TopTop
Begin typing your search above and press return to search.

ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചുവെന്ന് ആരോപിച്ച് ഹോങ്കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ ചൈന തടവിലാക്കി

ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചുവെന്ന് ആരോപിച്ച് ഹോങ്കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ ചൈന തടവിലാക്കി

ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചുവെന്ന് ആരോപിച്ച് ഹോങ്കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ ചൈന തടവിലാക്കി. ചൈനീസ് ദേശീയമാധ്യമങ്ങളാണ് സ്കോട്ടിഷ് ഡവലപ്മെന്റ് ഇന്റർനാഷണലിന്റെ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായ സൈമൺ ചെംഗിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചൈനയില്‍ സർക്കാർ വിമർശകരെ താറടിച്ചു കാണിക്കാന്‍ അധികാരികൾ പലപ്പോഴും ഉപയോഗിക്കുന്ന ഒരു ആരോപണമാണിത്.

ഹോങ്കോങ്ങിന്റെ അതിർത്തി നഗരമായ ഷെൻഷെനിലേക്ക് ഓഗസ്റ്റ് 8-ന് രാത്രി സൈമൺ ചെംഗ് പോയിരുന്നു. അതിനു ശേഷം അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. ചൈനയുടെ പൊതു സുരക്ഷാ ഭരണ ശിക്ഷാ നിയമം ചെംഗ് ലംഘിച്ചുവെന്നും, അതിനാല്‍ ഷെൻ‌ഷെനിൽ 15 ദിവസത്തെ ഭരണ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ‘വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനാലാണ്’ ചെംഗിനെ തടവിലാക്കിയതെന്ന് ഷെൻഷെന്‍ പോലീസിനെ ഉദ്ധരിച്ചുകൊണ്ട് ‘ഗ്ലോബൽ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലിയുടെ ഉടമസ്ഥതയിലുള്ള പത്രമാണത്.

ചെംഗിനെ തടവിലാക്കിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും തടവിലാക്കപ്പെട്ടതു മുതൽ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ഫോറിന്‍ കോമൺ‌വെൽത്ത് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാല്‍ തന്റെ കുടുംബത്തെപ്പോലും വിഷയം അറിയിക്കരുതെന്ന് പോലീസിനോട് അഭ്യർത്ഥിച്ചത് ചെംഗാണെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഏപ്രിൽ മുതൽ ഹോങ്കോംഗിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭപരിപാടികൾ ശക്തമായി തുടരുകയാണ്. പ്രക്ഷോഭകാരികൾക്കെതിരെ ചൈനയുടെ പിന്തുണയോടുകൂടി ഹോങ്കോംഗ് സർക്കാർ സ്വീകരിച്ച അടിച്ചർമത്തൽ നടപടികൾ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ചൈനയുടെ ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള പുതുതലമുറയുടെ രോഷപ്രകടനമാണ് ഈ പ്രക്ഷോഭം. ചൈനയിലേക്ക് കടക്കുന്ന പല ഹോങ്കോംഗ് നിവാസികളെയും പ്രത്യേക മുറികളിലേക്ക് കൊണ്ടുപോയി, ഫോണുകളിലും കമ്പ്യൂട്ടറുകളിലുമുള്ള അവരുടെ സന്ദേശങ്ങളും ഫോട്ടോകളും പരിശോധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളിൽ ചെംഗ് പങ്കെടുക്കുകയോ അതേകുറിച്ചുള്ള തന്റെ നിലപാട് പരസ്യമായി പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ കാമുകി ലി പറയുന്നു. ലൈംഗികമോ സാമ്പത്തികമോ ആയ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് വിമതരെയും പ്രവർത്തകരെയും സർക്കാർ വിമർശകരെയും അറസ്റ്റ് ചെയ്യുന്നത് ചൈനയിലെ സ്ഥിരസംഭവമാണ്.

Read: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ടാം പ്രളയത്തിനും ഒരു മാസം മുന്‍പ്; സര്‍ക്കാര്‍ അനങ്ങിയില്ല, പ്രകൃതി കലിതുള്ളി


Next Story

Related Stories