TopTop
Begin typing your search above and press return to search.

ശക്തിവുമണ്‍ ആകാന്‍ ശക്തിമത്സരങ്ങള്‍

ശക്തിവുമണ്‍ ആകാന്‍ ശക്തിമത്സരങ്ങള്‍

റിക്ക് മെയ്‌സ്/ ദി വാഷിങ്ടണ്‍ പോസ്റ്റ്‌

ഒരു വേനല്‍ വൈകുന്നേരം കെല്ലി പ്ലഷ് ഒരു ഒഴിഞ്ഞ ബിയര്‍ വീപ്പ ഉയര്‍ത്തി തലയ്ക്കുമുകളിലേയ്ക്ക് എറിഞ്ഞു. വീണ്ടും വീണ്ടും കെല്ലി അത് ആവര്‍ത്തിച്ചു. ഓരോ തവണയും കാലുകള്‍ ഏതാണ്ട് മൂന്നടി വീതം അകറ്റി ഇരുന്നു കൊണ്ടാണ് കെല്ലി എറിഞ്ഞത്. ഓരോ ഒഴിഞ്ഞ വീപ്പ ആകാശത്തേയ്ക്ക് എറിയുമ്പോഴും വീപ്പയെക്കാള്‍ ദൂരേയ്ക്ക് സഞ്ചരിച്ച ഒരു മുരളല്‍ അവളില്‍ നിന്നുയര്‍ന്നു.

' കൃത്യം ഒന്‍പതടി', ട്രെയിനിംഗ് പങ്കാളിയും കാമുകനുമായ നാറ്റ് റൂള്‍ എന്ന അവള്‍ എറിഞ്ഞ ലോഹവീപ്പ പൊങ്ങിയ ഉയരം നോക്കി പറഞ്ഞു.

'പത്ത് വേണം', പ്ലഷ് പറഞ്ഞു.

മത്സരത്തിനു തയ്യാറെടുക്കാന്‍ ഇനി ഒരുമാസം തികച്ചില്ല. സ്‌ട്രോങ്ങ്മാന്‍ മത്സരമാണ് വരുന്നത്. ഇനിയുള്ള സമയമത്രയും വീപ്പകള്‍ എറിഞ്ഞും ഭാരമുള്ള കല്ലുകള്‍ ഉയര്‍ത്തിയും മണല്‍ചാക്കുകള്‍ പൊക്കി തലയ്ക്കുമീതെ എറിഞ്ഞും വേണം സമയം ചെലവഴിക്കാന്‍. ചില ദിവസങ്ങളില്‍ അവള്‍ വലിയ ടയറുകളും ഒരു മുഴുവന്‍ കാറുമൊക്കെ ഉയര്‍ത്തിമറിക്കും. ഇതിനിടയില്‍ അവള്‍ വിയര്‍ക്കും, കരയും, ചോര ചിന്തും ഈ വേദനയെ എല്ലാം നന്ദിയോടെ ഓര്‍ക്കും.

'ഇതാണ് എന്റെ ജീവന്‍ രക്ഷിച്ചത്', മുപ്പതുകാരി മുന്‍ നേഴ്‌സറി ടീച്ചര്‍ പറയുന്നു.

സ്‌ട്രോങ്ങ്മാന്‍ ഒരു പ്രചാരം കുറഞ്ഞ കളിയാണ്. എസ് യു വികള്‍ പോലുള്ള ആണുങ്ങള്‍ ശക്തി പ്രദര്‍ശിപ്പിക്കാന്‍ കളിച്ചിരുന്ന കളി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീ മത്സരാര്‍ത്ഥികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഈ കളിയിലേയ്ക്ക് എത്താന്‍ ഓരോ കാരണങ്ങള്‍ കാണും.

പ്ലഷിനെപ്പോലെയുള്ള സ്ത്രീകള്‍ക്ക് ഭീകരമാംവിധം ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത്തിലൂടെ ഒരു സ്വത്വബോധമാണ് തിരിച്ചുകിട്ടുന്നത്. ഈ കളിയിലൂടെ അവര്‍ വിഷാദത്തെ തോല്‍പ്പിച്ചു, മോശം ബന്ധങ്ങളെ മറികടന്നു, ശരീരത്തെപ്പറ്റിയുള്ള ധാരണകള്‍ തിരുത്തി, ഒപ്പം ഈ കളിയിലെ വിജയം ജീവിതത്തിന്റെ മറ്റിടങ്ങളിലേയ്ക്കും പകര്‍ത്തി.

'ശക്തിമാനാവുക എന്നും സ്ത്രീയാവുക എന്നുമുള്ള സാമാന്യധാരണകളെ തിരുത്തിയെഴുതുകയാണ് സ്‌ട്രോങ്ങ്മാന്‍', മുപ്പത്തിനാലുകാരി മത്സരാര്‍ത്ഥി കാന്‍ഡസ് ഗ്രാന്‍ഡ് പ്രി പറയുന്നു. 'ഞാന്‍ എന്നെ കൊണ്ടുനടക്കുന്നതില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ ഞാന്‍ കണ്ടു. എന്റെ ശരീരത്തിന്റെ സാധ്യതകള്‍ ഞാന്‍ അറിയുന്നു. ശരിയാണ്, ചെറിയ സ്ത്രീകള്‍ക്ക് ശരീരങ്ങള്‍ കൊണ്ടു പലതും ചെയ്യാനാകും, പക്ഷെ എനിക്ക് എന്റെ ശരീരം കൊണ്ടു അവര്‍ക്ക് കഴിയാത്ത പലതും സാധിക്കും.'

സ്‌ട്രോങ്ങ്മാന്‍ മാനിയ എന്ന പേരില്‍ ജൂലൈ അവസാനം നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പ്ലഷിനെപ്പോലെ ഗ്രാന്‍ഡ് പ്രിയും ആഴ്ചകളോളം പരിശീലനം നടത്തി. പെന്‍സില്‍വാനിയയിലെ ഒരു ജിയോളജിസ്റ്റ് ആണ് പകല്‍ സമയം ഗ്രാന്‍ഡ് പ്രി. വൈകുന്നേരങ്ങളിലും ആഴ്ചയവസാനങ്ങളിലും ജിമ്മില്‍ കഠിനപരിശീലനത്തിലാണ് അവര്‍. ഗ്രാന്‍ഡ് പ്രിക്കും മറ്റുപലര്‍ക്കും ഈ മത്സരത്തില്‍ ജയിക്കുന്നതില്‍ സന്തോഷമാണ്, എന്നാല്‍ പലരും സമ്മതിക്കുന്നത് ജയം മാത്രമല്ല അവരുടെ ലക്ഷ്യം എന്നാണ്. അവര്‍ക്ക് ഈ കളിയില്‍ നിന്ന് മറ്റെന്തോ കൂടി ലഭിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ അന്വേഷിച്ച് കിട്ടുകയും എന്നാല്‍ വാക്കുകള്‍ കൊണ്ടു വിശദീകരിക്കാനാവുന്ന എന്തോ ഒന്ന്.

'പുരുഷന്മാര്‍ക്ക് തങ്ങള്‍ ശക്തരാണെന്ന ധാരണയുള്ളത് കൊണ്ടാണ് മല്‍സരത്തിനിറങ്ങുന്നത്. അവര്‍ അവരുടെ ധാരണ ശരിയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു', അറ്റ്‌ലസ് കല്ലുകള്‍ ഉയര്‍ത്തുന്നതില്‍ ലോകറെക്കോര്‍ഡ് ഉള്ള കിം സിമ്മര്‍മാന്‍ പറയുന്നു. മുന്നൂറു പൗണ്ട് ഭാരമുള്ള സിമന്റ് ഗോളങ്ങളാണിവ.'സ്ത്രീകളുടെ കാര്യം വ്യത്യസ്തമാണ്. ഞങ്ങള്‍ ധാരണകള്‍ തിരുത്തുകയാണ്. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുക പോലും കഴിയാത്ത കാര്യങ്ങള്‍ ചെയ്യുകയാണ് ഞങ്ങള്‍ ഇത് ചെയ്യുമെന്നു ഒരുപക്ഷെ ആരും ചിന്തിച്ചിരിക്കില്ല.'

പ്ലഷിന്റെ ഏറ്റവും പുതിയ വര്‍ക്ക്ഔട്ടില്‍ അറ്റ്‌ലസ് സ്റ്റോണ്‍ ഉണ്ട്. പകുതിവരെ ഉയര്‍ത്തിയശേഷം പല്ലുകളിറുക്കി അവള്‍ അതിനെ തോളൊപ്പമാക്കി. ഇതൊരു നിശ്ചിതസമയം കൊണ്ടു ചെയ്യേണ്ട ജോലിയാണ്. ആകാവുന്നത്ര എണ്ണം അവള്‍ ഉയര്‍ത്തിയെറിയണം. ജിമ്മിന്റെ പിറകിലെ പാര്‍ക്കിംഗ് ഇടത്ത് നിന്നുകൊണ്ട് അവള്‍ 115 പൗണ്ട് ഉള്ള ഒന്നെടുത്ത് താഴെ വെച്ചപ്പോഴാണ് അതില്‍ രക്തം കണ്ടത്. തോളെല്ലില്‍ ഒരു മുറിവുണ്ടായിരുന്നു. 'യുദ്ധമുറിവുകള്‍', അവള്‍ വിളിച്ചു.

പ്ലഷ് രണ്ടുവര്‍ഷമായി ഈ രംഗത്തുണ്ട്. ഇതിനിടെ അവള്‍ വിഷാദത്തെയും ഭക്ഷണപ്രശ്‌നങ്ങളെയും അവളുടെ ശരീരത്തെപ്പറ്റി വര്‍ഷങ്ങളായുള്ള അപകര്‍ഷതകളെയും പൊരുതിത്തോല്‍പ്പിച്ചു.

'എനിക്കെന്നെ ഇഷ്ടമായിരുന്നില്ല, കണ്ണാടിയില്‍ കാണുന്ന എന്നെ ഇഷ്ടമായിരുന്നില്ല', അവള്‍ പറഞ്ഞു. 'ഒരുകോടി ആളുകള്‍ നീ സുന്ദരിയാണെന്നും നീ അതാണെന്നും ഇതാണെന്നും ഒക്കെ പറഞ്ഞാലും ഞാന്‍ ഒന്നും കണ്ടില്ല. കണ്ണാടിയില്‍ നോക്കുമ്പോള്‍ ശൂന്യമായ ഒരു വ്യക്തിയുടെ ചിത്രം മാത്രമാണ് ഞാന്‍ കണ്ടത്. അത് എനിക്കിഷ്ടമായതുപോലുമില്ല.'

എട്ടുവയസുള്ളപ്പോള്‍ അടുത്തദിവസം ഉറക്കമുണര്‍ന്നില്ലെങ്കില്‍ എന്ന് ആലോചിച്ചത് പ്ലഷ് ഓര്‍ക്കുന്നു. അവളുടെ വിഷാദം കൗമാരകാലത്ത് കൂടുതലായി. ഹൈസ്‌കൂള്‍ കോളേജ് കാലങ്ങളില്‍ അവള്‍ ചികിത്സയിലായിരുന്നു. ഒരു കൊടുങ്കാറ്റ് പോലെയായിരുന്നു അവള്‍ക്കുണ്ടായിരുന്ന പ്രശ്‌നങ്ങള്‍: അവനവനെപ്പറ്റി മതിപ്പില്ലായ്മ, പല തരം അരക്ഷിതാവസ്ഥകള്‍, ശരീരത്തെപ്പറ്റിയുള്ള ചിന്തകള്‍, തിരസ്‌കരിക്കപ്പെടുമോ എന്നാ പേടി.

ഇതിനുപിന്നിലെ ശാസ്ത്രം വ്യക്തമാണ്: യുവതികള്‍, പ്രത്യേകിച്ച് യുവ അത്‌ലറ്റ്കള്‍ ഒരുപാട് പ്രശ്‌നങ്ങളും തടസങ്ങളും നേരിടുന്നുണ്ട്. ചിലതിനു കായികജീവിതം കാരണമാവുകയും ചിലതിനു പരിഹാരമാവുകയും ചെയ്യും. മേയ് മാസത്തില്‍ വനിതാ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ അവരുടെ റിപ്പോര്‍ട്ട് ആയ 'ഹെര്‍ ലൈഫ് ഡിപ്പെന്റ്‌സ് ഓണ്‍ ഇറ്റ്' ന്റെ മൂന്നാം പതിപ്പ് ഇറക്കുന്നു. 1500ലേറെ ശാസ്ത്രീയപഠനങ്ങളിലൂടെ കടന്നുപോയ ഗവേഷകര്‍ കണ്ടെത്തിയത് ഇതാണ്:

ശാരീരിക അധ്വാനം സ്ത്രീകളിലെ ആശങ്കകളെ കുറെയേറെ നീക്കും, ഇത് പുരുഷന്മാരില്‍ കാണാറില്ല.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ അളവില്‍ വിഷാദം ഉണ്ടാകാമെങ്കിലും അവര്‍ മുതിര്‍ന്നുകഴിയുമ്പോള്‍ ആണ്‍കുട്ടികളെക്കാള്‍ ഒരു വലിയ വിഷാദം അനുഭവിക്കാന്‍ സാധ്യതയുള്ളത് പെണ്‍കുട്ടികള്‍ക്കാണ്. ഈ ലിംഗപരമായ വിടവ് മെനോപോസ് വരെ തുടരും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളില്‍ വിഷാദത്തിന് ശാരീരിക അധ്വാനത്തിലൂടെ ശമനം വരുന്നത് കണ്ടുവരുന്നു.

പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള സാധ്യത മൂന്നിരട്ടിയിലേറെയാണ്. എന്നാല്‍ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ ആത്മഹത്യ ചെയ്യാനോ അതിനു ശ്രമിക്കാണോ സാധ്യത കുറവാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.

ശരീരത്തെപ്പറ്റിയുള്ള അതൃപ്തി ഭക്ഷണവൈകല്യങ്ങള്‍ക്കും വിഷാദത്തിനും ആത്മവിശ്വാസമില്ലായ്മയ്ക്കും കാരണമാകും. ഈ ശരീരവിരോധം അമേരിക്കന്‍ പെണ്‍കുട്ടികളില്‍ ആറാംവയസുമുതല്‍ കണ്ടുവരുന്നു. കായികയിനങ്ങളില്‍ പങ്കെടുക്കുന്നത് ശരീരത്തെപ്പറ്റി പോസിറ്റീവ് ആയ ചിന്ത കൊണ്ടുവരാന്‍ സഹായിക്കും.

ഇതൊന്നും സ്‌ട്രോങ്ങ്മാനില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് വലിയ സംഗതികളായി തോന്നില്ല. കീലി മോഫിറ്റ് നാഷണല്‍സിന് വേണ്ടി പരിശീലനം നടത്തുന്ന ഒരു ഹെവിവെയിറ്റ്കാരിയാണ്. ആറടി പൊക്കവും 230 പൗണ്ട് തൂക്കവും ഉള്ള അവര്‍ക്ക് കായികലോകം ഒരു സ്വര്‍ഗ്ഗമാണ്. അവര്‍ സ്‌കൂളില്‍ വെച്ച് റഗ്ബിയും ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലും പങ്കെടുത്തിരുന്നു.

ഇപ്പോള്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരിക്കലും അവര്‍ ആരാണെന്നോ കണ്ടാല്‍ എങ്ങനെയാനെന്നോ എന്നതില്‍ അഭിമാനമൊന്നും തോന്നിയിട്ടില്ല എന്ന് പറയുന്നു. അവര്‍ക്ക് തനിച്ചാകുന്നത് പേടിയായിരുന്നു. ആരോഗ്യകരമല്ല എന്ന് ഇപ്പോള്‍ അവര്‍ കരുതുന്ന ഒരു ബന്ധത്തില്‍ അവര്‍ ഉള്‍പ്പെട്ടു. ഒടുവില്‍ കാമുകനുമായി പിരിഞ്ഞപ്പോള്‍ അവര്‍ വൈകാരികമായി തകര്‍ന്നിരുന്നു.

'അമ്മയോടൊപ്പം ഷോപ്പിങ്ങിനു പോയി ഡ്രെസിംഗ്‌റൂമിലിരുന്ന് കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു' അവര്‍ പറയുന്നു. 'ഞാന്‍ കരുതി ഞാനാണ് ഏറ്റവും വിരൂപ. എന്നെ ആര്‍ക്കും വേണ്ട. ഇതാണ് എന്റെ ജീവിതം.'

ഇപ്പോള്‍ ഇരുപത്തഞ്ചാം വയസില്‍ അവര്‍ രണ്ടുവര്‍ഷമായി സ്‌ട്രോങ്ങ്മാനില്‍ പങ്കെടുക്കുന്നു, മൂന്നുവട്ടം ഒന്നാമത് എത്തിയിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ ശാരീരികം മാത്രമല്ല. മോഫിറ്റിനു ജിം ഒരു മാനസികവൈകാരിക മാറ്റം കൂടിയാണ് നല്‍കിയത്.

'ഇപ്പോള്‍ ഞാന്‍ എന്നെ അളന്നുനോക്കാറില്ല', അവര്‍ പറയുന്നു. 'എനിക്കത് ഇപ്പോള്‍ പ്രശ്‌നമല്ല. അതിനെപ്പറ്റിയല്ല ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ ആകെ ആലോചിച്ചു വിഷമിക്കുന്നത് എനിക്ക് എത്ര ഭാരം ഉയര്‍ത്താം എന്നതിനെപ്പറ്റി മാത്രമാണ്.'

ഒരു ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടോ സോഫ്റ്റ്‌ബോള്‍ ഫീല്‍ഡോ ഒക്കെ സ്ത്രീകളിലെ അത്‌ലറ്റിക് ശരീരങ്ങള്‍ക്ക് വിലകല്‍പ്പിക്കുമെങ്കിലും പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സ്‌ത്രൈണ സ്‌പോര്‍ട്‌സ് ആയ ചിയര്‍ലീഡിംഗ്, ഡാന്‍സ്, നൃത്തം പോലുള്ളവയില്‍ പങ്കെടുക്കുന്നവര്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കാത്ത കുട്ടികളെക്കാള്‍ തങ്ങളുടെ ശരീരങ്ങളെപ്പറ്റി നാണിക്കുന്നതായാണ് കാണാന്‍ കഴിയുക.

ഇരുപത്തിയേഴുകാരി നിക്കോള്‍ ടെമിക്കോ കഴിഞ്ഞ ജൂണിലാണ് ആദ്യ ബോഡി ബല്‍ഡിംഗ് മത്സരത്തില്‍ പങ്കെടുത്തത്. അവര്‍ ഭാരം 112 ആയി കുറച്ച് പോസുകള്‍ കണ്ണാടി നോക്കി പരിശീലിച്ചു. മസിലുകള്‍ക്ക് എന്തുചെയ്യാനാകും എന്നതിനേക്കാള്‍ അവ കണ്ടാല്‍ എങ്ങനെ എന്നത് നോക്കിയാണ് വിലയിരുത്തപ്പെടുക എന്ന് അവര്‍ക്ക് അറിയുമായിരുന്നു.

'ഞാന്‍ പട്ടിണി കിടന്നിരുന്നു', അവര്‍ പറയുന്നു. 'ഞാന്‍ വെള്ളം പോലും കുടിച്ചിരുന്നില്ല. വിറയ്ക്കാതിരിക്കാനായി ഒരു റൈസ്‌കേക്ക് മുറിച്ചുകഴിച്ചിരുന്നു.'

മത്സരം കഴിഞ്ഞ ഉടന്‍ തന്നെ അവര്‍ സ്‌ട്രോങ്ങ്മാനിലേയ്ക്ക് തിരിഞ്ഞു. പണ്ട്രണ്ടുമാസം കഴിഞ്ഞു അവര്‍ പതിനെട്ട് പൗണ്ട് തൂക്കം കൂടി, ശക്തയും സന്തോഷവതിയുമായി. ഇപ്പോള്‍ അവനവനെപ്പറ്റി അനാവശ്യചിന്തയില്ലെന്നും പറയുന്നു.'എന്റെ പിന്‍ഭാഗം കാണാന്‍ എങ്ങനെയുണ്ടാകും എന്നോര്‍ത്തായിരുന്നു ഞാന്‍ സ്‌ക്വാറ്റ്‌സ് ചെയ്തിരുന്നത്. ഇപ്പോള്‍ ഞാന്‍ സ്‌ക്വാറ്റ് ചെയ്യുന്നത് അത് എന്നെ ശക്തയാക്കുന്നതുകൊണ്ടാണ്.'

ഡയോന്‍ വെസ്സല്‍സാണ് സ്‌ട്രോങ്ങ് മാന്‍ കോര്‍പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ്. അമേരിക്കയിലെ ഈ കളിയുടെ ഏറ്റവും ഉയര്‍ന്ന ഗവേണിംഗ് ബോഡിയാണിത്. രാജ്യത്ത് ഏതാണ്ട് അയ്യായിരത്തോളം സ്‌ട്രോങ്ങ്മാന്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടെന്നാണ് പറയുന്നത്. അതില്‍ മൂന്നിലൊന്നു സ്ത്രീകളാണ്. വെസേല്‍സ് പേഴ്‌സണല്‍ ട്രെയിനര്‍ ആയാണ് സ്‌പോര്‍ട്‌സ് ജീവിതം തുടങ്ങുന്നത്. ഇപ്പോഴും വിവാഹമോചിതരോ മോശം ബന്ധങ്ങളില്‍പ്പെട്ടുപോയവരോ ഒക്കെയായിരുന്നു ക്ലയന്റ്‌സ്.

'എന്റെ ലക്ഷ്യം പണ്ട് മുതലേ സ്ത്രീകളെ കൂടുതല്‍ സ്വതന്ത്രരാകാനും ആണുങ്ങളെ വളരെ കുറച്ചു ആശ്രയിക്കാനും പഠിപ്പിക്കലായിരുന്നു.' അവര്‍ പറയുന്നു. 'നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.'

സ്‌ട്രോങ്ങ്മാന്‍ മത്സരാര്‍ത്ഥികള്‍ പലരും താരതമ്യേന കൂടിയ പ്രായത്തില്‍ ഭാരോദ്വാഹനത്തിലെത്തിയവരാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവരാരും ടയറുകള്‍ ചുഴറ്റി എറിഞ്ഞു വളര്‍ന്നവരല്ല. അവര്‍ ചെറിയ പെണ്‍കുട്ടികളായിരുന്നപ്പോള്‍ ശക്തിയേയും ഊര്‍ജത്തേയും വില മതിച്ചിരുന്നില്ല.

പ്ലഷ് ഒരുനേഴ്‌സറി ടീച്ചര്‍ ആയിരുന്നു. കുറച്ചുനാള്‍ മുന്‍പ് അവര്‍ ക്ലാസില്‍ ഒരു വഴക്കു കണ്ടു. ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയോട് അവള്‍ക്ക് ഒരിക്കലും ബാറ്റ്മാണോ സൂപ്പര്‍മാണോ ആകാന്‍ പറ്റില്ല കാരണം ആണ്‍കുട്ടികള്‍ മാത്രമാണ് ശക്തര്‍ എന്ന് പറയുകയാണ്. പ്ലഷ് മിണ്ടാതിരിക്കാന്‍ പരിശ്രമിച്ചു. 'അവര്‍ തന്നെ പ്രശ്‌നം പരിഹരിക്കട്ടെ എന്നാണു ആദ്യം കരുതിയത്, പക്ഷെ ആ പെണ്‍കുട്ടി ആകെ വിഷമിച്ചു' പിന്നീട് പ്ലഷ് ഫോണ്‍ എടുത്ത് വീഡിയോകള്‍ പരതി അവര്‍ ഒരു യൂഹോള്‍ ട്രാക്ക് നിറച്ചു ഫര്‍ണിച്ചര്‍ സഹിതം 10,000 പൗണ്ട് ഭാരം ഉയര്‍ത്തുന്നത് കാണിച്ചുകൊടുത്തു.

'ആണ്‍കുട്ടി പറഞ്ഞു, 'എന്റെ അച്ഛന്‍ അത് ചെയ്യില്ല.' ,അവര്‍ ചിരിയോടെ ഓര്‍ത്തു.

പ്ലഷിനു ശരീരത്തെപറ്റിയുള്ള ചിന്ത എപ്പോഴും പ്രശ്‌നമായിരുന്നു. പത്താം വയസില്‍ ഒരു സുഹൃത്ത് അവളുടെ മസ്‌കുലര്‍ ആയ കാലുകളെപ്പറ്റി കമന്റ് പറഞ്ഞു. 'മോശമായല്ല, പക്ഷെ മുപ്പതാം വയസിലും ഞാന്‍ അതോര്‍ക്കണമെങ്കില്‍ അത് എന്നെ ബാധിച്ചിരിക്കണം', അവര്‍ പറയുന്നു.

കോളേജിന്റെ ഒന്നാം വര്‍ഷമാണ് അവള്‍ക്ക് തൂക്കം കൂടിയത്. പിന്നെ അവര്‍ അത് കുറയ്ക്കാന്‍ ശ്രമം തുടങ്ങി. ഭക്ഷണം അപൂര്‍വമായി, വ്യായാമം സ്ഥിരവും.

'ഞാന്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു', അവള്‍ പറയുന്നു. 'ഞാന്‍ എന്നെ എന്റെ തൂക്കം കൊണ്ടാണ് അളന്നത്. ആ നമ്പറായിരുന്നു എല്ലാം.'

അവര്‍ക്ക് അനോറെക്‌സിയയും ബുലീമിയയും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ആ കലോറി കളയാനായി അനാരോഗ്യകരമായി വ്യായാമം ചെയ്തിരുന്നു. പ്ലഷ് എല്ലാ രാവിലെയും അഞ്ചോ അതിലേറെയോ മൈല്‍ ദൂരം ഓടിയിരുന്നു, അതേ ദൂരം രാത്രിയും. അവരുടെ അത്താഴം മിക്കവാറും ഒരു സ്ലിംഫാസ്റ്റ് ബാര്‍ ആയിരുന്നു. കണിശതയോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് എഴുതിവെച്ച്. അഞ്ചടി അഞ്ചിഞ്ചില്‍ 115 പൗണ്ട് ഭാരം. അത്‌ലറ്റിക് ശരീരത്തില്‍ വേനല്‍ക്കാലത്ത് ബീച്ചില്‍ പോകുമ്പോള്‍ വാരിയെല്ല് ഉന്തിനിന്നിരുന്നു.

കോളേജ് പൂര്‍ത്തിയായപ്പോല്‍ ശൂന്യതയായിരുന്നു.

'ജീവിടത്തില്‍ സ്ഥിരതയുണ്ടായിരുന്നില്ല. എന്തുചെയ്യണം എന്നറിയില്ലായിരുന്നു', അവര്‍ പറഞ്ഞു.

ജീവിതത്തിലെ മറ്റുകാര്യങ്ങള്‍ അസ്ഥിരമായപ്പോള്‍ ശരീരഭാരം മാത്രമാണ് പ്ലാഷിന്റെ നിയന്ത്രണത്തില്‍ വന്നത്.

'മൂന്നുവര്‍ഷം മുമ്പ് എന്റെ കാമുകന്‍ എന്നെ ഉപേക്ഷിക്കാന്‍ ശ്രമിച്ചു എന്തിനാണ് അങ്ങനെ ചെയ്യുന്നത്? ഞാന്‍ എത്ര നല്ലതായിരുന്നു? അതിനുശേഷം എന്റെ സ്വഭാവം മാറി. ഞാന്‍ അയാളുടെ കാറില്‍ തൊഴിക്കുകയൊക്കെ ചെയ്തു. വെറുതെയിരുന്നു ഭ്രാന്തമായി കരഞ്ഞു. അച്ഛനോട് പറഞ്ഞു, 'എന്നെ രക്ഷിക്ക്, എനിക്ക് ഇങ്ങനെ ഇരിക്കേണ്ട'.

മാനസികാരോഗ്യത്തിന് ചികിത്സ തേടിയപ്പോള്‍ അവര്‍ക്ക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഡോക്ടര്‍മാര്‍ ചികിത്സയില്‍ കൂടുതല്‍ വ്യായാമം ഉള്‍പ്പെടുത്താന്‍ പറഞ്ഞു.

ജിമ്മില്‍ സ്ഥിരസാന്നിധ്യമായ അവള്‍ കാര്‍ഡിയോ വര്‍ക്ക്ഔട്ട് തുടങ്ങി. ജിം ഉടമയാണ് അവരെ ഞായറാഴ്ചയുള്ള വര്‍ക്ക്ഔട്ട് സംഘത്തിലേയ്ക്ക് ക്ഷണിച്ചത്. സ്‌ട്രോങ്ങ്മാന്‍ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുന്നവരുടെ സംഘമായിരുന്നു ഇത്. പ്ലഷ് അവിടെ എത്തിയെങ്കിലും ഇത് തനിക്കുപറ്റിയ ഇടമായി തോന്നിയില്ല. എനാല്‍ ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുകയും മറിക്കുകയും വലിക്കുകയും ഒക്കെ ചെയ്യുന്നതില്‍ നിന്ന് വലിയ സന്തോഷം കിട്ടി. അവള്‍ കളിയോട് ചേര്‍ന്നു. ഭാരമുയര്‍ത്താന്‍ ശ്രമിച്ചുതുടങ്ങിയപ്പോഴാണ് വര്‍ക്ക്‌ലോഡ് കൂട്ടണമെങ്കില്‍ കൂടുതല്‍ ഭക്ഷണം കഴിക്കണം എന്ന് മനസിലായത്. ഞാന്‍ എന്നെ എന്റെ നേട്ടങ്ങള്‍ കൊണ്ടു അളക്കാന്‍ തുടങ്ങി' അവര്‍ പറയുന്നു.

'സ്‌ട്രോങ്ങ്മാന്‍ ഒരു മികച്ച തെറാപ്പിയായിരുന്നു', അവര്‍ പറയുന്നു. 'മരുന്നോ, ഡോക്ടര്‍മാരോ, സപ്പോര്‍ട്ട്ഗ്രൂപ്പോ എന്നെ ഇത്തരത്തില്‍ സഹായിച്ചിട്ടില്ല.'

പ്ലഷിനു ഇപ്പോഴും തന്റെ ഭാരം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുന്നതിനുപകരം അവര്‍ ശ്രമുക്കുന്നത് 140 പൗണ്ടില്‍ നില്‍ക്കാനാണ്. സ്‌ട്രോങ്ങ്മാന്റെ ലൈറ്റ് വെയിറ്റ് വിഭാഗത്തില്‍ മത്സരിക്കാന്‍ വേണ്ട തൂക്കമാണിത്.

കഴിഞ്ഞ ജൂലൈയിലായിരുന്നു അവസാനമത്സരം. ഇത് വരെ അഞ്ച് മത്സരങ്ങളില്‍ പങ്കെടുത്തു. ഇതില്‍ പി എ ഡച്ച് സ്‌ട്രോങ്ങ് എന്ന മത്സരത്തില്‍ ഒന്നാം സ്ഥാനവും കിട്ടി. സമ്മാനങ്ങള്‍ പലപ്പോഴും ലളിതമാണ്, മെഡലോ ഗിഫ്റ്റ് ബാഗോ മറ്റോ. ഒരു മത്സരത്തില്‍ പ്ലഷിനു കാപ്പിയാണ് കിട്ടിയത്. 'ഞാന്‍ കാപ്പി കുടിക്കുക പോലുമില്ല', അവര്‍ പറഞ്ഞു.

'വിജയിച്ചു എന്ന വികാരമാണ് ഏറ്റവും വലുത്. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒന്ന് നിങ്ങള്‍ ചെയ്തു എന്നറിയല്‍', അവള്‍ പറഞ്ഞു. 'എനിക്കറിയില്ല, അത് ശക്തിപ്പെടുത്തും. എല്ലാ രക്തവും വിയര്‍പ്പും കണ്ണീരും വിലയുള്ളതാകും.'

പെന്‍സില്‍വാനിയയിലെ സ്‌ട്രോങ്ങ് മാന്‍ മാനിയ മത്സരത്തിനു നാലുദിവസം മുന്‍പ് ഗ്രാന്‍ഡ് പ്രി എന്ന ഹെവിവെയിറ്റ് ജിയോളജിസ്റ്റ് തന്റെ പന്ത്രണ്ടുവര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു. തന്റെ സാധനങ്ങള്‍ ഒരു മൂന്നാള്‍ നിലയിലേയ്ക്ക് മാറ്റിവെച്ചു. മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുമാറണോ എന്ന് ചിന്തിച്ചു.

'ഒറ്റയ്ക്ക് ജീവിക്കാന്‍ എനിക്കറിയുകപോല്ലുമില്ല.' അവര്‍ കരഞ്ഞു.

ആഴ്ച മുഴുവന്‍ മത്സരിക്കണോ വേണ്ടയോ എന്ന് സംശയിച്ചുനിന്ന ശേഷം വെള്ളിയാഴ്ച അവര്‍ മൂന്നുമണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഒരു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത് രാത്രി മുഴുവന്‍ ഓരോ നീക്കവും മനസ്സില്‍ കണ്ടു. പെട്ടെന്നു അവര്‍ക്ക് അവിടെ പോകണമെന്നു തോന്നി.

'വലിയ ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നതിന്റെ ഫലം നിങ്ങളുടെ ജീവിതത്തിലെ മറ്റിടങ്ങളിലേയ്ക്കും എത്തും', അവര്‍ പറയുന്നു. 'എനിക്ക് ഈ 250 പൗണ്ട് കല്ലുയര്‍ത്താമെങ്കില്‍ വേറെ എന്തു ചെയ്യാന്‍ പറ്റും?'

പ്ലഷ് വില്‍കസ ബാറിലെത്തി ഒരു ക്രോസ്ഫിറ്റ് ജിമ്മില്‍ ഭാരം പരിശോധിച്ച ശേഷം ലോക്കല്‍ റെസ്റ്റോറന്റില്‍ പോയി ഒരു കുറ്റബോധവുമില്ലാതെ ആഹാരം കഴിച്ചു. പിറ്റേന്ന് രാവിലെ മേക്കപ്പ് ചെയ്തു, മത്സരത്തിനു തയ്യാറാക്കിയ പുതിയ വേഷമിട്ടു. നിയോന്‍ മഞ്ഞ ഷോര്‍ട്ട്‌സ്, അടിയുടുപ്പ്, തലയിലെ ബാന്റ്, സോക്‌സ് പോലും.

ഈ ഭ്രാന്തന്‍ സംഗതികള്‍ ഉയര്‍ത്തി വിയര്‍ക്കാന്‍ പോവുകയാണ് എന്ന് കരുതി ഞാന്‍ ആ പെണ്‍കുട്ടിയെ ഇല്ലാതാക്കുന്നില്ല. ഒരുങ്ങുമ്പോള്‍ എനിക്ക് മത്സരിക്കാന്‍ കുറച്ചുകൂടി ആവേശമാണ്.'

ഗ്രാന്‍ഡ്പ്രി അവര്‍ പിങ്ക്പര്‍പ്പിള്‍ നിറമുള്ള ചുവന്ന തലമുടിയുമായെത്തി. തുടക്കം നന്നായില്ല. 145 പൗണ്ട് ഉയര്‍ത്തുംമുമ്പു അവര്‍ ദേഷ്യം പിടിച്ച ഒരു കരച്ചില്‍ ഉയര്‍ത്തി. പിന്നീടുള്ള മത്സരങ്ങളും നന്നായില്ല. ഒരു മൂലയില്‍ പോയി കുറച്ചു കരഞ്ഞ് ഗ്രാന്‍ഡ് പ്രീ ഇരുന്നു. അവസാനസ്ഥാനം.

അവള്‍ പുറത്ത് വീപ്പ എറിയാന്‍ പോയി. ഇരുപത്തഞ്ചു പൗണ്ട്, പന്ത്രണ്ട് അടി ഉയരെ. ഓരോ ഏറിലും ശക്തി കൂടിവന്നു. അടുത്ത ആഴ്ചകളില്‍ ജിമ്മിലും പുറത്തും ഗ്രാന്‍ഡ് പ്രീയെ മുന്നോട്ടുനയിക്കുക ഈ വിജയമാകും.

പ്ലഷിന്റെ ഭാരത്തില്‍ മറ്റൊരു സ്ത്രീ കൂടിയെ ഉള്ളൂ. അവള്‍ 150 പൗണ്ട് ഉള്ള മണല്‍ച്ചാക്ക് 270 അടി ദൂരെഎറിഞ്ഞു. 115 പൗണ്ടുള്ള കല്ലു ആറുതവണ തോളിലുയര്‍ത്തി. ജയിക്കുകയും നാഷണല്‍സില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശേഷം തിരിച്ചുള്ള വഴി മുഴുവന്‍ സംഭവിച്ചത് ഓര്‍ക്കുകയും എങ്ങനെ മെച്ചപ്പെടാം എന്ന് ചിന്തിക്കുകയുമായിരുന്നു.

പ്ലാഷിന്റെ ചെറുപ്പത്തില്‍ അവര്‍ ചിന്തിച്ചിരുന്ന ഒരു പെര്‍ഫക്റ്റ് ജീവിതമുണ്ട്: ഒരു ബാര്‍ബി, നല്ല ജോലി, നല്ല ഭര്‍ത്താവ്.

'ഇപ്പോള്‍ എനിക്കറിയില്ല', അവര്‍ പറയുന്നു. 'എന്താണ് പെര്‍ഫക്റ്റ് എന്നെനിക്കറിയില്ല. എന്നാല്‍ എനിക്ക് വേണ്ടത് എന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഉണ്ട്.'

(വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനാണ് റിക്ക്‌ മെയ്‌സ്‌)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories