TopTop

പണം വരും, പോകും, വിജയം എക്കാലത്തേക്കും ഉള്ളതാണ് (പരാജയവും)

പണം വരും, പോകും, വിജയം എക്കാലത്തേക്കും ഉള്ളതാണ് (പരാജയവും)

ആരോമല്‍ ഡിക്രൂസ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ജര്‍മ്മന്‍ ലീഗ് എന്നിങ്ങനെ ലോകത്തെ പ്രശസ്തമായ ലീഗുകളെല്ലാം അടങ്ങുന്ന ഓരോ ഫുട്‌ബോള്‍ സീസണും നൂറു കോടിയിലധികം ആളുകളാണ് പിന്തുടരുന്നത്. യൂറോപ്പില്‍ വമ്പന്‍ ക്ലബ്ബുകള്‍ മുന്നിലെത്തുന്നതിനും, മെസ്സിയും ക്രിസ്റ്റ്യാനോയുമടക്കമുള്ള സ്റ്റാര്‍ സട്രൈക്കേഴ്‌സിന് ആരാധകര്‍ കൂടുന്നതിനും, കഴിഞ്ഞ സീസണില്‍ തിളങ്ങാതെ പോയവരുടെ തിരിച്ചുവരവിനും ഓരോ സീസണിലും നമ്മള്‍ സാക്ഷിയാകാറുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എസി മിലാന്‍, ബൊറൂസിയ ഡോട്ട്മുണ്ട് തുടങ്ങിയ മുന്‍നിര ടീമുകള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ മോശം പ്രകടനം കാഴ്ചവെക്കുന്നതിന് ലോക ഫുട്‌ബോള്‍ സാക്ഷിയായിട്ടുണ്ട്. ലോകഫുട്‌ബോള്‍ പട്ടമായ ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നേടുന്നതിനും, ഈഡന്‍ ഹസാര്‍ഡ്, നെയ്മര്‍, ഹാമിഷ് റോഡ്രിഗസ്, ഗരെത് ബെയ്ല്‍ തുടങ്ങിയ താരങ്ങള്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനും നമ്മള്‍ സാക്ഷിയായി. ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബുകള്‍ മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്തു. സീസണിനു ശേഷമുള്ള കാലഘട്ടത്തില്‍ മികച്ച കളിക്കാരെ ടീമില്‍ വിന്ന്യസിച്ചു എന്നതു തന്നെയാണ് ഈ ക്ലബ്ബുകളുടെയെല്ലാം വിജയത്തിന് പിന്നിലുള്ള ഘടകം.

ടീം ശക്തിപ്പെടുത്താനായി പുതിയ കളിക്കാരെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ഓരോ മാനേജ്‌മെന്റും കോടികളാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറക്കുന്നത്. ഓരോ വര്‍ഷം തോറും ആയിരത്തോളം കളിക്കാര്‍ തങ്ങളുടെ മികവ് മൈതാനത്ത് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പ്രശസ്തരായ കളിക്കാര്‍ക്കൊപ്പം പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ട്രാന്‍സ്ഫര്‍ വിപണി വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മാര്‍ട്ടിന്‍ ഒദെഗാര്‍ഡ്, ലൂക്ക് ഷാ, കെവിന്‍ ഡി ബ്രൂയ്ന്‍, ഹാരി കെയ്ന്‍ തുടങ്ങിയ കൗമാര താരങ്ങള്‍ ലോകത്തെ മുഴുവന്‍ തങ്ങളുടെ കളിമികവ് കൊണ്ട് ത്രസിപ്പിക്കുന്നു. സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്വന്തം മൈതാനത്തോ, നാട്ടിലോ വളര്‍ന്ന കളിക്കാരില്ലാതിരുന്നിട്ടും, കളിക്കളത്തില്‍ വിജയം കണ്ടെത്താന്‍ ഓരോ ടീമിനും കഴിയുന്നുണ്ട്. ഇതിന് കാരണം ട്രാന്‍സ്ഫര്‍ വിപണിയിലെ അനുഭവസമ്പത്താണ്.ലോകത്തെമ്പാടുമുള്ള കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം നടത്തിയവരെ വേര്‍തിരിച്ചെടുക്കാനും അവരെ സ്വന്തം തട്ടകത്തില്‍ എത്തിക്കാനുമുള്ള കഴിവ്. 2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാങ്ങിച്ചപ്പോള്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് കേള്‍ക്കാത്ത പഴികളൊന്നുമില്ല. എന്നാല്‍ റയലിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു ക്രിസ്റ്റ്യാനൊയുടെ പ്രകടനം. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ റയല്‍ ജഴ്‌സിയില്‍ ക്രിസ്റ്റ്യാനോ പുറത്തെടുത്ത മികവ്, താരത്തെ ലോകഫുട്‌ബോള്‍ പട്ടം വരെ നേടാന്‍ സഹായിച്ചു. ക്രിസ്റ്റ്യാനോക്കായി റയല്‍ മുടക്കിയ തുകയേക്കാള്‍ ഇരട്ടി ക്ലബ്ബിന്റെ അക്കൗണ്ടിലെത്തിയെന്ന് സാരം.

ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകള്‍ യൂത്ത് സ്‌ക്വാഡിനെ വളര്‍ത്തിയെടുത്ത് അവരെ മികച്ച ഫുട്‌ബോള്‍ താരങ്ങളാക്കാന്‍ വലിയ ശ്രമമാണ് നടത്തുന്നത്. ഡേവിഡ് ബെക്കാം, ഡീഗോ കോസ്റ്റ, ലയണല്‍ മെസ്സി, ആന്ദ്രേ ഇനിയെസ്റ്റ എന്നിങ്ങനെയുള്ള പില്‍ക്കാലത്ത് ലോകം കീഴടക്കിയ ഫുട്‌ബോള്‍ താരങ്ങളെല്ലാം വളര്‍ന്നു വന്നത് ഇത്തരം യൂത്ത് സ്‌ക്വാഡുകളിലൂടെയാണ്. പ്രവചനങ്ങളും സാദ്ധ്യതകളും കാറ്റില്‍ പറത്തി 1994-95 സീസണില്‍ സര്‍ അലക്‌സ് ഫര്‍ഗൂസിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗ് ചാമ്പ്യന്‍മാരായപ്പോള്‍ അവരുടെ ഫൈനല്‍ ഇലവനിലെ അഞ്ചോളം കളിക്കാര്‍ 20 വയസ്സിനുള്ളിലുള്ളവരായിരുന്നു. കുട്ടിക്കൂട്ടത്തിനെ ഇറക്കിയാല്‍ ഒന്നും നേടാനാകില്ലെന്ന് പറഞ്ഞ് അലക്‌സ് ഫെര്‍ഗൂസനെ അന്ന് പരിഹസിച്ചവരും ഏറെയായിരുന്നു.ഓരോ വിജയത്തിന് പിന്നിലും ട്രാന്‍സ്ഫര്‍ വിപണി എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഇത് വരെ പറഞ്ഞതില്‍ നിന്ന് മനസ്സിലായിട്ടുണ്ടാകും. അതോടൊപ്പം കഴിഞ്ഞ സീസണില്‍ താഴെയായിപ്പോയ ക്ലബ്ബുകള്‍ ടീമില്‍ അഴിച്ചുപണി നടത്തുന്നതും താല്‍പ്പര്യമില്ലാത്ത കളിക്കാരെ കൈമാറ്റം ചെയ്യുന്നതും ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ്. സാധാരണ ഗതിയില്‍ ഓരോ ഫുട്‌ബോള്‍ സീസണിലും രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോസ് ആണ് ഉണ്ടാവുക. ജൂണ്‍ മുതല്‍ ഓഗസ്ത് വരെയും ജനുവരി മുതല്‍ മാര്‍ച്ച് വരെയും. ഈ സമയത്ത് ഓരോ ക്ലബിനും എത്ര കളിക്കാരെ വേണമെങ്കിലും വാങ്ങുകയും കൊടുക്കുകയും ചെയ്യാം. അത് ടീമംഗങ്ങളുടെ എണ്ണത്തെയും ചെലവഴിക്കുന്ന പണത്തെയും അടിസ്ഥാനാമാക്കിയാണ്. തങ്ങള്‍ ആഗ്രഹിക്കുന്ന കളിക്കാരെ തന്നെ സ്വന്തം തട്ടകത്തില്‍ എത്തിക്കാന്‍ ഓരോ ടീമിനും കഴിയണമെന്നില്ല. ചിലപ്പോള്‍ ഒരു ക്ലബ് ആഗ്രഹിക്കുന്ന കളിക്കാരനെ വിട്ടുനല്‍കാന്‍ മറ്റൊരു ക്ലബ് തയ്യാറാവുകയില്ല.

ഇക്കഴിഞ്ഞ സീസണുകളില്‍, ലോകത്തെ മികച്ച കളിക്കാര്‍ വിവാദങ്ങള്‍ക്കിടെ ടീം മാറുന്നത് നമ്മള്‍ കണ്ടതാണ്. അത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഓഫ് സീസണിലും ആഘോഷിക്കാനുള്ള അവസരമാകുന്നതും. കടുത്ത ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ച് ഓഫ് സീസണും ലീഗ് സീസണ്‍ പോലെ തന്നെ പ്രാധാന്യമേറിയതാണ്. ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറക്കുന്ന പണം ചില ക്ലബ്ബുകള്‍ ലാഭത്തിലൂടെ തിരിച്ചു പിടുക്കുമ്പോള്‍ മറ്റു ചില ക്ലബ്ബുകള്‍ റെക്കോര്‍ഡ് തുകക്ക് കളിക്കാരെ വാങ്ങിച്ച് അവര്‍ കളത്തില്‍ പരാജയമാകുന്നതോടെ നഷ്ടം സഹിക്കുന്നതിനും നമ്മള്‍ സാക്ഷിയാകാറുണ്ട്.

''പണം വരും, പോകും, വിജയം എക്കാലത്തേക്കും ഉള്ളതാണ് (പരാജയവും).''

(കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories