TopTop
Begin typing your search above and press return to search.

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചയുടെ അറസ്റ്റിന് മുന്‍ഗണനയെന്ന് അമേരിക്ക

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചയുടെ അറസ്റ്റിന് മുന്‍ഗണനയെന്ന് അമേരിക്ക

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചയുടെ അറസ്റ്റ് യുഎസിന്റെ മുന്‍ഗണനകളില്‍ ഒന്നാണെന്ന് അറ്റോണി ജനറല്‍ ജെഫ് തോംസണ്‍. തിരഞ്ഞെടുപ്പ് കാലത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വിക്കിലീക്‌സിനെയും ജൂലിയന്‍ അസാഞ്ചയെയും വാനോളം പുകഴ്ത്തിയിരുന്നു. 'ഞാന്‍ വിക്കിലീക്‌സിനെ സ്‌നേഹിക്കുന്നു' എന്നാണ് ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് തികച്ചും കടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

2010ല്‍ യുഎസ് സൈന്യത്തില്‍ താല്‍ക്കാലിക ഉദ്യോഗസ്ഥയായ ചെല്‍സിയ മാനിംഗ് വിവിധ യുഎസ് എംബസികളില്‍ നിന്നും ചോര്‍ത്തിയ രഹസ്യരേഖകള്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചത് മുതല്‍ അസാഞ്ചയ്‌ക്കെതിരായ അന്വേഷണം നടക്കുകയാണ്. അസാഞ്ചയ്‌ക്കെതിരായ കുറ്റപത്രം യുഎസ് അധികൃതര്‍ തയ്യാറാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് തോംസണിന്റെ പ്രസ്താവന പുറത്തുവരുന്നത്. ഇപ്പോള്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയത്തില്‍ കഴിയുകയാണ് അസാഞ്ച.

അസാസാഞ്ചയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം അന്തിമമാണോ എന്ന ചോദ്യത്തിന് ഇതിനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണെന്ന് അദ്ദേഹം മറുപടി നല്‍കി. എല്ലാത്തരം ചോര്‍ത്തലുകള്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഇപ്പോള്‍ തന്നെ നിരവധി ചോര്‍ത്തലുകള്‍ നടന്നു കഴിഞ്ഞു. അതില്‍ ചിലത് വളരെ ഗൗരവമുള്ളതാണ്. അതിനാല്‍ തന്നെ അറസ്റ്റ് ഒരു മുന്‍ഗണനയാണെന്ന് തോംസണ്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഉടനടി വിചാരണ നടക്കുമെന്നതിനെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിച്ചിട്ടില്ലെന്നാണ് അസാഞ്ചയുടെ അഭിഭാഷകന്‍ ബാരി പൊള്ളോക്ക് പറഞ്ഞത്. നീതിന്യായ വകുപ്പ് തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള വിവരങ്ങളും നല്‍കിയിട്ടില്ലെന്നും അസാഞ്ചയ്‌ക്കെതിരെ എന്തെങ്കിലും കുറ്റം ചുമത്തിയതായി അറിവില്ലെന്നും പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു. അന്വേഷണം നടക്കുന്ന ഏതെങ്കിലും കേസില്‍ അസാഞ്ചയ്ക്ക് പങ്കുള്ളതായി തങ്ങള്‍ക്ക് അറിയില്ലെന്നും ഇത് സംബന്ധിച്ച് വിശദീകരണത്തിനായി നീതിന്യായ വകുപ്പിനെ പലതവണ സമീപിച്ചിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും പൊള്ളോക്ക് വിശദീകരിച്ചു.

രേഖകള്‍ പുറത്തുവന്ന സമയത്ത് റിപബ്ലിക്കന്‍ നേതക്കാള്‍ അസാഞ്ചയെ വഞ്ചകന്‍ എന്നാണ് വിശേഷിപ്പിച്ചത്. അസാഞ്ചയെ പോലുള്ളവര്‍ക്ക് മരണശിക്ഷ പോലെ എന്തെങ്കിലും ഏര്‍പ്പെടുത്തണമെന്ന് ട്രംപ് ഒരഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍, തിഞ്ഞെടുപ്പ് സമയത്ത് ഡമോക്രാറ്റിക് പാട്ടിയുടെയും ഹിലാരി ക്ലിന്റണിന്റെ പ്രചാരണ വിഭാഗത്തിന്റെ ഇ-മെയിലുകള്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചതോടെ അസാഞ്ച ഇവരുടെയൊക്കെ പ്രിയപ്പെട്ടവനായി മാറി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഇ-മെയില്‍ ചോര്‍ന്നത് വലിയ വിഷയമാക്കി മാറ്റുകയും അത് ഹിലരി ക്ലിന്റണിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. അവരെ അവസരവാദി എന്നാണ് അക്കാലത്ത് ഈ മെയിലുകള്‍ ചൂണ്ടിക്കാട്ടി ട്രംപ് വിശേഷിപ്പിച്ചത്.

അധികാരത്തിലെത്തിയതോടെ റിപബ്ലിക്കന്മാര്‍ അവരുടെ പതിവ് പാരമ്പര്യത്തിലേക്ക് തന്നെ മടങ്ങി എന്നുവേണം കരുതാന്‍. റഷ്യയെ പോലെയുള്ള രാജ്യങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ വിരുദ്ധ രഹസ്യാന്വേഷണമാണ് അസാഞ്ച നടത്തിയിരിക്കുന്നതെന്നും ഒന്നാം ഭേദഗതിയുടെ ആനുകൂല്യം അദ്ദേഹത്തിന് ലഭിക്കില്ലെന്നും സിഐഎ തലവന്‍ മൈക്ക് പോപിയോ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

സ്വീഡനില്‍ ചുമത്തപ്പെട്ട ഒരു ബലാല്‍സംഗ കുറ്റത്തില്‍ നിന്നും അറസ്റ്റ് ഒഴിവാക്കുന്നതിനാണ് അസാഞ്ച ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. ഇക്വഡോറില്‍ സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച സോഷ്യലിസ്റ്റ് നേതാവ് ലെനിന്‍ മോറേനോ അസാഞ്ചയെ പുറത്താക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന് മാറ്റം വരാതെ യുഎസിന് അസാഞ്ചയെ അറസ്റ്റ് ചെയ്യുക അസാധ്യമാണ്. യുഎസ്-ഇക്വഡോര്‍ ബന്ധം കണക്കിലെടുക്കുമ്പോള്‍ അസാഞ്ച പുറത്താക്കപ്പെടാനുള്ള സാധ്യത വിരളവുമാണ്.


Next Story

Related Stories