TopTop
Begin typing your search above and press return to search.

ഞങ്ങളോട് യുദ്ധം ചെയ്യാനുള്ള ശക്തി അവര്‍ക്കില്ല: അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച ഇറാന്‍ റെവലൂഷണറി ഗാർഡ്സ്

ഞങ്ങളോട് യുദ്ധം ചെയ്യാനുള്ള ശക്തി അവര്‍ക്കില്ല: അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച ഇറാന്‍ റെവലൂഷണറി ഗാർഡ്സ്

പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാക്കി ഇറാന്‍-അമേരിക്ക സായുധ നീക്കങ്ങള്‍. ഇറാന്‍റെ സമുദ്രാതിര്‍ത്തിയില്‍ അമേരിക്കന്‍ വിമാനവാഹിനി പടക്കപ്പലുകള്‍ വിന്യസിച്ചു. ഇറാനോട് അമേരിക്ക ‘മനഃശാസ്ത്രയുദ്ധം’ പ്രഖ്യാപിച്ചിരിക്കുകയാണെന്നും, രാജ്യത്തെ അപായപ്പെടുത്താനുമുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും ഇറാൻ റെവലൂഷണറി ഗാർഡ്സ് മേധാവി മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു. പാർലമെന്‍റ് അംഗങ്ങളുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കക്ക് കഴിയില്ലെന്നും അത്രയ്ക്ക് സൈനിക ശക്തിയൊന്നും അവര്‍ക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച റവല്യൂഷണറി ഗാര്‍ഡിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയെ നേരിടാനുള്ള സൈനിക ശക്തിയൊക്കെ ഇറാനുണ്ടെന്ന് മറ്റൊരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനും പറഞ്ഞു. 2015-ലെ ഇറാന്‍-അമേരിക്ക ആണവ കരാറിനു ശേഷം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വാക്പോരും മൂര്‍ച്ചിക്കുകയാണ്. ആണവക്കരാര്‍ ഏകപക്ഷീയമാണെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം കഴിഞ്ഞവർഷം അതില്‍ നിന്നും പിന്മാറിയത്. കരാറിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന് ഇറാനും പ്രഖ്യാപിച്ചു. അതോടെയാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്.

ഇറാനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ 40 യുദ്ധ വിമാനങ്ങളുമായി എബ്രഹാം ലിങ്കണ്‍ എന്ന പടക്കപ്പല്‍ ഇറാനു സമീപം വിന്യസിച്ചിട്ടുണ്ട്. “കുറച്ചു കാലം മുന്‍പായിരുന്നെങ്കില്‍ ഇത്തരമൊരുകപ്പല്‍ ഇറാന്‍ തീരത്ത് നങ്കൂരമിട്ടാല്‍ അത് ഗുരുതരമായ ഭീഷണിയായി ഞങ്ങള്‍ കാണുമായിരുന്നു. എന്നാലിന്ന് അങ്ങിനെയല്ല. എല്ലാ ഭീഷണികളും ഒരു സാധ്യതയായാണ്‌ ഞങ്ങള്‍ കാണുന്നത്” എന്ന് ഐആർജിസി ഏറോസ്പേസ് ഡിവിഷൻ തലവൻ അമിറലി ഹജീസാദേവ് പറഞ്ഞു.

അതേസമയം, സര്‍വസജ്ജമായ യു.എസ്.എസ് പടക്കപ്പല്‍ അര്‍ലിങ്ടണ്ണും ഇറാന്‍ തീരമേഖലയിലേക്ക് നീങ്ങിത്തുടങ്ങി. കൂടാതെ, പാട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകള്‍ ഇറാന്‍ മേഖലയില്‍ വിന്യസിക്കാനും അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൗമോപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുത്ത് വിടാവുന്ന പാട്രിയറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ആയുധങ്ങളില്‍ ഒന്നാണ്. ഗള്‍ഫ് യുദ്ധം മുതല്‍ അമേരിക്കന്‍ യുദ്ധ വിജയങ്ങള്‍ക്കെല്ലാം അടിത്തറപാകുന്നത് ഈ മിസൈല്‍ സംവിധാനമാണ്.

ലോകരാജ്യങ്ങളുടെ ഉപരോധംമൂലം രാജ്യം ഇതുവരെയില്ലാത്ത പ്രതിസന്ധി നേരിടുകയാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി വ്യക്തമാക്കി. നിലവിലെ സാഹചര്യം മറികടക്കാൻ രാഷ്ട്രീയവിരോധം മറന്ന് എല്ലാവരും ഒരുമിച്ചുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

‘യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്‍ അധികാരം ഏല്‍ക്കുന്നതിനു മുന്‍പ് ആണവ കരാറില്‍നിന്നും പിൻവലിയാനുള്ള അമേരിക്കന്‍ പദ്ധതി തയ്യാറാക്കിയിരുന്നു’വെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ഞായറാഴ്ച ട്വീറ്റ് ചെയ്തു. യുഎസ് ഉപരോധത്തിന്‍റെ ആഘാതം കുറയ്ക്കാൻ 60 ദിവസത്തിനകം പുതിയ നടപടികൾ കൈക്കൊള്ളണമെന്ന് ഇറാൻ യൂറോപ്യന്‍ ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ യുറേനിയം സമ്പുഷ്ടീകരണ അളവ് കുറക്കുന്നത് ഉൾപ്പെടെയുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

Read More: കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത


Next Story

Related Stories