TopTop
Begin typing your search above and press return to search.

മെയ്‌വെതര്‍ ഇടിവീരന്‍ തന്നെ; പക്ഷേ ഇതൊരു ക്ലാസിക്ക് പോരാട്ടമൊന്നുമല്ല

മെയ്‌വെതര്‍ ഇടിവീരന്‍ തന്നെ; പക്ഷേ ഇതൊരു ക്ലാസിക്ക് പോരാട്ടമൊന്നുമല്ല

റിക്ക് മെയിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആവേശകരമായ മത്സരം അവസാനിപ്പിച്ചുകൊണ്ട് കാഹളം മുഴങ്ങിയ നിമിഷം തന്നെ മെയ്‌വെതര്‍ ബോക്‌സിംഗ് റിംഗ് ചാടിക്കടന്ന് കാണികളെ നോക്കി വിജയ കാഹളം മുഴക്കി. വിജയം തന്റെ കൈപ്പിടിയിലൊതുങ്ങിക്കഴിഞ്ഞതായി അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ ജഡ്ജസിന്റെ ഭാഗത്ത് നിന്നു കൂടിയുള്ള ഉറപ്പ് സ്‌കോര്‍ബോര്‍ഡില്‍ തെളിയുന്നതു കാണാന്‍ കണ്ണിമ ചിമ്മാതെ കാത്തു നില്‍ക്കുകയായിരുന്നു ആരാധകര്‍. മിനിറ്റുകള്‍ക്കുള്ളില്‍ അതുമുണ്ടായി. മെയ്‌വെതറിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ബോക്‌സറെന്നു തെളിയിച്ച മെയ്‌വെതറെ അര്‍ഹിച്ച അംഗീകാരം തേടിയെത്തിയപ്പോള്‍ സഫലമായത് ആരാധകരുടേയും ചിരകാല സ്വപ്നം. ബോക്‌സിംഗിനെ ജീവനു തുല്ല്യം സ്‌നേഹിക്കുന്ന ഫിലിപ്പൈന്‍കാരനായ പക്വിയോവോയും അദ്ദേഹത്തിന്റെ ആരാധകരും നാട്ടിലേക്ക് മടങ്ങുന്നത് അത്യന്തം നിരാശരായാണ്.

ഒട്ടനവധി ആകസ്മിക നിമിഷങ്ങള്‍ കരുതി വച്ച ഈ ചാംപ്യന്‍ഷിപ്പിലുടനീളം രണ്ടു പേരും ഒപ്പത്തിനൊപ്പം നിന്നു പൊരുതുകയായിരുന്നു. മെയ്‌വെതര്‍ മികച്ച പ്രതിരോധം തീര്‍ത്ത് മുന്നേറുകയായിരുന്നുവെങ്കില്‍ മത്സരത്തില്‍ അവസാന ബെല്‍ മുഴങ്ങുന്ന നിമിഷത്തിലും ആക്രമണോത്സുകനായിരുന്നു പക്വിയോവോ. 116-112, 116-112, 118-110 എന്നിങ്ങനെയാണ് മൂന്നു ജഡ്ജിമാര്‍ മത്സരത്തിനു നല്‍കിയ സ്കോറുകള്‍.

സമീപകാലത്തു നടന്നതില്‍ വച്ചേറ്റവും വലിയ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പായിരുന്നു വെല്‍ട്ടര്‍വെയിറ്റ് ബെല്‍ട്ട്. മത്സരവേദി, ലഹരി പരിശോധന സമ്പന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ക്കൊണ്ടും കഴിഞ്ഞ നാലഞ്ചു വര്‍ഷമായി മുടങ്ങിക്കൊണ്ടിരുന്ന ഈ വമ്പന്‍ ഈവന്റ് അവസാനം സാധ്യമായപ്പോള്‍ അഭ്യൂഹങ്ങളും പ്രതീക്ഷകളും അതിനൊത്ത് ഉയരുകയും ചെയ്തു. മത്സരത്തിന്റെ സംപ്രേക്ഷണാവകാശം വാങ്ങിയെടുക്കാന്‍ ചാനലുകാര്‍ മത്സരിച്ചു. മത്സരവേദിയായ ഗ്രാന്റ് ഗാര്‍ഡന്‍ ഏരിനയില്‍ തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് ഹരം പകരാനെത്തിയ ആരാധകരുടെ കൂട്ടത്തില്‍ ക്ലിന്റ് ഈസ്റ്റ്വുഡ്, ഡെന്‍സല്‍ വാഷിംഗ്ടണ്‍, മൈക്കല്‍ ജോര്‍ദന്‍, ടോം ബ്രാഡി തുടങ്ങി സിനിമ-കായിക രംഗത്തെ സെലിബ്രിറ്റികളുടെ ഒരു പട തന്നെയുണ്ടായിരുന്നു. വരുമാനത്തിന്റെ കാര്യത്തിലെന്ന പോലെ ഉദ്യോഗഭരിതമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതിലും സമ്പന്നമായിരുന്നു ഈ ബോക്‌സിംഗ് ഈവന്റ്.മെയ്‌വെതര്‍-പക്വിയോവോ പോരാട്ടം കാണാന്‍ വര്‍ഷങ്ങളായി തുടരുകയായിരുന്ന ആരാധകരുടെ കാത്തിരിപ്പ് ചാനലുകാരുടെ ഇടപെടല്‍ കാരണം അര്‍ദ്ധ രാത്രി വരെ നീണ്ടു. മത്സരം കാശു കൊടുത്ത് ടീവിയില്‍ കാണുന്നതിനായുള്ള ഓര്‍ഡറുകള്‍ പെരുകിയപ്പോള്‍ ഈവന്റിന്റെ പ്രചാരകര്‍ മത്സരം തുടങ്ങുന്നത് രാത്രി 11.58 വരെ വൈകിപ്പിക്കുകയായിരുന്നു. നാളെ ഈ കാത്തിരിപ്പിനേയും വളരെ പ്രാധാന്യത്തോടെ ചരിത്രം രേഖപ്പെടുത്തുമെന്നായിരുന്നു വിജയിയായ മെയ്‌വെതര്‍ പ്രതികരിച്ചത്.

റിംഗിനുള്ളില്‍ പോരാട്ടത്തിനൊപ്പം പരസ്പരമുള്ള പ്രകോപനങ്ങളും പരിഹാസങ്ങളും രണ്ടു പേരും തുടര്‍ന്നു കൊണ്ടിരുന്നു. തുടക്കം മുതല്‍ ആക്രമണോത്സുകനായി കളിച്ച പക്വിയോവോയ്ക്ക് പക്ഷേ പഞ്ചുകള്‍ പലതും ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ ആയില്ല. എന്നാല്‍ കളിയുടെ അവസാന നിമിഷം വരെ നിരാശനാകാതിരുന്ന അദ്ദേഹം കളിക്കിടയിലെ മെയ്‌വെതറുടെ പരിഹാസത്തേയും പ്രകോപനത്തേയുമെല്ലാം ചിരിച്ചു തള്ളുന്നതും കണ്ടു. പക്വിയോവോ തൊടുത്ത 429 പഞ്ചുകളില്‍ 81 എണ്ണം മാത്രം ലക്ഷ്യം കണ്ടപ്പോള്‍ താന്‍ തൊടുത്ത 435 പഞ്ചില്‍ 148 എണ്ണം ലക്ഷ്യത്തിലെത്തിച്ച് മുന്‍തൂക്കമുണ്ടാക്കാന്‍ മെയ്‌വെതറിനായി. മത്സരം എത്ര കടുത്തതായിരുന്നുവെന്ന്‍ വ്യക്തമാക്കുന്നത് കൂടിയാണീ കണക്കുകള്‍.

ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ ചുമലിലേറ്റിയാണ് പക്വിയോവോ റിംഗിനുള്ളിലെത്തിയത്. അദ്ദേഹത്തിനു വേണ്ടി ആര്‍പ്പുവിളിയുമായി ഗ്രാന്റ് ഗാര്‍ഡനകത്തും പുറത്തും തിങ്ങി നിറഞ്ഞ ആരാധകര്‍ ഓരോ റൗണ്ടിന്റെ അവസാനവും നിശബ്ദരാകുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. 38-ആം വയസ്സിലും താന്‍ എന്തുകൊണ്ട് മികച്ച ഡിഫെന്‍സീവ് ബോക്‌സറായിത്തുടരുന്നുവെന്ന്‍ അവര്‍ക്കു മുന്നില്‍ തെളിയിക്കുകയായിരുന്നു മെയ്‌വെതര്‍.

ഈ മത്സരത്തെ ബോക്‌സിംഗ് ചരിത്രത്തിലെ ക്ലാസിക്ക് പോരാട്ടമായൊന്നും വിലയിരുത്താന്‍ കഴിഞ്ഞെന്നു വരില്ല, അത് പക്ഷേ മെയ്‌വെതറുടെ മഹത്വം കുറച്ചു കാലത്തേക്ക് ചോദ്യം ചെയ്യപ്പെടാത്തതാക്കുമെന്നതില്‍ സംശയമില്ല.കാത്തിരിപ്പ് ഒരുപാട് നീണ്ടു പോയെങ്കിലും ഒടുവില്‍ തനിക്കൊത്ത ആ എതിരാളിയെ കീഴ്‌പ്പെടുത്തി തന്റെ അപ്രമാദിത്വം ഉറപ്പിക്കാന്‍ മെയ്‌വെതര്‍ക്ക് കഴിഞ്ഞിരിക്കുന്നു.മെയ്‌വെതറുടെ മഹത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം അദ്ദേഹം തന്റെ എതിരാളികളയാരെയും നേരിട്ടുള്ളത് അവരുടെ പ്രതാപ കാലത്തായിരുന്നില്ലെന്നതാണ്. പക്വിയോവോയുടെ കാര്യം തന്നെ എടുക്കാം, 36 വയസ്സായ അദ്ദേഹം ഇപ്പോള്‍ എതിരാളികള്‍ക്കു മേല്‍ ത്രസിപ്പിക്കുന്ന ആധികാരിക വിജയങ്ങള്‍ നേടിയിരുന്ന ആ പഴയ പക്വിയോവോ അല്ലെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു.

ദ ബെസ്റ്റ് എവര്‍ ബോക്‌സര്‍ എന്നൊക്കെയുള്ള വിശേഷണമുണ്ടെങ്കിലും റിംഗിനു പുറത്ത് എപ്പോഴും ഒരു പ്രശ്‌നക്കാരന്‍ ഇമേജാണ് മെയ്‌വെതറിനുള്ളത്. ഗാര്‍ഹിക പീഡനമുള്‍പ്പെടെ ഒട്ടനവധി കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. അതുകൊണ്ടുതന്നെ പലര്‍ക്കുമദ്ദേഹമൊരു വെറുക്കപ്പെട്ടവനാകുന്നു. എന്നാല്‍ റിംഗിനകത്തെ പ്രകടനത്തെ ഇതൊന്നും അദ്ദേഹത്തെ ബാധിക്കാറുമില്ല. ഇതിനകം തന്നെ ഡബ്ല്യൂ.ബി.എ. ഡബ്ല്യൂ.ബി.സി. ചാംപ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയ മെയ്‌വെതര്‍ക്ക് ശനിയാഴ്ചത്തെ പ്രകടനത്തോടെ പക്വിയോവോയ്ക്കു സ്വന്തമായിരുന്ന ഡബ്ല്യു.ബി.ഒ പട്ടവും തന്റെ പേരിലാക്കാന്‍ കഴിഞ്ഞു.

ശനിയാഴ്ച മെയ്‌വെതര്‍ നേടിയ മിന്നുന്ന വിജയം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ അവസാന പ്രകടനങ്ങളിലൊന്നാവാനാണ് സാധ്യത. കോണ്‍ട്രാക്റ്റില്‍ ബാക്കിയുള്ള സെപ്റ്റംബറില്‍ നടക്കുന്ന ഒരു മത്സരത്തോടെ രംഗം വിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ അവസാന മത്സരത്തിലെ എതിരാളി ആരാകുമെന്നതിനെക്കുറിച്ചുള്ള സൂചനയൊന്നും അദ്ദേഹം നല്‍കിയില്ല.

ഇനി ഇരുവരും തമ്മിലുള്ള മറ്റൊരു മത്സരം കാണാനാവില്ലെന്ന ഉറപ്പോടെതന്നെയാണ് ശനിയാഴ്ച ആരാധകരെല്ലാം മെയ്‌വെതര്‍-പക്വിയോവോ പോരാട്ടം കാണാനെത്തിയത്. ഒരു മത്സരം കാണാനായി ആളുകള്‍ വര്‍ഷങ്ങള്‍ കാത്തിരുന്ന സംഭവവും ചരിത്രം അധികം കണ്ടിട്ടുണ്ടാകില്ല. പ്രതീക്ഷക്കൊത്തുയര്‍ന്ന മത്സരത്തില്‍ പ്രതീക്ഷക്കുമപ്പുറത്തെ വരുമാനമാണ് ലഭിച്ചത്. അത് 300 മില്ല്യണ്‍ കവിയുമെന്നു പറയപ്പെടുന്നു. 12 റൗണ്ടിലെ പ്രകടനത്തിന്റെ പേരില്‍ അതില്‍ 200 മില്ല്യണും മെയ്‌വെതറുടെ പോക്കറ്റിലാകുമെന്നാണ് പറയുന്നത്. ടിവിയില്‍ മത്സരം കാണാനായി (പേ-പെര്‍-വ്യൂ) ആരാധകര്‍ നല്‍കിയത് 100 ഡോളര്‍ വച്ചാണ്. ഗ്രാന്റ് ഗാര്‍ഡനിലെ ടിക്കറ്റിന്റെ വില 1,500 മുതല്‍ 10,000 വരെയായിരുന്നു. എന്നാല്‍ മിക്കവര്‍ക്കും നേരായ മാര്‍ഗ്ഗത്തില്‍ അത് നേടാന്‍ കഴിഞ്ഞില്ല. അധികവും വിറ്റു പോയത് ബ്ലാക്കിലായിരുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories