UPDATES

വിദേശം

തായ് വാനുമായുള്ള 2.2 ബില്യൺ ഡോളറിന്‍റെ ആയുധ ഇടപാട് റദ്ദാക്കണം: യുഎസിനോട് ചൈന

സ്വയംഭരണ ദ്വീപായ തായ്‌വാനെ തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമായാണ് ചൈന കാണുന്നത്.

തായ്‌വാന് കൂടുതല്‍ കരുത്തുള്ള ആയുധങ്ങള്‍ നല്‍കി കിഴക്കനേഷ്യയെ സംഘര്‍ഷഭരിതമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ ശക്തമായെതിര്‍ത്ത് ചൈന രംഗത്തെത്തി. യുദ്ധ ടാങ്കുകളും വിമാനങ്ങളെ വെടിവെച്ചിടാന്‍ കഴിയുന്ന മിസൈലുകളുമടക്കം 2.2 ബില്യൺ ഡോളറിന്‍റെ (ഏതാണ്ട് 1,50,78,80,00,000 ഇന്ത്യന്‍ രൂപ) ആയുധ വിൽപ്പനയാണ് അമേരിക്ക തായ് വാനുമായി നടത്താന്‍ പോകുന്നത്. തായ്‌വാന്‍റെ ചരിത്രത്തിലെ ഏറ്റവും വലുതായ ഈ ആയുധ വില്‍പ്പന റദ്ദാക്കണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇതോടെ ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യയുദ്ധം കൂടുതല്‍ വഷളാകാനാണ് സാധ്യത.

സ്വയംഭരണ ദ്വീപായ തായ്‌വാനെ തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമായാണ് ചൈന കാണുന്നത്. 108 എം1 എ2ടി അബ്രാം ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും കരാര്‍ പ്രകാരം തായ്‌വാന് ലഭിക്കുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോ ഓപറേഷന്‍ ഏജന്‍സി പറയുന്നു. യു.എസ് കോണ്‍ഗ്രസിന്റെ അനുമതി കൂടിയുണ്ടെങ്കിലേ വില്‍പന നടക്കൂ. നിർദ്ദിഷ്ട വിൽപ്പനയ്‌ക്കെതിരെ ശക്തമായ അസംതൃപ്തിയും എതിർപ്പും പ്രകടിപ്പിച്ചുകൊണ്ട് നയതന്ത്ര ചാനലുകൾ വഴി ബീജിംഗ് ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. ചൈനയുടെ പരമാധികാരത്തിനും സുരക്ഷാ താൽപ്പര്യങ്ങൾക്കും ഹാനികരമാകുന്ന തരത്തിലുള്ള ക്രൂരമായ ഇടപെടലാണിതെന്ന് അദ്ദേഹം ആരോപിച്ചു.

‘ചൈന-യുഎസ് ബന്ധത്തിന് കേടുപാടുകൾ വരുത്താതിരിക്കാനും തായ്‌വാൻ കടലിടുക്കിൽ സമാധാനത്തിനും സ്ഥിരതയ്ക്കും ഹാനികരമാകാതിരിക്കാനും ആസൂത്രിതമായ ആയുധ വിൽപ്പന ഉടൻ റദ്ദാക്കാക്കി തായ്‌പേയുമായുള്ള സൈനിക ബന്ധം അവസാനിപ്പിക്കണമെന്ന് ചൈന അമേരിക്കയോട് അഭ്യർത്ഥിക്കുന്നു’- ഗെങ് ഷുവാങ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാനും വൈദേശീയ ഇടപെടലുകളെ എതിർത്തു തോല്‍പ്പിക്കാനുമുള്ള ചൈനീസ് സർക്കാരിന്റെയും ജനങ്ങളുടെയും ഉറച്ച ദൃഡ നിശ്ചയത്തെ ആരും കുറച്ചുകാണരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

1949-ലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നാണ്‌ തായ്‌വാൻ ചൈനയില്‍ നിന്നും വേറിട്ട്‌ ഒരു സ്വതന്ത്ര രാജ്യമാകുന്നത്. എന്നാല്‍ ചൈന ഇപ്പോഴും അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. തായ്‌വാൻ പ്രസിഡന്‍റ് സായ് ഇംഗ്-വെൻ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം തായ്‌വാനുമായുള്ള നയതന്ത്ര, സൈനിക സമ്മർദ്ദം ചൈന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. കാരണം സായ് ഇംഗ്-വെന്നിന്‍റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ചൈനയുടെ ‘വണ്‍ ചൈന’ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പാര്‍ട്ടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍