TopTop
Begin typing your search above and press return to search.

ക്യൂബയില്‍ കാസ്ട്രോ യുഗം അവസാനിക്കുന്നു

ക്യൂബയില്‍ കാസ്ട്രോ യുഗം അവസാനിക്കുന്നു

“നിന്‍റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും

നീതി, അപ്പം, ഭൂപരിഷ്‌ക്കരണം, സ്വാതന്ത്ര്യം.

അതേശബ്ദത്തിന്‍റെ പ്രതിധ്വനികളുമായി അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും...”

ക്യൂബയില്‍ ഒരു യുഗത്തിന് നാന്ദി കുറിക്കപ്പെടുമ്പോള്‍ ഫിദൽ കാസ്‌ട്രോയെ കുറിച്ച് ചെഗുവേര പറഞ്ഞ ഈ വാക്കുകളില്‍ നിന്നുതന്നെ തുടങ്ങേണ്ടി വരും.

കീഴടങ്ങാത്ത ഇച്ഛാശക്തി സമരോര്‍ജ്ജമാക്കിക്കൊണ്ട്, വെറും എണ്‍പത്തിരണ്ടു പേരേയും പന്ത്രണ്ട് കുതിരകളേയും മാത്രം ഉപയോഗിച്ച്, ബാറ്റിസ്റ്റയുടെ നാല്‍പ്പതിനായിരം പടയാളികളെ തോല്‍പ്പിച്ച്, ക്യൂബന്‍ മണ്ണിനെ സോഷ്യലിസത്തിന്‍റെ വിളനിലമാക്കി ആറു പതിറ്റാണ്ടോളം നിയന്ത്രിച്ച കാസ്ട്രോ ഭരണം ചരിത്രമാവുകയാണ്. കാസ്‌ട്രോയെന്ന രണ്ടാം പേരില്ലാത്ത ഒരാൾ അധികാരമേല്‍ക്കുകയാണ്... ‘മിഗ്വേൽ ഡിയാസ് കാനെൽ...’

ഭരണമാറ്റം അപൂർവമായി മാത്രം സംഭവിക്കുന്ന ക്യൂബയെ സംബന്ധിച്ചിടത്തോളം ഈ മാറ്റം നിര്‍ണ്ണായകമാണ്. 1959-ൽ ഫിഡൽ കാസ്ട്രോ അധികാരത്തിൽ വന്നതിനുശേഷം കാസ്ട്രോ കുടുംബം മാത്രമാണ് രാജ്യം ഭരിച്ചിട്ടുള്ളത്. ഫിദൽ കാസ്ട്രോ വിശ്രമിക്കാൻ പോയതിനെ തുടര്‍ന്നാണ്‌ റൌള്‍ ഭാഗികമായി ‘മ്യൂസിയം ഓഫ് ദ റെവലൂഷ’ന്‍റെ അമരക്കാരനാവുന്നത്. 2008-ൽ അധികാരം പൂർണമായും കൈമാറി. ഇപ്പോഴത്തെ മാറ്റം നേരത്തേതന്നെ പ്രതീക്ഷിച്ചതുമാണ്. എന്നാല്‍, ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും വൈഷമ്യമേറിയ കാലത്താണ് ഈ അധികാരമാറ്റം എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക രംഗം താറുമാറാണ്. ലാറ്റിനമേരിക്കയിലെ ക്യൂബൻ സഖ്യകക്ഷികൾ അടുത്ത കാലത്തായി കൈക്കൊള്ളുന്ന നിലപാടുകള്‍ ക്യൂബയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ട്രംപ് അധികാരത്തില്‍ വന്നശേഷം അമേരിക്കയുടെ ക്യൂബന്‍ നയവും മാറിയിട്ടുണ്ട്.

തലമുറമാറ്റം

മാറുന്നത് കേവലമൊരു വ്യക്തിയല്ല, ഒരു തലമുറയാണ്. വിപ്ലവത്തിന്‍റെ പൊതുമുഖമായിരുന്നു ഫിദല്‍. 1959-ൽ ബാറ്റിസ്റ്റയെ തകര്‍ത്ത് അദ്ദേഹം ചരിത്രം രചിക്കുമ്പോള്‍ ഡയസ് കാനെൽ ജനിച്ചിട്ടുപോലുമില്ല. അധികാരത്തിലിരിക്കെത്തന്നെ താന്‍ മരണപ്പെടുമെന്ന് ഫിദല്‍ എപ്പോഴും പറയാറുണ്ടായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. ആരോഗ്യസ്ഥിതി മോശമായതും കുടൽ ശസ്ത്രക്രിയ നടത്തിയതും അദ്ദേഹത്തെ അധികാരമൊഴിയാന്‍ നിര്‍ബന്ധിതനാക്കി. 2016-ല്‍ ആ യുഗം അവസാനിച്ചു. ശേഷം റൌള്‍ കാസ്ട്രോ വന്നു. സൗമ്യനും മിതഭാഷിയുമായിരുന്നു റൌള്‍. പിന്നില്‍ നിന്നും പ്രവര്‍ത്തിക്കുവാനായിരുന്നു എപ്പോഴും താല്‍പര്യപ്പെട്ടിരുന്നത്. ക്യൂബന്‍ വിപ്ലവകാലത്ത് ഫിദലിന്‍റെ വലംകയ്യായിരുന്നു. സോവിയറ്റ് നേതാക്കളുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നതും, അധികാരമേല്‍ക്കുന്നതിന്‍റെ അഞ്ചു വര്‍ഷം മുന്‍പുവരെ സൈനിക മേധാവിയായിരുന്നതും അദ്ദേഹമായിരുന്നു.

http://www.azhimukham.com/castro-che-cuba-died-socialism-us-imperialism-health-education/

കാസ്ട്രോയുടെ മകളായ മരിയേലയോ മകൻ അലെജാൻഡ്രോയോ അടുത്ത പ്രസിഡന്‍റാകുമെന്ന് വിശ്വസിച്ചിരുന്നവരുമുണ്ട്. ദേശീയ അസംബ്ലിയിലെ അംഗവും അറിയപ്പെടുന്ന എല്‍ജിബിടി ആക്ടിവിസ്റ്റുമാണ് മരിയേല. അലെജാൻഡ്രോ ക്യൂബന്‍ കൌണ്ടർ ഇന്‍റലിജൻസിലെ കേണലും അമേരിക്കയുമായുള്ള രഹസ്യ ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനുമാണ്. എന്നാല്‍, റൗൾ കാസ്ട്രോയുടെ പിൻഗാമിയായി കാസ്ട്രോ സഹോദരന്മാരുടെ ആത്മസുഹൃത്തുകൂടിയായ സാങ്കേതികവിദഗ്ധനായ മിഗ്വേൽ ഡയസ് കാനെൽ അധികാരത്തിലേറും.

ആരാണ് മിഗ്വേൽ ഡയസ് കാനെൽ?

എഞ്ചിനീയറാണ് മിഗ്വേൽ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതനേതൃത്വമായ 14 അംഗ പൊളിറ്റ് ബ്യൂറോയിൽ അംഗമായിരുന്നു. 2009-ല്‍ വിദ്യാഭ്യാസ മന്ത്രി. 2013-ൽ വൈസ്പ്രസിഡന്‍റ്. കാസ്ട്രോ വിപ്ലവങ്ങളുടെ അടിസ്ഥാനം രൂപപ്പെടുത്തിയ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ശക്തനായ ഉദ്ഘോഷകനാണ് അദ്ദേഹം. ക്യൂബയ്ക്കുള്ളിലും കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലും വ്യക്തമായ സ്വാധീനമുള്ള മിഗ്വേൽ 1976-ൽ ഫിദൽ കാസ്‌ട്രോ പുതിയ ഭരണഘടനയുണ്ടാക്കിയതിനുശേഷം പ്രസിഡന്‍റാകുന്ന ആദ്യ സാധാരണ പൗരനാണ്.

http://www.azhimukham.com/fidel-castros-letter-obama-cuba-america-colonialism-world-azhimukham/

അമരത്ത് റൌള്‍ തന്നെ തുടരും

എന്നിട്ടും പുതിയ നായകന് എത്രത്തോളം അധികാരം ഉണ്ടായിരിക്കും എന്നത് ഒരു തുറന്ന ചോദ്യമാണ്. ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായി റൗൾ കാസ്ട്രോ ഏതാണ്ട് 2021 വരെ തുടരും. ഗവൺമെന്‍റിന്‍റെ ദീർഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതും പാര്‍ട്ടിയാണ്. ഇതാദ്യമായാണ് ക്യൂബയിലെ പാര്‍ട്ടിയുടെ തലവനും ഗവൺമെന്‍റിന്‍റെ തലവനും വേറെ ആളുകളാകുന്നത്. മാത്രമല്ല, പട്ടാളത്തിന്റെ ഒരുവിഭാഗത്തിലും സേവനം അനുഷ്ടിച്ചിട്ടില്ലാത്ത പട്ടാള മേധാവിയാകും മിഗ്വേൽ. ക്യൂബന്‍ സമ്പദ് വ്യവസ്ഥയുടെ മേല്‍നോട്ട ചുമതലയും പട്ടാളത്തിനാണ്. വിപ്ലവ പോരാട്ടങ്ങളിലോ ഉന്നതാധികാര കേന്ദ്രങ്ങളിലോ ഇരുന്ന് പരിചയിച്ചിട്ടില്ലാത്ത മിഗ്വേലിന് പുതിയ ഉദ്യമം കടുത്ത വെല്ലുവിളിതന്നെയാകും. എന്തായാലും ഒരിക്കലും കാസ്ട്രോമാരെ പോലെയാകാന്‍ മിഗ്വേലിന് കഴിയില്ല. കാരണം, കാസ്ട്രോ സഹോദരങ്ങള്‍ ‘സമ്മതം കൊടുത്തിരുന്ന’വരായിരുന്നു. മിഗ്വേലാകട്ടെ ‘സമ്മതം വാങ്ങേണ്ടി’വരും.

http://www.azhimukham.com/fidel-castro-cuban-revolutionary-leader-obit/

പ്രസിഡന്‍റിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

2008-ൽ റൗൾ കാസ്ട്രോ അധികാരമേല്‍ക്കുമ്പോള്‍ ഭൂരിഭാഗം ആളുകൾക്കും കമ്പ്യൂട്ടറുകളോ സെൽഫോണുകളോ ഉണ്ടായിരുന്നില്ല. അനുമതിയില്ലാതെ പുറത്ത് പോകാന്‍ കഴിയുമായിരുന്നില്ല. സ്വകാര്യ ബിസിനസുകള്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാലിന്ന് ക്യൂബയില്‍ ഏകദേശം 600,000 സ്വകാര്യ സംരംഭങ്ങള്‍ ഉണ്ട്. അഞ്ച് ദശലക്ഷത്തിലധികം സെൽഫോണുകൾ, തിരക്കേറിയ റിയൽ എസ്റ്റേറ്റ് മാർക്കറ്റ്, ലോകത്തിലെ ഏറ്റവും വേഗതയേറിയ ഒരു വിമാനത്താവളം, അതിവേഗ ഇന്‍റര്‍നെറ്റ് തുടങ്ങി വിദേശ കടങ്ങള്‍ മുഴുവന്‍ വിനിയോഗിച്ച് പുതുവെളിച്ചം വിതറിയാണ് റൌള്‍ പടിയിറങ്ങുന്നത്.

അതേസമയം കണക്കുപുസ്തകത്തിന്‍റെ മറുപുറം മിഗ്വേലിന് ആശാവഹമല്ല. നാലില്‍ മൂന്ന് പേര്‍ക്കും ജോലിയുണ്ടെങ്കിലും ഉല്‍പ്പാദനം കുറവാണ്. സ്വകാര്യമേഖലയുടെ വളർച്ച വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്. വിദേശ നിക്ഷേപം വളരെ കുറയുന്നതും, അടിസ്ഥാനസൗകര്യ വികസനം കൂടുതൽ ദുർബലമാകുന്നതും പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു.

http://www.azhimukham.com/fidel-castro-revolutionary-leader-who-made-cuba-a-socialist-republic/

അമേരിക്കയുമായുള്ള ബന്ധം എല്ലാ കാലത്തും അവര്‍ക്ക് വെല്ലുവിളിയാണ്. ക്യൂബയുടെ പ്രധാന കൂട്ടാളിയായ വെനിസ്വേലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ അവിടെ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏതാണ്ട് നിലച്ചമട്ടാണ്. രണ്ട് കറന്‍സികള്‍ ഉള്ള രാജ്യമാണ് ക്യൂബ. ഇത് ഒന്നാക്കാതെ സാമ്പത്തിക പ്രധിസന്ധി പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയില്ല.

എങ്കിലും ഒരുപാട് പ്രതീക്ഷയുണ്ട് മിഗ്വേൽ ഡയസ് കാനെലില്‍. വന്‍കരകളുടെ നായകനായിരുന്ന, ഒരു വിളിക്ക് ഒരു ജനതയെ അണിനിരത്തിയ ചൂളമായിരുന്ന, ആ കൊച്ചുരാജ്യത്തെ താടിക്കാരന്‍ നേതാവിന്‍റെ പിന്മുറക്കാരനാണ് അദ്ദേഹം. നവലിബറല്‍ ആഗോളവത്ക്കരണം ശാശ്വതമല്ലെന്നും, നാം ആഗ്രഹിക്കുന്ന സാര്‍വ്വദേശീയത പടുത്തുയര്‍ത്താനാവുമെന്നും, അതിന് ആശയങ്ങളും സ്വപ്നങ്ങളുമാണ് വേണ്ടതെന്നും സാന്‍റിയാഗോ ഡി ക്യൂബയിലെ പ്രശസ്തമായ ഒരു പ്രസംഗത്തില്‍ ഫിദല്‍ പറഞ്ഞിരുന്നു. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മിഗ്വേലിന് കഴിയുമോ? ‘നിങ്ങള്‍തന്നെ, നിങ്ങള്‍ ചെയ്യും...’ എന്ന ഫിദലിന്‍റെ വാക്കുകള്‍ ഊര്‍ജ്ജമാക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ.

http://www.azhimukham.com/h-fidel-castro-gave-what-he-said-may-be-his-last-speech-azhimukham/


Next Story

Related Stories