TopTop
Begin typing your search above and press return to search.

ഈ നൈനാംവളപ്പ് ബ്രസീലിലാണോ?

ഈ നൈനാംവളപ്പ് ബ്രസീലിലാണോ?

കെ.പി.എസ്.കല്ലേരി

ലോകത്തിന്‍റെ കണ്ണും കാതും ഇനി ഒരുമിച്ചു തുറക്കുക ജൂണ്‍ 13ന് പുലര്‍ച്ചെ 1.30ന് ബ്രസീലിലെ സാവോപോളോ സ്റ്റേഡിയത്തില്‍. കാല്‍പന്ത് കളിയുടെ സ്വര്‍ഗവാതില്‍ ബ്രസീലില്‍ തുറക്കുമ്പോള്‍ കളിക്കളത്തിലെ കുതിരകള്‍ക്ക് മുകളില്‍ ലോകം മുഴുക്കേയുള്ള കോടിക്കണക്കായ ആരാധകര്‍ അതേ പിരിമുറക്കവും ആവേശവുമായി കാല്‍പന്തിന് പിറകേ ഓടും. കളി കടലുകള്‍ക്കപ്പുറത്ത് കാതങ്ങളകലെയുള്ള ബ്രസീലിലാണെങ്കില്‍ കളി ആവേശം ഒരുപക്ഷെ ലോകത്ത് ഒരു കോണിലുമില്ലാത്തവിധം കത്തിപ്പടരുകയാണ് കോഴിക്കോട് നൈനാംവളപ്പില്‍.

ഇഷ്ടതാരങ്ങളുടേയും ടീമിന്റേയും ബോര്‍ഡുകള്‍ പോസ്റ്ററുകള്‍, പടകൂറ്റന്‍ കട്ടൗട്ടുകള്‍, പതാകകള്‍....കോഴിക്കോട് നഗരത്തില്‍ നിന്നും നൈനാംവളപ്പെന്ന കൊച്ചു ഗ്രാമത്തിലേക്കിറങ്ങിയാല്‍ സാവോപോളോ സ്‌റ്റേഡിയത്തിനു സമീപത്തെത്തിയ പ്രതീതി.ആവേശം സിരകളിലൂടെ കത്തിപ്പടര്‍ന്നപ്പോള്‍ കഴിഞ്ഞ ദിവസം ഇവിടെ ഒരു മിനി ലോകപ്പ് തന്നെ സംഘടിപ്പിക്കപ്പെട്ടു. ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും ഇറ്റലിയുമടക്കം ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന 32 ടീമുകളുടേയും അപരന്‍മാര്‍ അതേ ജഴ്‌സിയില്‍ കഴിക്കളത്തിലിറങ്ങി. ഫിഫയോട് സാമ്യം തോന്നുന്ന നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ (എന്‍ഫ)യാണ് മിനി വേള്‍ഡ് കപ്പ് സംഘടിപ്പിച്ചത്.

രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. ഗ്രൂപ്പ് എ യില്‍ ബ്രസീല്‍, ജര്‍മ്മനി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവയും ബി ഗ്രൂപ്പില്‍ അര്‍ജന്റീന, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവയും അണിനിരന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയന്റുകള്‍ നേടുന്ന രണ്ട് ടീമുകള്‍ സെമിഫൈനലില്‍ ഏറ്റുമുട്ടി. തുടര്‍ന്നായിരുന്നു ആവേശോജ്വലമായി ഫൈനല്‍. നേരം പുലരും മുതല്‍ രാത്രി വൈകും വരെ നടന്ന കളിയില്‍ നൈനാംവളപ്പുകാരുടെ മനസ്സെന്നപോലെ മഞ്ഞപ്പടതന്നെ കിരീടത്തില്‍ മുത്തമിട്ടു. വിജയിക്കുന്ന ടീമിന് ലോകക്കപ്പിന്റെ മാതൃകയിലുള്ള കപ്പ് തന്ന സമ്മാനമായി നല്‍കിയതും നൈനാംവളപ്പിന്റെ ഫുട്‌ബോള്‍കമ്പം കോഴിക്കോടിനാകെ ആവേശം പകര്‍ന്നു.കേരളത്തില്‍ കോഴിക്കോട്ടും മലപ്പുറത്തുമാണ് ലോകകപ്പ് ജ്വരം അതിന്‍റെ പാരമ്യത്തില്‍ ഫുട്ബോള്‍ പ്രേമികളുടെ സിരകളിലേക്ക് പടര്‍ന്നിരിക്കുന്നത്. രണ്ട് ജില്ലകളുടേയും നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ബ്രസീലും അര്‍ജന്റീനയും ഇറ്റലിയുമെല്ലാം കീഴടക്കിയിരിക്കുന്നു.

ലോകകപ്പ് ആവേശം അതിന്റെ കൊടുമുടിയിലേക്ക് നടന്നുകയറുമ്പോള്‍ കോഴിക്കോട്ട് ബ്രസൂക്കയും വിരുന്നെത്തി. കോഴിക്കോട്ടെ കോസ്‌മോസ് ഷോറുമുകളിലാണ് ഇത്തവണ ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന പന്ത് ബ്രസൂക്ക ആവേശമായി വില്‍പനയ്ക്കും പ്രദര്‍ശനത്തിനുമായെത്തിയത്. ഫിഫ അംഗീകാരത്തോടെ അഡിഡാസ് പുറത്തിറക്കിയ ബ്രസൂക്കയ്ക്ക് 7699രൂപയാണ് വില. ബ്രസൂക്കയുടെ വില എത്രതന്നെ ആയാലും അത് വാങ്ങാന്‍ കോഴിക്കോട്ട് ആരാധകരുണ്ടെന്നതിന് തെളിവാണ് ഷോറൂമുകളില്‍ ബ്രസൂക്കയുടെ വന്‍ വില്‍പന.

ബ്രസൂക്കയെക്കൂടാതെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ലോകകപ്പില്‍ പങ്കെടുക്കുന്ന 32രാജ്യങ്ങളുടേയും ജേഴ്‌സികളും പതാകയുമെല്ലാം ഷോറൂമുകളില്‍ വില്‍പനയുടെ ചാകരതന്നെ തീര്‍ക്കുകയാണ്. ജോഴ്‌സികളും കൊടികളിലും ഏറ്റവും കൂടുതല്‍ ചെലവാകുന്നത് ഏത് രാജ്യത്തിന്റേതാണെന്ന് ചോദിച്ചാല്‍ അതിന് പതിവ് രീതികളില്‍ നിന്ന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് കടയുടമകള്‍ പറയുന്നത്. ബ്രസീലും അര്‍ജന്റീനയും തന്നെയാണ് ഇപ്പഴും ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ വികാരം. ഇനി ഒരു പക്ഷെ എന്നെങ്കിലും ലോകകപ്പിലേക്ക് ഒരു തരംഗമായി ഇന്ത്യകടന്നുവന്നാല്‍ മാത്രമാവും ഇത്തരമൊരു ബ്രസീല്‍-അര്‍ജന്റീന ആധിപത്യത്തിന് തെല്ലെങ്കിലും കുറവുണ്ടാകുക. ലോകകപ്പ് ട്രോഫി മാതൃകകളും പ്രധാന കളിക്കാരുടെ രൂപങ്ങളും സ്‌പോര്‍ട്‌സ് ഷോറൂമുകളില്‍ സുലഭമാണ്.


Next Story

Related Stories