രാവിലത്തെ തിരക്കിനിടയില്‍ ധൃതി പിടിച്ചൊരു ബ്രേക്ക് ഫാസ്റ്റ് , ഇട നേരങ്ങളിലെ വിശപ്പിനൊരു ബ്രേക്ക്, ബാച്ചിലേഴ്‌സിനാണെങ്കില്‍ മൂന്ന് നേരത്തെയും ഭക്ഷണം. ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇന്‍സറ്റന്റ് നൂഡില്‍സുകള്‍ നമ്മുടെ ഭക്ഷണശീലങ്ങളിലെ ഒഴിവാക്കാനാകാത്ത ഭാഗമായി തീര്‍ന്നു. പതിനഞ്ച് രൂപയില്‍ താഴെ വിലയുള്ള ഒരു പാക്കറ്റ് ഞൊടിയിടയില്‍ പാകം ചെയ്ത് ഒരു നേരത്ത് വിശപ്പ് മാറ്റാം എന്നത് തന്നെ ഇവയുടെ മുഖ്യ ആകര്‍ഷണം.
കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ഇന്‍സറ്റന്റ് നൂഡില്‍സ് നിരന്നിരിക്കാത്ത ഒരു പലചരക്ക് കട കണ്ടെത്താനാകില്ല. എന്തായാലും വലപ്പോഴും എന്നത് മാറി സ്ഥിര ഭക്ഷണമാക്കുന്നത് ആരോഗ്യത്തിനത്ര നല്ലതല്ല.
വെറുതെ വെള്ളത്തില്‍ വേവിച്ച് ടേസറ്റ് മേക്കറും ചേര്‍ത്ത് കഴിക്കുന്ന പതിവ് ഒന്ന് മാറ്റിപ്പിടിച്ചാല്‍ നൂഡില്‍സിനെ കൂടുതല്‍ ഹെല്‍ത്തിയും ടേസ്റ്റിയും ആക്കാം.
പച്ചക്കറികള്‍ കൊണ്ട് പോഷകസമൃദ്ധമാക്കാം
കാരറ്റ്, സവാള, ഉരുളക്കിഴങ്ങ്, പട്ടാണി, വെളുത്തുള്ളി, പച്ച മുളക് എല്ലാം വഴറ്റി വേവിച്ച് വച്ച നൂഡില്‍സിനൊപ്പം ചേര്‍ക്കാം. ഒരല്‍പം ഗരം മസാലയും ജീരകപ്പൊടിയും വിതറി മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പിയാല്‍ രുചികരവും ആരോഗ്യപ്രദവുമായ ഭക്ഷണമായി. പച്ചക്കറി കഴിക്കാന്‍ മടിയുള്ള കുട്ടികളെ കൊണ്ട് അവ കഴിപ്പിക്കാനും ഇത് സഹായിക്കും.
കറുമുറാ തിന്നാന്‍ പീനട്ട് ബട്ടര്‍
പീനട്ട് ബട്ടറിന്റെ രുചി ഇഷ്ടമുള്ളവര്‍ക്ക് അത് നൂഡില്‍സില്‍ ചേര്‍ത്ത് നോക്കാം. റിച്ച് ക്രീമി രുചിയായിരിക്കും. മാത്രമല്ല ഇടക്ക് ക്രിസ്പി കപ്പലണ്ടി കഷ്ണങ്ങള്‍ കടിക്കാന്‍ കിട്ടിയാല്‍ നിങ്ങളുടെ സ്‌നാക്ക് ബൗള്‍ ഒട്ടും ബോറടിപ്പിക്കില്ല.
വിയറ്റനാമീസ് ഫൂ വീട്ടില്‍ തന്നെ
വിയറ്റനാമിലെ പ്രശസ്തമായ നൂഡില്‍സ് സൂപ്പാണ് ഫൂ. വേവിച്ച ചിക്കനോ, ബീഫോ, ചെമ്മീനോ ഒക്കെ ഇതില്‍ ചേര്‍ക്കാം. ഇഷ്ടമുള്ള ഇറച്ചിക്കൊപ്പം മസാലകളും വെജിറ്റബിള്‍ സ്‌റ്റോക്കും ചേര്‍ത്ത് തിളപ്പിച്ചെടുക്കാം.
മുട്ടയുടെ രുചി മാജിക്
വലിയ അധ്വാനം ഇല്ലാതെ ഭക്ഷണത്തിന് രുചി കൂട്ടാന്‍ മുട്ട ഉപയോഗിക്കാം. ചിക്കിപ്പൊരിച്ചോ, പുഴുങ്ങി കഷ്ണങ്ങളാക്കിയോ മുട്ട ചേര്‍ത്താല്‍ നൂഡില്‍സിനെ പ്രോട്ടീന്‍ സമ്പുഷ്ടവുമായി. ഓംലറ്റോ ബുള്‍സൈയോ നുഡില്‍സ് ബൗളിന് മേലെ വച്ചാല്‍ രുചി മാത്രമല്ല കാണാനും നല്ല ഭംഗിയാകും.
ഒരല്‍പം പുളി
നൂഡില്‍സ് തയ്യാറാക്കിയതിനു മേലെ ഒരു പകുതി നാരങ്ങ പിഴിയൂ. പുളി രസവും ഫ്രഷ്‌നെസും ഇന്‍സറ്റന്റ് ആയി കിട്ടും. വിറ്റാമിന്‍ സി യുടെ കലവറയുമാണ് നാരങ്ങ
ചീസി മാനിയ
നൂഡില്‍സും ചീസും ചേര്‍ന്ന കോംബിനേഷന്‍ ആരെയും കൊതിപ്പിക്കും. മോസറല്ല ചീസ് ചിരകിയതും നൂഡില്‍സും ഒരുമിച്ച് ബേക്ക് ചെയ്‌തെടുക്കാം. മുകളില്‍ അല്‍പം ഹെര്‍ബ്‌സ് കൂടി വിതറിയാല്‍ സാധാരണ നൂഡില്‍സിന്റെ ഭാവം തന്നെ മാറും.
എരിവ് ഇഷ്ടമുള്ളവര്‍ക്ക്
നൂഡില്‍സിന്റെ എരിവില്ലായ്മ നിരാശപ്പെടുത്തുന്നവര്‍ക്ക് ഉണക്ക മുളക് ചേര്‍ത്ത് സ്‌പൈസിയാക്കാം. അരച്ചെടുത്ത ഉണക്കമുളകും, രണ്ട് തുള്ളി വിനാഗിരിയും, വറുത്തെടുത്ത വെള്ളുള്ളിയും ചേര്‍ത്ത് കട്ടിയായി വറ്റിച്ചെടുത്താല്‍ മതി.
നൂഡില്‍സ് ചിക്കന്‍ സാലഡ്
ചിക്കന്‍ വേവിച്ചോ ഗ്രില്‍ ചെയ്‌തോ വെക്കുക. വഴറ്റിയെടുത്ത പച്ചക്കറികളും ചിക്കനും വേവിച്ച നൂഡില്‍സും ഒരു ബൗളിലിട്ട് ഇളക്കി ഉപ്പും കുരുമുളകും വിതറണം. ഇഷ്ടമുള്ള സോസിനൊപ്പം അകത്താക്കാം.
യമ്മി മോമോസ്
ഇറച്ചിയോ പച്ചക്കറികളോ അകത്ത് വച്ച് ധാന്യമാവ് കൊണ്ട് പൊതിഞ്ഞെടുക്കുന്ന മോമോസ് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ആവിയില്‍ പുഴുങ്ങിയ ഈ കൊഴുക്കട്ടകള്‍ ആരോഗ്യപ്രദവുമാണ്. വെള്ളം കൂട്ടിയുണ്ടാക്കുന്ന സൂപ്പി നൂഡില്‍സില്‍ മോമോസും ചേര്‍ത്താല്‍ വയറ് നിറക്കുന്ന വ്യത്യസ്തമായൊരു വിഭവമായി.
അടുപ്പും വെള്ളവുമില്ലേ ?
ചൂടാക്കാന്‍ അടുപ്പില്ലാത്ത ഹോസറ്റല്‍ നിവാസികള്‍ക്ക് പരീക്ഷിക്കാവുന്നതാണിത്. നൂഡില്‍സ് പാക്കറ്റിനകത്തേക്ക് ടേസ്റ്റ്‌മേക്കര്‍ പൊട്ടിച്ചിടുക. നന്നായി അമര്‍ത്തി നൂഡില്‍ കേക്ക് പൊടിച്ച് പാക്കറ്റ് കുലുക്കണം. കൊതിയൂറുന്നൊരു സ്‌നാക്കായി.