്‍, അത്രയും നല്ല പിറനാള്‍ സമ്മാനം ഒരുക്കിയ ചെറുപ്പകാരന്റെ ക്യാമ്പസ് മോഹങ്ങള്‍ക്ക് അവിടെ ഒരന്ത്യമാവുകയായിരുന്നു. മതിയായ ഹാജര്‍ ഇല്ലന്ന കാരണത്താല്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ ഫൈസല്‍ കോളേജില്‍ നിന്നും റോള്‍ഔട്ട് ചെയ്യപെട്ടു.

മോഹങ്ങള്‍ ഒന്നും പകുതി വഴിക്ക് അവസാനിപ്പിക്കാതെ ഫൈസല്‍ സംഗീതത്തിന്റെ വഴിയേ തന്നെ നടന്നു. ആ ദിവസങ്ങളില്‍ എന്നോ ആണ് ഗിറ്റാറുമായി കാമ്പസില്‍ അലഞ്ഞു തിരിഞ്ഞ ഫൈസലിനെ എബ്രിഡ് ഷൈന്‍ കാണുന്നത്. പരിചയപ്പെട്ടതിനുശേഷം ചെയ്തത് അടുത്തിരുത്തി പാടിപ്പിക്കുകയായിരുന്നു. ഫൈസലിന്റെ ഉള്ളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ എബ്രിഡ് ഷൈന്‍ നല്‍കിയ സമ്മാനമായിരുന്നു തന്റെ പുതിയ സിനിമയിലെ പാട്ടുകള്‍. അങ്ങനെയാണ് ഇന്നു നമുക്ക് പാടിനടക്കാന്‍ പൂമരംപോലെ മനോഹരമായൊരു ഗാനം കിട്ടുന്നത്.

"ഈ വിജയം എബ്രിഡ് സാറിനും മഹാരാജസിനും സ്വന്തം. അതുല്യമായ ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മഹാരാജാസിന്റെ മണ്ണില്‍ എത്തിയത് കൊണ്ടു മാത്രമാണ് എനിക്ക് ഈ അവസരം കിട്ടിയത്. അവിടെ നിന്നാണ് എനിക്ക് സാറിനെ പരിചയപ്പെടാന്‍ സാധിച്ചത്. ഈ വിജയം അവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒപ്പം എന്റെ വാപ്പയ്ക്കും ഉമ്മയ്ക്കും. പഠനം പാതിവഴിയില്‍ മുടങ്ങിയപ്പോള്‍ പോലും കുറ്റപ്പെടുത്താതെ, സംഗീത വഴിയിലുടെയുള്ള യാത്രക്ക് പൂര്‍ണ പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചത് അവരാണ്" - ഫൈസലിന്റെ വാക്കുകളാണ്‌.

കൊരട്ടിയെന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും മഹരാജസിലൂടെ ഇപ്പോള്‍ മലയാളിയുടെ മനസിലേക്ക് ഈണിട്ടു കയറിവന്ന ഫൈസല്‍ പാട്ടുകളുടെ വലിയൊരു പൂമരക്കാട് തന്നെ ഒരുക്കുമെന്നാഗ്രഹിക്കാം...


Next Story

Related Stories