TopTop
Begin typing your search above and press return to search.

സ്മാര്‍ട്ട് ഫോണ്‍; 5 മിത്തുകള്‍

സ്മാര്‍ട്ട് ഫോണ്‍; 5 മിത്തുകള്‍

ഹേയിലി സുകായാമ
(വാഷിംഗ്ടന്‍ പോസ്റ്റ്)

ദിവസത്തില്‍ ശരാശരി ഒരു മണിക്കൂര്‍ 39 മിനിറ്റ് നമ്മള്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവിടുന്നതായാണ് കണക്ക്- കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ശതമാനം കൂടുതല്‍ സമയം. സ്മാര്‍ട്ഫോണ്‍ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണെന്നാണ് നമ്മള്‍ കരുതുന്നത്. അതേസമയം ഫോണ്‍ ഉപയോഗത്തെ പറ്റിയും അത് നമ്മളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിനെ പറ്റിയും നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകളുമുണ്ട്.

1. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കാന്‍സറുണ്ടാക്കും
സെല്‍ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ "കാന്‍സറിനു കാരണമായേക്കാം" എന്നു തരംതിരിച്ചതിലൂടെ 2011ല്‍ ലോകാരോഗ്യ സംഘടന (WHO) ഉത്കണ്ഠയുടെ കെട്ടഴിച്ചു വിട്ടു. വര്‍ഷങ്ങളായി മൊബൈല്‍ റേഡിയേഷനെ പറ്റിയുള്ള ഭയം ആളുകള്‍ കൊണ്ടുനടക്കുന്നു. ഗ്വിനത്ത് പാല്‍ത്രോവിന്‍റെ ലൈഫ്സ്റ്റൈല്‍ സൈറ്റായ ഗൂപ് ചോദിക്കുന്നത്, "സെല്‍ഫോണുകളും വൈഫൈയും അപകടകാരികളാണോ?" എന്നാണ്. "അറിയാനുള്ള അവകാശ"ത്തിന്‍റെ ഭാഗമായി സെല്‍ ഫോണ്‍ വാങ്ങാനെത്തുന്നവര്‍ക്ക് അവ റേഡിയേഷന്‍ പുറപ്പെടുവിക്കുന്നു എന്ന മുന്നറിയിപ്പ് കൊടുക്കണമെന്ന് സെല്‍ഫോണ്‍ സ്റ്റോറുകളോട് 2015ല്‍ ബെര്‍ക്ക്ലി സിറ്റി നിര്‍ദ്ദേശിക്കുകയുണ്ടായി. "ശാസ്ത്രത്തിന് ഇക്കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ കൂടെ, അപകടസാധ്യത ഉണ്ടെങ്കില്‍ നമ്മള്‍ ശ്രദ്ധയോടെ നീങ്ങണം," എന്നാണ് ബെര്‍ക്‍ലി സിറ്റി കൌണ്‍സില്‍ അംഗം മാക്സ് ആന്‍ഡേഴ്സണ്‍ അന്ന് ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്.

എന്നാല്‍ സെല്‍ഫോണും കാന്‍സറും തമ്മിലുള്ള ബന്ധം ഇതുവരെ ശാസ്ത്രകാരന്മാര്‍ക്ക് സ്ഥാപിച്ചെടുക്കാനായിട്ടില്ല, WHOയും ഇത് സമ്മതിക്കുന്നു. സെല്‍ഫോണ്‍ റേഡിയേഷനെ ക്ലാസിഫൈ ചെയ്തതിനോടൊപ്പം ഇറക്കിയ ഫാക്റ്റ് ഷീറ്റില്‍ പറയുന്നത്, "മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ടുണ്ടായ ഒരു ആരോഗ്യ പ്രശ്നവും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല," എന്നാണ്. തലച്ചോറിനുണ്ടാകുന്ന രണ്ടുതരം കാന്‍സറുകളായ ഗ്ലയോമ (malignant form), അകൊസ്റ്റിക് ന്യൂറോമ (benign form) എന്നിവയ്ക്കുള്ള സാദ്ധ്യതകള്‍ ഇതുമൂലം വര്‍ദ്ധിക്കുന്നില്ല എന്ന് സംശയാതീതമായി തെളിയിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും രോഗവും ഫോണ്‍ റേഡിയേഷനും തമ്മില്‍ നേരിട്ടുള്ള ബന്ധവും കണ്ടെത്തിയിട്ടില്ല. സെല്‍ഫോണ്‍ ഉപയോഗം വ്യാപകമായ ഇക്കഴിഞ്ഞ ദശകത്തില്‍ ബ്രെയിന്‍ കാന്‍സര്‍ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടില്ലെന്നാണ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പറയുന്നത്.

2. പാവപ്പെട്ടവര്‍ക്ക് താങ്ങാനാകാത്ത ആഡംബരമാണ് സ്മാര്‍ട്ട്ഫോണ്‍
ഗവണ്‍മെന്‍റ് സബ്സിഡിയുള്ള ഫോണുകളെ പറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകളിലാണ് സെല്‍ഫോണ്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവാത്ത ഒന്നാണെന്ന വാദമുയര്‍ന്നു കേള്‍ക്കാറുള്ളത്. 'ഒബാമ ഫോണ്‍' എന്നു തെറ്റായി വിളിപ്പേരു വീണ 'ലൈഫ് ലൈന്‍ പ്രോഗ്രാം' സെല്‍ഫോണ്‍ സര്‍വീസിന് സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ വിമര്‍ശിക്കുന്നവര്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുന്നു. "അത്യാവശ്യ സര്‍വീസുകളാണ് ഫെഡറല്‍ ഗവണ്‍മെന്‍റ് കൊടുക്കേണ്ടത്. ആരുടെയോ സാമൂഹ്യജീവിതത്തിനായി ഞാനും നിങ്ങളുമടങ്ങുന്ന നികുതിദായകര്‍ പണം നല്‍കേണ്ടതില്ല. ഇത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല," ടിം ഗ്രിഫിന്‍ (R-Ark.) 2012ല്‍ ഡെയ്ലി കോളറിനോട് പറഞ്ഞു. ഈയിടെ, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള സഹായത്തെ വിമര്‍ശിക്കുന്നവര്‍ മൊബൈല്‍ ഫോണുകളുമായി നില്‍ക്കുന്ന സിറിയക്കാരുടെ ഫോട്ടോകള്‍ ചൂണ്ടിക്കാണിച്ച് പറഞ്ഞത് സെല്‍ഫിയെടുക്കാന്‍ സാധിക്കുന്ന ഇവരുടെ അവസ്ഥ എങ്ങനെ ദയനീയമാണെന്നു പറയും എന്നാണ്.

എന്നാല്‍ സ്മാര്‍ട്ട്ഫോണുകളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ ഒരുപാടു പേര്‍ക്ക് എത്തിപ്പിടിക്കാവുന്ന സൌകര്യമായിരിക്കുന്നു ഇത്. മോട്ടറോള, ചൈനീസ് ബ്രാന്‍ഡുകളായ ഹുവാവേ, വണ്‍ പ്ലസ്സ് എന്നിവര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞ ഹാന്‍ഡ് സെറ്റുകള്‍ ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 21 വികസ്വര രാജ്യങ്ങളിലെ ജനങ്ങളില്‍ 54 ശതമാനം പേര്‍ "ഇടയ്ക്കെങ്കിലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയോ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കുകയോ ചെയ്തിട്ടുണ്ടെ"ന്നു പ്യൂ റിസര്‍ച്ച് സെന്‍റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസവരുമാനത്തിന്‍റെ മീഡിയന്‍ വാല്യൂ 1,130 ഡോളര്‍ വരുന്ന മലേഷ്യയിലെ 65 ശതമാനം ആള്‍ക്കാര്‍ക്കും സ്മാര്‍ട്ട്ഫോണുള്ളതായി പ്യൂ കണ്ടെത്തി.മധ്യവര്‍ഗ്ഗത്തിന് സ്മാര്‍ട്ട്ഫോണ്‍ എന്നത് അവശ്യവസ്തുവാണിന്ന്; പ്രൌഢി കാണിക്കാനുള്ള മാര്‍ഗ്ഗമല്ല. കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് കണ്ടെത്തിയതു പോലെ താഴ്ന്ന വരുമാനമുള്ള പല കുടുംബങ്ങള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തിനുള്ള ഏക മാര്‍ഗ്ഗമാണ്. ജോലികള്‍ക്ക് അപേക്ഷിക്കാനും ഹോംവര്‍ക്ക് ചെയ്യാനും മറ്റു പല ആവശ്യങ്ങള്‍ക്കും അത് പ്രയോജനപ്പെടുന്നു. ഡിപ്പാര്‍ട്മെന്‍റിന്‍റെ പഠനമനുസരിച്ച് "25,000 ഡോളറില്‍ താഴെ വരുമാനമുള്ള, ഇന്‍റര്‍നെറ്റ് സൌകര്യമുള്ള കുടുംബങ്ങളില്‍ 29 ശതമാനം മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം മാത്രമാണ് ഉപയോഗിക്കുന്നത്. 1,00,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങളുടെ കാര്യത്തില്‍ ഇത് 15 ശതമാനമാണ്."

ആവശ്യഘട്ടങ്ങളില്‍ വിവരങ്ങളറിയാനും സഹായത്തിനപേക്ഷിക്കാനും താമസിക്കാന്‍ ഒരിടം കണ്ടെത്താനുമൊക്കെ ഏറ്റവും നല്ല മാര്‍ഗ്ഗമായിരിക്കുകയാണ് സ്മാര്‍ട്ട്ഫോണ്‍. അഭയാര്‍ത്ഥികളുടെ 'ലൈഫ് ലൈന്‍' എന്നു സ്മാര്‍ട്ട്ഫോണുകളെ വിശേഷിപ്പിച്ച ടൈം മാഗസിന്‍ സിറിയയില്‍ നിന്നെത്തിയ ഒരാളോട് ഏതാണ് കൂടുതല്‍ അത്യാവശ്യം, ഭക്ഷണമാണോ വൈദ്യുതിയാണോ? എന്നു ചോദിച്ചു. ഒട്ടും സംശയിക്കാതെ അയാള്‍ പറഞ്ഞത് "എന്‍റെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത്" എന്നാണ്.

3. സ്മാര്‍ട്ഫോണുകള്‍ നമ്മളെ മൂകരും ഒറ്റപ്പെട്ടവരുമാക്കും
മൊബൈല്‍ ഫോണ്‍ നോക്കുമ്പോഴുള്ള മിക്കവരുടേയും വികാരരഹിതമായ മുഖങ്ങള്‍ കണ്ടാവും ഈ അഭിപ്രായമുണ്ടായത്. പിന്നെ സെല്‍ഫിയെടുക്കുമ്പോള്‍ ഉണ്ടാവാറുള്ള അപകടങ്ങള്‍. ആളുകള്‍ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്ന ശരാശരി സമയത്തിന്‍റെ ദൈര്‍ഘ്യം 2000ല്‍ 12 സെക്കന്‍റുകള്‍ ആയിരുന്നെങ്കില്‍ 2015ല്‍ അത് 8 സെക്കന്‍റുകളായി കുറഞ്ഞു എന്നു മൈക്രോസോഫ്റ്റിലെ ഗവേഷകര്‍ കണ്ടെത്തിയത് വാര്‍ത്തയായി- ഇത് ഒരു ഗോള്‍ഡ്ഫിഷിന്‍റേതിനേക്കാള്‍ കുറവാണ്. ശ്രദ്ധ കുറയാനുള്ള കാരണങ്ങളിലൊന്ന് ഡിജിറ്റല്‍ മീഡിയ ഉപയോഗമാണ്. "സ്മാര്‍ട്ഫോണുകള്‍ നമ്മളെ മൂകരാക്കുകയാണോ?" എന്നായിരുന്നു ഹഫിങ്ടണ്‍ പോസ്റ്റിന്‍റെ തലക്കെട്ട്. "പൂമ്പാറ്റയുടെ ബുദ്ധി: എങ്ങനെയാണ് സ്മാര്‍ട്ട്ഫോണുകള്‍ നമ്മളെ മണ്ടന്‍മാരാക്കുന്നത്?" എന്നെഴുതി ടെലിഗ്രാഫ്.

എന്നാല്‍ നമ്മളെ മന്ദബുദ്ധികളാക്കുംവിധം ഒന്നും സ്മാര്‍ട്ട്ഫോണുകളിലില്ല. ചില പഠനങ്ങള്‍ പ്രകാരം അവ നമ്മളെ കൂടുതല്‍ സമര്‍ത്ഥരാക്കുന്നുമുണ്ട്. വര്‍ഷങ്ങളിലൂടെ IQ നിലവാരം കൂടുകയാണെന്ന് പറയുന്ന 'ഫ്ലിന്‍ ഇഫക്ടി'നെ കുറിച്ചു 50 വയസ്സിനു മുകളിലുള്ളവരില്‍ പഠനം നടത്തുന്ന ഗവേഷകര്‍ പറയുന്നത് ബൌദ്ധികനിലവാരം ആവശ്യപ്പെടുന്ന ജോലികള്‍ നീണ്ട കാലം ചെയ്യാനുള്ള ആളുകളുടെ കഴിവ് കൂടുന്നതില്‍ മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപയോഗത്തിനും "നല്ല പങ്കുണ്ടെ"ന്നാണ്. "ശരാശരി നോക്കിയാല്‍ ഇന്നത്തെ 50 വയസ്സിനു മുകളിലുള്ളവരുടെ ടെസ്റ്റ് സ്കോര്‍ എന്നത് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ടെസ്റ്റില്‍ അവരേക്കാള്‍ 4-8 വയസ്സു കുറഞ്ഞവര്‍ നേടിയ സ്കോറിനു തുല്യമാണ്," റിസര്‍ച്ചറായ വലേറിയ ബോര്‍ഡോണ്‍ സയന്‍സ് ഡെയ്ലിയോട് പറഞ്ഞു.

അതിരുകവിഞ്ഞ ഇന്‍റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം അതിനോട് ആസക്തിയുണ്ടാക്കിയേക്കാം. പക്ഷേ ഇവ ഉപയോഗിക്കുന്നവര്‍ എല്ലാം സമൂഹത്തില്‍ നിന്ന് അകലണമെന്നില്ല. സത്യത്തില്‍ സുഹൃത്തുകളോടും ബന്ധുക്കളോടും മുന്‍പത്തേക്കാള്‍ കൂടുതല്‍ ആശയവിനിമയം നടത്താനും സാമൂഹ്യ പരിപാടികള്‍ സംഘടിപ്പിക്കാനും പുതിയ ആള്‍ക്കാരെ പരിചയപ്പെടാനുമൊക്കെ സ്മാര്‍ട്ട്ഫോണുകള്‍ സഹായിക്കുന്നുണ്ട്. വിവരങ്ങള്‍ കണ്ടുപിടിക്കുന്നതു കഴിഞ്ഞാല്‍ പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നതും കുടുംബത്തോടും കൂട്ടുകാരോടും സംസാരിക്കുന്നതുമാണ് സ്മാര്‍ട്ട്ഫോണിന്‍റെ ഏറ്റവും വലിയ ഉപയോഗങ്ങളെന്ന് 2015ല്‍ പ്യൂ നടത്തിയ പഠനത്തില്‍ കാണാനായി.

4. സ്മാര്‍ട്ട്ഫോണുകള്‍ ചെറുകിട വ്യാപാരികളുടെ കച്ചവടം കുറയാനിടയാക്കുന്നു
ഓണ്‍ലൈന്‍ വ്യാപാരം ശരിക്കുള്ള കടകളെ ഇല്ലാതാക്കുന്നു എന്നാണ് ചില പണ്ഡിതരുടെ ധാരണ. "ചെറുകിടക്കാരുടെ കച്ചവടം ഇല്ലാതാവും, എല്ലാവരും ഇ-കോമേഴ്സിനെ ആശ്രയിക്കാന്‍ തുടങ്ങും. നിങ്ങളുടെ മുന്നില്‍ വേറെ മാര്‍ഗ്ഗമുണ്ടാവില്ല," 2013ല്‍ ടെക് ഇന്‍വെസ്റ്റര്‍ മാര്‍ക്ക് ആന്‍ഡേഴ്സണ്‍ പറഞ്ഞു. പ്രത്യേക ഷോപ്പിങ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഫോണ്‍ ഇറക്കാന്‍ പോകുന്നതായി 2014ല്‍ ആമസോണ്‍ പ്രഖ്യാപിച്ചപ്പോള്‍ സലോണ്‍ പറഞ്ഞത് "കടകളെ ഒന്നൊന്നായി നശിപ്പിക്കാനുള്ള" ചീഫ് എക്സിക്യൂട്ടീവ് ജെഫ് ബെസോസിന്‍റെ പരിപാടിയാണതെന്നാണ്. (വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെയും ഉടമയാണ് ബെസോസ്)

നമ്മുടെ ഷോപ്പിങ് രീതികളെ സ്മാര്‍ട്ട്ഫോണുകള്‍ മാറ്റി മറിച്ചിട്ടുണ്ട്; ചെറിയ വ്യാപാരികള്‍ക്ക് ഇതുമായി മല്‍സരിക്കേണ്ടി വരുന്നുമുണ്ട്. പക്ഷേ 90 ശതമാനം കച്ചവടവും ഇപ്പോഴും കടകളിലൂടെ തന്നെയാണ്. സ്മാര്‍ട്ട്ഫോണുകളും സ്റ്റോറുകളും പരസ്പര സഹകരണത്തിലേര്‍പ്പെടാറുമുണ്ട്. വ്യാപാരികള്‍ നേരിട്ടുള്ള ഷോപ്പിങ്ങിന് പകരം മൊബൈല്‍ ഷോപ്പിങ് സൌകര്യംപരീക്ഷിക്കുമ്പോഴാണിത്. ഉദാഹരണത്തിന്, ഇന്‍-സ്റ്റോര്‍ പിക്കപ് പ്രോഗ്രാമുകളിലൂടെ മൊബൈല്‍ ഷോപ്പിങ് സൌകര്യവും ഷിപ്പിംഗ് സമയം ലാഭിച്ചു കൊണ്ട് ഉടനടിയുള്ള ഡെലിവറിയും ഉപഭോക്താവിന് ഒരേസമയം കിട്ടുന്നു. അതേസമയം കടകളെ തന്നെ ഒഴിവാക്കിയുള്ള ഷോപ്പിങ് സാധ്യമാക്കാന്‍ ഇറങ്ങിയ ആമസോണിന്‍റെ സ്മാര്‍ട്ട്ഫോണ്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നിര്‍ത്തലാക്കുകയും ചെയ്തു.

IBM കണക്കുകള്‍ പ്രകാരം 2014ലെയും 2015ലെയും അവധിക്കാല സീസണുകള്‍ക്കിടയില്‍ മൊബൈല്‍ ഷോപ്പിങ് 30 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ചെറുപ്പക്കാര്‍ പോലും ശരിക്കുള്ള കടകളില്‍ പോകുന്നതിനു കുറവില്ല. ഓഗസ്റ്റില്‍ ഇ-മാര്‍ക്കറ്റര്‍ ഇറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഗെയിംസ് ഒഴിച്ചുള്ളവ നേരിട്ടു കടകളില്‍ നിന്നു വാങ്ങുന്നതാണ് ടീനേജുകാര്‍ക്ക് താല്‍പ്പര്യം. കടകളില്‍ നിന്നുള്ള ഷോപ്പിങ്ങാവും അടുത്ത ട്രെന്‍ഡ്.5. സ്മാര്‍ട്ട്ഫോണുകള്‍ നിങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് അനുഭവപ്പെടാറ്? കൂടുതല്‍ "കാര്യക്ഷമത" എന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പറഞ്ഞ ഉത്തരം (അടുത്തത് "സന്തോഷം" എന്നായിരുന്നു). സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തെ പറ്റിയുള്ള 2015ലെ പ്യൂ പഠനത്തില്‍ നിങ്ങളുടെ ഫോണിനോട് ബന്ധപ്പെട്ടു തോന്നുന്ന വികാരം എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു ഇത്. ഫോണ്‍ നിര്‍മ്മാതാക്കളുടെ വില്‍പ്പന തന്ത്രങ്ങളില്‍ ഒന്നാണ് ഈ കാര്യക്ഷമത. എപ്പോഴും "ബിസി ബിസി ബിസി"യായിരിക്കുന്നതിന്‍റെ മേന്മയും അതിനു സഹായിക്കുന്ന ഫോണ്‍ എന്ന അവകാശവുമാണ് സാംസങിന്‍റെ ഏറ്റവും പുതിയ ഡിവൈസിന്‍റെ പരസ്യം.

പക്ഷേ ഏതു നേരവും ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്നു എന്നതിന്‍റെ അര്‍ത്ഥം നിങ്ങള്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നുണ്ട് എന്നാവണമെന്നില്ല. സെക്യൂരിറ്റി രംഗത്തെ കാസ്പര്‍സ്കൈ ലാബ്സ് ഓഗസ്റ്റില്‍ ഇറക്കിയ പഠനത്തില്‍ കണ്ടെത്തിയത് നേരേ വിപരീതമാണ്. വിര്‍സ്ബെര്‍ഗ്, നോട്ടിങ്ഹാം സര്‍വകലാശാലകളിലെ ഗവേഷക സംഘം 95 പേരോട് സ്വന്തം ഫോണുകള്‍ പോക്കറ്റില്‍ വച്ചും സ്വന്തം ഡെസ്കില്‍ വച്ചും പൂട്ടിയ മേശവലിപ്പില്‍ വച്ചും മുറിക്കു പുറത്തു വച്ചുമൊക്കെ തങ്ങളുടെ ജോലികള്‍ ചെയ്യാന്‍ പറഞ്ഞു. ഫോണുകള്‍ ദൂരെയാവുംതോറും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിച്ചു വന്നു. ആകെ നോക്കിയപ്പോള്‍ മുറിക്കു പുറത്തു ഫോണുകള്‍ വച്ചിട്ട് ജോലി ചെയ്തവര്‍ മറ്റുള്ളവരേക്കാള്‍ 26 ശതമാനം കൂടുതല്‍ നന്നായി കാര്യങ്ങള്‍ ചെയ്തു തീര്‍ത്തതായാണ് കാണാന്‍ കഴിഞ്ഞത്.


Next Story

Related Stories