വിദേശം

ബലാല്‍സംഗം: വിരല്‍ കടത്തിയുള്ള യോനി പരിശോധന ബംഗ്ലാദേശ് ഹൈക്കോടതി നിരോധിച്ചു

ബലാല്‍സംഗം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാന്‍ നടത്തുന്ന വിരല്‍ കടത്തിയുള്ള പരിശോധന ബംഗ്ലാദേശ് ഹൈക്കോടതി നിരോധിച്ചു. പരിശോധയ്ക്ക് ശാസ്ത്രീയവും നിയമപരമുമായ അടിത്തറയില്ലെന്നും ഇതിലൂടെ കുറ്റകൃത്യം തെളിയിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഹൈക്കോടതിയുടെ നടപടി. വിരല്‍ കടത്തിയുള്ള പരിശോധന നിരോധിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ ആറ് മനുഷ്യാവകാശ സംഘടനകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഗോബിന്ദ്ര ചന്ദ്ര ടാഗോര്‍, എകെഎം ഷഹീദുള്‍ ഹഖ് എന്നിവരുടെ ഉത്തരവ്.

ഇത്തരം പരിശോധനകള്‍ക്കായി ലോകാരോഗ്യ സംഘടന 2017ല്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും, രാജ്യത്തെ എല്ലാ ആശുപത്രികള്‍ക്കും പരിശോധന വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ അയക്കണമെന്നും ബഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

പരാതിക്കാരിയെ പരിശോധിക്കാന്‍ വനിതാ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണം. സംഘത്തില്‍ നഴ്‌സ്, ഫോറന്‍സിക് വിദഗ്ദ, വനിതാ പോലിസ്, പരാതിക്കാരിയുടെ അടുത്ത വനിതാ ബന്ധു എന്നിവരെ ഉള്‍പ്പെടുത്തണം. വിചാരണാ വേളയില്‍ ഇരയെ അപമാനിക്കും വിധത്തിലുള്ള അഭിഭാഷകരുടെ ചോദ്യങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് വനിതാ ശിശുക്ഷേമ ട്രൈബ്യൂണലുകള്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ബലാല്‍സംഗം സ്ഥിരീകരിക്കുന്നതിനായി യോനിയില്‍ വിരല്‍ കടത്തിയുള്ള പരിശോധന ഇന്ത്യയില്‍ 2013ല്‍ സുപ്രിം കോടതി നിരോധിച്ചിരുന്നു. ഇതിന് പിറകെയാണ് ബംഗ്ലാദേശിലെ മനുഷ്യാവകാശ സംഘടകള്‍ കോടതിയിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍