TopTop
Begin typing your search above and press return to search.

ടി വിക്ക് മുന്നിലെ ഈ ആവേശമെന്താ മൈതാനത്ത് കാണാത്തത്?

ടി വിക്ക് മുന്നിലെ ഈ ആവേശമെന്താ മൈതാനത്ത് കാണാത്തത്?

കാല്‍പ്പന്ത് കളിയോടുള്ള നമ്മുടെ ആവേശം അതിന്‍റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. ബ്രസീല്‍ ലോകകപ്പ് അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യ ലോകകപ്പില്‍ മത്സരിക്കുന്നുണ്ടെന്ന് തോന്നിപ്പോകും നമ്മുടെ ആവേശം കണ്ടാല്‍. പക്ഷേ എന്തുകൊണ്ടാണ് ഈ ആവേശം നമ്മുടെ കളിമൈതാനത്ത് കാണാത്തത്? നമ്മള്‍ ലോകകപ്പിന്റെ ഏഴയലത്തെങ്കിലും എത്തണമെങ്കില്‍ ഇനിയും ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പ് തന്നെ വേണം എന്നതാണ് യാഥാര്‍ഥ്യം. 1993ല്‍ ഫിഫാ റാങ്കിംഗില്‍ 100ലെത്തിയ ഇന്ത്യ അവിടെ നിന്നും കുത്തനെ ഇടിഞ്ഞ് ഇപ്പോള്‍ 154ല്‍ നില്‍ക്കുകയാണ്. അവസാനിക്കാത്ത യുദ്ധം മൂലം കുഴപ്പത്തിലായ അഫ്ഗാനിസ്ഥാന്‍ പോലും റാങ്കിംഗില്‍(130) നമ്മളെക്കാള്‍ എത്രയോ മുന്‍പിലാണ്.നിലവിലെ സംസ്ഥാന കോച്ച് എ.എം.ശ്രീധരനോട് ഒരിക്കല്‍ ഇവിടെയെത്തിയ സ്‌കോട്ട്‌ലാന്റുകാരന്‍ കോച്ച് ജോര്‍ജ്ജ് ബ്ലൂസ് പറഞ്ഞത് ഞങ്ങളുടെ നാട്ടിലെ പശുക്കള്‍ പോലും ഇതുപോലുള്ള മൈതാനങ്ങളില്‍ കിടക്കില്ലെന്നാണ്. കായിക മേഖലയോട് നമ്മുടെയും അവരുടെയും സര്‍ക്കാരുകള്‍ കാണിക്കുന്ന താല്പര്യത്തിലെ വ്യത്യാസം ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം. എണ്ണം പറഞ്ഞ കളിക്കാര്‍ നമുക്ക് ഇല്ലാഞ്ഞിട്ടല്ല. അവര്‍ക്ക് വളരാനുള്ള ഭൗതിക സാഹചര്യമടക്കമുള്ള പല കാര്യങ്ങളും ഒരുക്കുന്നതില്‍ നമ്മുടെ ഭരണാധികാരികളുടെ നിസംഗതയാണ് പ്രധാനമായും തടസ്സമാവുന്നത്. 68-ആം വയസ്സിലും ഫുട്‌ബോളിനു വേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ച എ.എം. ശ്രീധരന്‍ അഴിമുഖം പ്രതിനിധി ജി വി രാകേശിനോട് സംസാരിക്കുന്നു. കേരളഫുട്ബോളിനെക്കുറിച്ച്, അത് നേരിടുന്ന പ്രതിസന്ധികളെകുറിച്ച്, ഭാവി പ്രതീക്ഷകളെക്കുറിച്ച്...

കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ 1958ല്‍ പഠിക്കുന്ന കാലത്ത് സബ് ജൂനിയര്‍ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടാണ് ശ്രീധരന്‍ ഫുട്‌ബോളിലേക്ക് വരുന്നത്. 1962 മുതല്‍ 64 വരെ കണ്ണൂര്‍ എസ്. എന്‍ കോളേജ് ടീമിലെ ശ്രദ്ധിക്കപ്പടുന്ന കളിക്കാരനായി മാറി. അക്കാലത്ത് കണ്ണൂരില്‍ നടന്നിരുന്ന പ്രധാന മത്സരമായിരുന്നു ശ്രീനാരായണ ടൂര്‍ണ്ണമെന്റ്. അതില്‍ പങ്കെടുക്കാന്‍ ആര്‍മി, എയര്‍ഫോഴ്‌സ് എന്നീ ടീമുകളും എത്താറുണ്ട്. ശ്രീധരന്റെ കളി ശ്രദ്ധിച്ച ആര്‍മിയിലെ ഇലക്ട്രോണിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം (ഇ.എം.ഇ) ശ്രീധരനെ അവരുടെ ടീമിലേക്ക് ക്ഷണിച്ചു. 1964ല്‍ ഇ.എം.ഇ യില്‍ ചേര്‍ന്ന ശ്രീധരന്‍18 വര്‍ഷം ഇ.എം.ഇ യുടെ കളിക്കാരനായി. അതില്‍ 12 വര്‍ഷവും ഇ.എം.എ സെക്കന്‍ഡറബാദിനു വേണ്ടിയാണ് കളിച്ചത്. 1977ല്‍ ഒരു വര്‍ഷക്കാലം എന്‍.ഐ.എസ് പാട്യാലയില്‍ ഫുട്‌ബോള്‍ കോച്ചിങ്ങ് പഠിക്കാന്‍ പോയി. പിന്നീട് അഞ്ച് വര്‍ഷം ഇ.എം.ഇയുടെ കോച്ചായി. 1984ല്‍ ഇ.എം.ഇ യില്‍ നിന്ന് വിടപറഞ്ഞ് സ്വന്തം നാടായ കൂത്തുപറമ്പിലേക്ക് മടങ്ങി എത്തി.

കേരള പോലീസ് ടീമിന്റെ ഉദയം
അങ്ങനെയിരിക്കുംമ്പോഴാണ് അന്നത്തെ കേരള ഡി.ജി.പി. എം.കെ.ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ എസ്.പി. ആര്‍.എന്‍ രവി ശ്രീധരനോട് കേരള പോലീസ് ഫുട്‌ബോള്‍ ടീം രൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്താനുള്ള സന്ദേശം നല്‍കി. അങ്ങനെ കേരള പോലീസ് ഫുട്‌ബോള്‍ ടീം പരിശീലകനായി ചുമതലയേറ്റതോടെ ശ്രീധരന്റെ ചരിത്രവും, കേരളത്തിന്റെ ഫുട്‌ബോള്‍ ചരിത്രവും ഒരു നേര്‍രേഖയായി മാറി.

ഐ.എം.വിജയന്‍, വി.പി സത്യന്‍, സി.വി.പാപ്പച്ചന്‍, കെ.ടി.ചാക്കോ, ഷറഫലി, തോബിയാസ് തുടങ്ങിയ എണ്ണംപറഞ്ഞ കളിക്കാരായിരുന്നു കേരളാ പോലീസിലുണ്ടായിരുന്നത്. 1990ലും,1991ലും ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയതോടെ കേരളാ പോലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ടീമായിമാറി. എട്ട് വര്‍ഷം ശ്രീധരന്‍ പോറ്റി വളര്‍ത്തുകയും, വന്‍വിജയങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്ത കേരളാ പോലീസിന് കളിയില്‍ താല്പര്യം കുറഞ്ഞു. അതോടെ എഴുന്നേറ്റു നില്ക്കാനാവാത്ത വിധത്തില്‍ ടീം തകര്‍ന്നുവീണു. 1993ല്‍ പോലീസില്‍ നിന്നും വിടവാങ്ങിയ ശ്രീധരന്‍ 97 വരെ കേരള സംസ്ഥാന കോച്ചായി പ്രവര്‍ത്തിച്ചു.


1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടിം

എഫ്.സി.കൊച്ചിന്‍, വിവാ കേരള എന്നീ ടീമുകളുടെ പിറവിയും പതനവും
പോള്‍ എന്ന ഇന്ത്യന്‍ കസ്‌ററംസ് ഉദ്യോഗസ്ഥന് ഡെപ്യൂട്ടേഷനില്‍ രണ്ട് വര്‍ഷം ഇംഗ്ലണ്ടില്‍ ജോലി ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ക്ലബുകള്‍ തമ്മിലുള്ള മത്സരം പലപ്പോഴായിക്കണ്ട് ആവേശം തലക്ക് പിടിച്ച അദ്ദേഹം കൊച്ചി ആസ്ഥാനമായി 'എഫ്. സി കൊച്ചിന്‍' എന്ന പേരില്‍ ദേശീയ നിലവാരത്തിലുള്ള ക്ലബിനു രൂപം നല്കി. 1997ല്‍ ശ്രീധരന്‍ എഫ്.സി.കൊച്ചിന്റെ ആദ്യത്തെ പ്രൊഫഷണല്‍ കോച്ചായി. നാല് വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. നല്ല വിജയങ്ങള്‍ എഫ്.സി.കൊച്ചിന് ലഭിച്ചു. നാല് വര്‍ഷം കഴിയുമ്പോഴേക്കും പ്രതാപത്തിന് അല്പം മങ്ങലേറ്റു. കൂടാതെ അര്‍ഹമായ അംഗീകാരവും ലഭിച്ചില്ല. അംഗീകാരം ലഭിച്ചില്ലെന്ന് പറയുന്നതിലും നല്ലത് വേണ്ടപ്പെട്ടവര്‍ അംഗീകരിച്ചില്ല എന്ന് പറയുന്നതാവും ശരി. അതിനപ്പുറം ചിലര്‍ ശ്വാസം മുട്ടിച്ചുകൊല്ലാനും ശ്രമിച്ചു എന്നത് മറ്റൊരു സത്യവും. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ എഫ്. സി കൊച്ചിന്റെ പിറവിയും, ഉയര്‍ച്ചയും, തളര്‍ച്ചയും അനുഭവിച്ച പോളിന് ബാക്കിയായത് കോടികളുടെ നഷ്ടം മാത്രം.

2001ല്‍ എഫ്.സി.കൊച്ചിന്‍ നിന്ന് വിട്ട ശ്രീധരന്‍ 2005 വരെ ദേശീയ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചു. 2004ല്‍ ടി.കെ.ചാത്തുണ്ണി പരിശീലകനായി വിവ കേരളാ ടീം രൂപം കൊണ്ടു. 2006ല്‍ അതിന്റെ ചീഫ് കോച്ചായി ശ്രീധരനുമെത്തി. 2007ല്‍ ഐലീഗില്‍ സാന്നിധ്യമറിയിച്ച വിവക്ക് 2008ല്‍ പിന്നാക്കം പോകേണ്ടി വന്നു. എങ്കിലും ആ വര്‍ഷം തന്നെ ലീഗില്‍ തിരിച്ചെത്തി. കേരളത്തിന്റെ ഭാഗമായി വിവ ഇപ്പോഴും ഐ ലീഗിലുണ്ട്, ടീമിനുവേണ്ടി പണമിറക്കിയ ലിയാഖത്തിന് വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടായത്.അതോടെ അദ്ദേഹവും സ്ഥലം വിട്ടു.ഈഗ്ള്‍സ് ക്ലബ്, ജോസ്‌കോ,മലബാര്‍ യുണൈറ്റഡ് തുടങ്ങിയ ടീമുകള്‍ കേരളത്തിലുണ്ടെങ്കിലും രണ്ടാം നിരക്കാരായ ഇവര്‍ക്ക് ഐ ലീഗിന്റെ പ്രൗഢിയിലെത്താനായില്ല. ഭൂ വിസ്തീര്‍ണ്ണത്തിന്‍റെ കാര്യത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ ഗോവ കേരളത്തിനേക്കാള്‍ എത്രയോ ചെറുതാണ്. പക്ഷെ കാല്‍പ്പന്ത് കളിയുടെ കാര്യത്തില്‍ ഗോവ കേരളത്തിനേക്കാള്‍ എത്രയോ മീതെയാണ്. സാല്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, സ്‌പോര്‍ട്ടിങ്ങ് ക്ലബ്, ഡെംപോ എന്നീ ടീമുകള്‍ അവരുടെ തീപ്പന്തങ്ങളാണ്. പതിനഞ്ച് വര്‍ഷം മുന്നേ വരെ ഒന്നുമല്ലാതിരുന്ന ജപ്പാന്റെ കുതിപ്പ് ശ്രദ്ധിച്ചാല്‍ മതി. കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോളിനു തന്നെ എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന സര്‍ക്കാറുകളും, വ്യക്തികളും ജപ്പാന്റെ വളര്‍ച്ചയുടെ വഴികളാണ് ആദ്യം പഠിക്കേണ്ടത്. അവിടെ മൈതാനങ്ങള്‍ പാട്ടത്തിന് നല്കിയും, സാമ്പത്തിക സഹായങ്ങള്‍ യഥാവിധം വിനിയോഗിച്ചുമാണ് ഫുട്‌ബോളിനെ അവര്‍ അത്രമേല്‍ ഉയരത്തിലെത്തിച്ചത്.

മൈതാനങ്ങള്‍ ക്രിക്കറ്റ് കയ്യടക്കുമ്പോള്‍
ഒരു കാലത്ത് കുട്ടികളും, യുവാക്കളും മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെട്ടവരും, പ്രത്യേകിച്ച് ഗ്രാമീണര്‍, ഫുട്‌ബോളിനെ അതിന്റെ ഗൗരവത്തില്‍ തന്നെ കണ്ടിരുന്നു.അതിന് തെളിവാണ് വര്‍ഷത്തില്‍ 10ടൂര്‍ണമെന്റുകള്‍ വരെ കേരളത്തില്‍ നടന്നിരുന്നത്. അക്കാലത്ത് പന്തുരുട്ടിക്കളിച്ച മൈതാനങ്ങളുള്‍പ്പടെ മിക്കവാറും എല്ലാ മൈതാനങ്ങളും ക്രിക്കറ്റ് ഭ്രാന്തന്മാര്‍ കൈയ്യടക്കി. അന്ത്യശ്വാസം വലിക്കാറായ ഫുട്‌ബോളിനെ രക്ഷിക്കാന്‍ എന്തെങ്കിലും വേണമോ എന്ന് ചോദിക്കാന്‍ പോലും സര്‍ക്കാറോ, ജനപ്രതിനിധികളോ തയ്യാറാവുന്നില്ലെന്നതാണ് മറ്റൊരു സത്യം.

ബെസ്റ്റ് ഓഫ് അഴിമുഖം

കേരളത്തിലെ ഉസൈന്‍ ബോള്‍ട്ടുമാര്‍
ആനന്ദിനില്ലാത്ത ഭാരത് രത്ന
ഒരു സര്‍ക്കാര്‍ സ്കൂളിന്റെ (സായിയെ തോല്‍പ്പിച്ച) കഥ
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരമാണോ അഞ്ജു?
ഐ പി എല്‍ ലഹരി: കാശിന്റെ കളി


ഐ ലീഗ് മത്സരത്തിന് 5000 കാണികളെങ്കിലും വേണമെന്ന വലിയൊരു കടമ്പയുണ്ട്. അത് സാക്ഷാത്കരിക്കണമെങ്കില്‍ ഫുട്‌ബോള്‍ പ്രേമികളും, നാട്ടുകാരും തന്നെ ചിന്തിക്കണം. ഇതിനു പുറമെയാണ് മൈതാനത്തില്‍ മീഡിയ റൂം, ഡ്രസ്സിംഗ് റൂം, ഡോക്ടര്‍മാരുടെ സേവനം, മീറ്റിങ്ങ് ഹാള്‍ എന്നിവ വേണമെന്നുള്ള നിബന്ധന. ഈ സൗകര്യങ്ങളൊക്കെ തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലും, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തിലും മാത്രമാണ് ഒരുക്കാനാവുക. ഐ ലീഗിന്റെ ചട്ടപ്രകാരം വര്‍ഷം മുഴുവന്‍ മൈതാനം വിട്ടുനല്കുക എന്നത് അസാധ്യവുമാണ്. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം വിട്ടുകൊടുക്കാന്‍ പോലീസ് ഒരുക്കമല്ല. പിന്നെ കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയമാണ്.അതാവട്ടെ ക്രിക്കറ്റിന് സ്വന്തമെന്ന നിലയിലുമാണ്.കേരളത്തിന് പുറത്തുള്ള ടീമുകളുടെ ബജറ്റ് കോടികള്‍
ഈസ്റ്റ് ബംഗാള്‍,മോഹന്‍ ബഗാന്‍, തുടങ്ങിയ വന്‍ടീമുകള്‍ക്ക് 10 മുതല്‍ 12 കോടി രൂപ വരെയാണ് വാര്‍ഷിക ബജറ്റ്. രണ്ട് കോടി വരെ പ്രതിഫലം വാങ്ങുന്ന താരങ്ങളെ വാങ്ങിക്കാന്‍ അത്തരം ടീമുകള്‍ക്കേ സാധിക്കൂ. കേരളത്തിലെ ടീമുകളുടെ ബജറ്റ് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ്.ഒരു താരത്തിന് ചുരുങ്ങിയത് 15 ലക്ഷമെങ്കിലും നല്കണം. അങ്ങനെയാകുമ്പോള്‍ 10-15 കളിക്കാരെ മാത്രമേ കേരളാ ടീമിന് വാങ്ങിക്കാനാവൂ. വമ്പന്‍ ടീമുകള്‍ ഇത്രയും തുക ചെലവഴിക്കുമ്പോഴും സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭിക്കുന്നത് രണ്ടോ,മൂന്നോ കോടി രൂപയായിരിക്കും. ബാക്കി അംഗങ്ങളുടെ സംഭാവനകളും മറ്റുമാണ്. ഇത്തരത്തിലുള്ള ഒരു സംസ്‌കാരം രൂപപ്പെട്ടാലെ ഇനിയുള്ള കാലം കേരളത്തിലെ ഫുട്‌ബോളിന് നിലനില്പ്പുളളൂ.

വിദേശ രാജ്യങ്ങളില്‍ സ്വന്തം സിറ്റിയിലെ ക്ലബിനുള്ള സംഭാവന വീട്ടുചെലവിന്റെ ഭാഗം മാത്രമായിട്ടേ ആളുകള്‍ കണക്കാക്കുകയുള്ളൂ. അതുകൊണ്ട് ഹോം ഗ്രൌണ്ടില്‍ കളി നടക്കുമ്പോള്‍ വീട് പൂട്ടി എല്ലാവരും ഗ്രൌണ്ടിലെത്തും. സ്വന്തം ടീമിന്റെ ജേഴ്‌സിയണിഞ്ഞ് ആര്‍ത്തിരമ്പിയെത്തുന്ന ജനത്തിന്റെ ആവേശം ഓരോ കളിക്കാരനിലും ഇച്ഛാശക്തി വര്‍ധിപ്പിക്കും. പുതു തലമുറയെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കാനും ഇത് പ്രചോദനമാകും. ഈ സംസ്‌കാരം നമ്മള്‍ക്ക് പൂര്‍ണ്ണമായും ഉള്‍ക്കെള്ളാനാവില്ലെങ്കിലും കുറേയൊക്കെ നമുക്കും പ്രാവര്‍ത്തികമാക്കാനാവും.കേരളത്തില്‍ ഇന്ന് 100 കണക്കിന് ക്ലബുകളുണ്ട്. അതില്‍ മിക്കതും കടലാസ് ക്ലബുകളാണ്. പ്രതിനിധികളുടെ വോട്ടവകാശത്തിനു വേണ്ടി മാത്രമാണ് അവ അല്പ ശ്വാസത്തില്‍ ജീവിക്കുന്നത്. എല്ലാ ക്ലബുകളും പിരിച്ചു വിട്ട് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ ഉന്നത നിലവാരമുള്ള ക്ലബുകളുണ്ടാക്കുന്നതാവും കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് നല്ലത്.

2013ല്‍ സന്തോഷ് ട്രോഫി കേരളത്തില്‍ നടന്നപ്പോള്‍ സ്‌റ്റേറ്റ് ടെക്കനിക്കല്‍ ഡയറക്ടറായ ശ്രീധരന്‍ 2014ല്‍ കേരളത്തിന്റെ ചിഫ് കോച്ചായി ചുമതലയേറ്റിരിക്കുകയാണ്.ക്രിക്കറ്റ് ഇതിഹാസ താരംച്ചിന്‍ടെണ്ടുല്‍ക്കര്‍ ഫുട്‌ബോള്‍ രംഗത്തേക്ക് വരുന്നതോടെ ഫുട്‌ബോളിന്റെ മുഖഛായ മാറും എന്നതിനോടൊപ്പം പുതുതലമുറയെ ആകര്‍ഷിക്കാനാവും എന്ന പ്രതീക്ഷയിലാണ് കൂത്തുപറമ്പുകാരുടെ ശ്രീധരേട്ടന്‍.പുതുതലമുറയെ ഫുട്‌ബോള്‍ പഠിപ്പിക്കാനായി കൂത്തുപറമ്പില്‍ ശ്രീധരേട്ടന്‍റെ നേതൃത്വത്തില്‍ ഒന്നരകൊല്ലമായി ആരംഭിച്ച സോക്കര്‍ സ്‌കൂളില്‍ 35ലധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പരിശീലനം നേടുന്നുണ്ട്.Next Story

Related Stories