TopTop
Begin typing your search above and press return to search.

ചിക്കന്‍ ചങ്കേസിയുടെ കഥ

ചിക്കന്‍ ചങ്കേസിയുടെ കഥ

ബട്ടര്‍ ചിക്കന്റെ അത്ര ജനപ്രിയനല്ല എങ്കിലും ഇയാളും ഒട്ടും മോശക്കാരനല്ല. രണ്ടാളും വന്നത് പഴയ ദില്ലിയുടെ തെരുവുകളില്‍ നിന്നാണ്. പലവിധ കാരണങ്ങള്‍ക്കൊണ്ട് ബട്ടര്‍ ചിക്കന്‍ വലിയ നിലയിലെത്തിയെങ്കിലും ചിക്കന്‍ ചങ്കേസി നിലമറന്നില്ല, തുടങ്ങിയിടത്തുതന്നെ നിന്നു; ജമാ മസ്ജിദിനടുത്തുള്ള വളക്കച്ചവടക്കാരികളുടെ തെരുവില്‍-ഗലി ചൂഡിവാലി.

ചങ്കേസി ചിക്കന്‍

ഇതിലുള്ള മംഗോള്‍ സ്വാധീനം എന്താണെന്ന് ഞാന്‍ കുറെക്കാലമായി നോക്കാന്‍ തുടങ്ങിയിട്ട്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ചൈനീസ് (എന്നുവെച്ചാല്‍ ഇന്ത്യന്‍-ചൈനീസ്) ചേരുവകളൊന്നുമില്ല. ദരിയാഗഞ്ചിലെ അതിന്റെ മിന്നിത്തിളങ്ങുന്ന പരസ്യപ്പലക ഞാന്‍ കണ്ടിരുന്നെങ്കിലും ചൂഡിവാലി ഗലിയിലെ അതിന്റെ ജന്‍മബന്ധം എനിക്കറിയില്ലായിരുന്നു. എന്റെ ഭക്ഷണപൃയയായ സുഹൃത് സന്‍ഹിത ദാസ്ഗുപ്ത സെന്‍ശര്‍മ യാണ് എന്നെ അവിടെ കൊണ്ടുപോയത്. ഇന്നൊരു പ്രത്യേക ഭക്ഷണം കഴിപ്പിക്കാം എന്നായിരുന്നു വാഗ്ദാനം. ഇതൊരു ജനപ്രിയ ഭക്ഷണമായി മാറിയിട്ടില്ലെങ്കിലും ഓരോ ദിവസം കൂടുന്തോറും കൂടുതല്‍ പ്രശസ്തി കിട്ടുന്നുണ്ട്. ഇപ്പോള്‍ ഡല്‍ഹിയിലെ വീടുകളിലേക്ക് എത്തിക്കുന്ന ഭക്ഷണ പട്ടികയില്‍ ഇത് ഇടംപിടിച്ചിരിക്കുന്നു. പക്ഷേ ചൂഡിവാലി ഗലിയില്‍ ഇതിനൊരു മായികപരിവേഷമുണ്ട്.

ഈ കറിക്കൂട്ടിന് അത്ര പഴക്കമൊന്നുമില്ല. 90കളിലാണ് അവതരിച്ചതുതന്നെ. തുടങ്ങിയപ്പോള്‍ ഈ കടയുടെ പേര് ചിക്കന്‍ ചങ്കേസി എന്നുതന്നെയായിരുന്നോ എന്നും എനിക്കു തിട്ടമില്ല. അത് മുമ്പും കോഴിക്കട തന്നെയായിരുന്നു എന്നെനിക്കറിയാം. ആ കുടുംബത്തിന് ഇവിടെ അടുത്തായി ഒരു പാലുകടയും ഉണ്ടായിരുന്നു. ഈ കറിക്ക് കൌതുകകരമായ ചേരുവകളാണുള്ളത്. കോഴി ആദ്യം ഒരു തിരിയുന്ന ഗ്രില്ലില്‍ പൊരിച്ചെടുക്കുന്നു. ഗ്രില്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്. എന്നാല്‍ 90-കളുടെ ആദ്യം ജമാ മസ്ജിദ് പരിസരത്ത് അതൊരു സംഭവമായിരിക്കും. പൊരിച്ചതിന് ശേഷം കോഴിയെ കഷ്ണങ്ങളാക്കി നുറുക്കി ഉള്ളി-തക്കാളി-കട്ടത്തൈര് മസാലയും അല്പം ഗരം മസാലയും അജൈ്വന്‍ മുന്തിനില്‍ക്കുന്ന വിധത്തില്‍ ചേര്‍ത്ത് പാചകം ചെയ്യണം. വീണ്ടും വീണ്ടും വരാന്‍ എന്നെ തോന്നിപ്പിച്ച വിധം സ്വാദുണ്ടായിരുന്നു അതിന്.

ചങ്കേസി പഹല്‍വാന്‍

ഭക്ഷണം കഴിച്ച് അവിടെ നോക്കിയപ്പോള്‍ എനിക്കു ചില പ്രത്യേകതകള്‍ തോന്നി. പതിവുപോലെ നൂറു നൂറു ചോദ്യങ്ങള്‍ എന്നില്‍ നിറഞ്ഞു. ഭാഗ്യത്തിന് ചങ്കേസി പെഹല്‍വാന്‍ (അങ്ങനെയാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത്) സ്ഥലത്തുണ്ടായിരുന്നു. ക്ഷമയോടെ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയും തന്നു. പേരിന് പിറകിലെ കാരണം ചോദിച്ചപ്പോള്‍, മൂപ്പരെന്നെ കുറച്ച് നേരം ഒന്ന് നോക്കി. ആരെങ്കിലും ആ ചോദ്യം അങ്ങേരോട് ചോദിച്ചിട്ടുണ്ടോ എന്നെനിക്ക് ഉറപ്പില്ല. ഈ തിരിയുന്ന ഗ്രില്‍ ഉപയോഗിച്ച് ഈ പുതിയ കോഴിക്കറി ഉണ്ടാക്കിയപ്പോള്‍ പ്രശസ്തനായ ഗുസ്തിക്കാരന്‍ ഷെയ്ഖ് മുഖ്താറിന്റെ ബഹുമാനാര്‍ത്ഥമാണ് അതിന് താന്‍ ചിക്കന്‍ ചങ്കേസി എന്നു പേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗലി ചൂഡിവാലിയില്‍ നിന്നും പോയ ഷെയ്ഖ് മുഖ്താര്‍ 1957ലെ ചെങ്കിസ് ഖാന്‍ ചലച്ചിത്രത്തില്‍ അതേ വേഷം അഭിനയിച്ചിരുന്നു.

ഗലി ചൂഡിവാലിയിലെ ആണ്‍കുട്ടികള്‍ക്ക് ഷെയ്ഖ് മുഖ്താര്‍ വലിയ കാര്യമാണ്. നാട്ടിലെ അഖാഡയില്‍ (ഗുസ്തി പരിശീലിക്കുന്ന കളം) നിന്നും പോയി നായകനായ കേമന്‍. ചങ്കേസി ചിക്കന്‍ ആ വലിയ ഗുസ്തിക്കാരനുള്ളതാണ്. ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും നിങ്ങള്‍ക്കിപ്പോള്‍ ചങ്കേസി ചിക്കന്‍ കിട്ടും.പക്ഷേ പഴയ ദില്ലിയിലെ ജമാ മസ്ജിദിനടുത്തുള്ള ഗലി ചൂഡിവാലിയിലെ യഥാര്‍ത്ഥ കടയില്‍ നിന്നും നിങ്ങളിത് കഴിക്കണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യും. അതിന്റെ ചുറ്റുപാടൊന്നും അത്ര കേമമാകില്ല, പക്ഷേ ചരിത്രത്തിന്റെ സ്പന്ദനങ്ങള്‍ ഗംഭീരമാണ്. ഏത് ഓട്ടോ/സൈക്കിള്‍ റിക്ഷാക്കാരനോട് പറഞ്ഞാലും നിങ്ങളെ ഗലി ചൂഡിവാലിയില്‍ എത്തിക്കും.


Next Story

Related Stories