TopTop

ഇസ്ലാമിക തത്ത്വങ്ങൾ പാലിച്ചില്ലെന്ന് ആരോപണം: ഇറാനിൽ 547 റെസ്റ്റോറന്റുകളും കഫേകളും അടപ്പിച്ചു

ഇസ്ലാമിക തത്ത്വങ്ങൾ പാലിച്ചില്ലെന്ന് ആരോപണം: ഇറാനിൽ 547 റെസ്റ്റോറന്റുകളും കഫേകളും അടപ്പിച്ചു
ഇസ്ലാമിക തത്ത്വങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഇറാനിൽ 547 റെസ്റ്റോറന്റുകളും കഫേകളും അടപ്പിച്ചു. പൂട്ടിച്ചതിനു പുറമെ 11 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് മേധാവി ഹുസൈൻ റാഹിമി പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തോളമായി ഇറാനിലാകെ ഈ ഓപ്പറേഷൻ നടത്തുകയായിരുന്നു എന്ന്‌ ഫാർസ് ന്യൂസ് ഏജൻസി പറയുന്നു. എല്ലാവരും ഇസ്‌ലാമിക നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയെന്നതും പോലീസിന്റെ ചുമതലയാണെന്ന് ഹുസൈൻ റാഹിമി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അധാർമികമായ പ്രവർത്തികളിൽ ആരെങ്കിലും ഏർപ്പെട്ടാൽ അവരെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട അധികാരികളെ അറിയിക്കാൻ പ്രത്യേക ഫോൺ നമ്പർ തന്നെ സജ്ജീകരിക്കണമെന്ന് 'സാംസ്കാരിക കുറ്റകൃത്യങ്ങളും, സാമൂഹ്യവും ധാർമികവുമായ അഴിമതി'യും കൈകാര്യം ചെയ്യുന്ന തെഹ്റാനിലെ പ്രത്യേക കോടതി ഉത്തരവിട്ടുരുന്നു. 'കാറിൽ നിന്ന് ഹിജാബ് ഊരുക', 'സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള ഡാൻസ് പാർട്ടികൾ സംഘടിപ്പിക്കുക', ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ധാർമ്മികമല്ലാത്ത പോസ്റ്റുകൾ ഇടുക', തുടങ്ങിയ 'കുറ്റകൃത്യങ്ങൾ' ശ്രദ്ധയിൽപ്പെട്ടാൽ ആ നമ്പറിൽ വിളിച്ച് അറിയിക്കണം.

ഇസ്‌ലാമിക് ഡ്രസ് കോഡ്‌ പിന്തുടരുന്ന ഇറാനിൽ സ്ത്രീകൾക്ക് മുഖം, കൈകൾ, പാദങ്ങൾ എന്നിവമാത്രമേ പരസ്യമായി പ്രദർശിപ്പിക്കാൻ അനുവാദമുള്ളൂ. മാത്രമല്ല അവർ മങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം. 2012-ൽ, ഉപഭോക്താക്കളുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി കഫേകളിൽ സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു.

Next Story

Related Stories