TopTop
Begin typing your search above and press return to search.

'ഇത് വെള്ള ദേശീയവാദികളുടെ അജണ്ട, അവര്‍ വൈറ്റ് ഹൌസിലെ പൂന്തോട്ടത്തിലും എത്തിയിരിക്കുന്നു'

ഇത് വെള്ള ദേശീയവാദികളുടെ അജണ്ട, അവര്‍ വൈറ്റ് ഹൌസിലെ പൂന്തോട്ടത്തിലും എത്തിയിരിക്കുന്നു

അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ് വംശീയമായി അധിക്ഷേപിച്ച ജനപ്രതിനിധി സഭയിലെ വനിതാ അംഗങ്ങള്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത്. ‘വൈറ്റ് നാഷണലിസ്റ്റുകളുടെ അജണ്ട’ നടപ്പിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും, അമേരിക്കക്കാർ ഈ ഭിന്നിപ്പിന്‍റെ സ്വരം ഉള്‍ക്കൊള്ളരുതെന്നും അവര്‍ പറയുന്നു.

സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

'രാജ്യത്തിന്‍റെ പാരമ്പര്യവുമായി ഈ സ്ത്രീകള്‍ക്ക് ബന്ധമില്ല. തികച്ചും മറ്റൊരു സാഹചര്യത്തില്‍നിന്ന് വന്നവരാണ് ഇവര്‍. എന്‍റെ അഭിപ്രായത്തില്‍ ഇവര്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണ്. ഇവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ എത്തിയവരാണ്. നിങ്ങള്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണെങ്കില്‍, നിങ്ങള്‍ക്ക് ഇവിടെ സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാം'- എന്നായിരുന്നു വൈറ്റ്ഹൗസിന് പുറത്തുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്‍റെ പരാമര്‍ശം. തുടര്‍ന്ന് ഇവര്‍ക്കെതിരെ അദ്ദേഹം ട്വിറ്ററിലും രംഗത്തെത്തി.

വനിതാ അംഗങ്ങളായ അലക്സ്രാന്‍ഡ്രിയ ഒകാസിയോ കോര്‍ടെസ്, റാഷിദ ത്ലൈബ്, അയാന പ്രസ്ലി, ഇല്‍ഹാന്‍ ഒമര്‍ എന്നിവരെയാണ് ട്രംപ് പേരു പറയാതെ വിമര്‍ശിച്ചത്. ഇതില്‍ ഇല്‍ഹാന്‍ ഒമര്‍ പന്ത്രണ്ടാം വയസ്സില്‍ സൊമാലിയയില്‍ നിന്നും അഭയാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയതാണ്. ബാക്കി മൂന്ന് പേരും അമേരിക്കയില്‍ ജനിച്ച് വളര്‍ന്നവരും. പ്രസ്ലി ആഫ്രിക്കൻ അമേരിക്കക്കാരിയാണ്. ത്ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോർട്ടെസ് ന്യൂയോർക്ക്-പ്യൂർട്ടോറിക്കൻ കുടുംബത്തിൽ നിന്നാണ് വരുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ പുരോഗമനവാദികളാണ്, ഇടതുപക്ഷ ചായ്‌വുള്ള നയങ്ങൾക്ക് വേണ്ടി വാദിക്കുന്നവരാണ്.

‘നഗ്നമായ വംശീയ ആക്രമണം’ നടത്തുക വഴി സ്വന്തം കഴിവുകേടുകളും അഴിമതികളും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളും മറച്ചുവെക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നു. ‘ഇതാണ് വെള്ള ദേശീയവാദികളുടെ അജണ്ട. ചാറ്റ് റൂമുകളിലും, ടി.വി സ്റ്റുഡിയോകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് ഇപ്പോള്‍ വൈറ്റ്‌ഹൌസിലെ പൂന്തോട്ടത്തിലും എത്തിയിരിക്കുന്നത്. ചരിത്രത്തിന്‍റെ കണ്ണുകള്‍ നമ്മിലേക്ക് ഉറ്റുനോക്കുന്ന നിമിഷമാണിത്’- ഒമർ പറഞ്ഞു. നമ്മുടെ ഭരണഘടനയെ പരിഹസിക്കാൻ ഈ പ്രസിഡന്റിനെ അനുവദിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമാണിത്, അദ്ദേഹത്തെ ഇംപീച്ച് ചെയ്യേണ്ട സമയമാണിത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപിന്‍റെ വാക്കുകളില്‍ അതിശയം തോന്നാന്‍ ഒന്നുമില്ലെന്ന് ഒകാസിയോ കോർട്ടെസും പറയുന്നു. അദ്ദേഹത്തിന് സ്വന്തം നയങ്ങളെ എങ്ങനെ പൊതുസമൂഹത്തിനു മുന്നില്‍വന്ന് ന്യായീകരിക്കാം എന്ന് അറിയില്ല. അതുകൊണ്ടാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എന്നും അവര്‍ പറഞ്ഞു. സ്പീക്കര്‍ നാന്‍സി പെലോസി ട്രംപിനെതിരെ രംഗത്തെത്തി. ട്രംപിന്‍റെ പരാമര്‍ശം സെനോഫോബിയ(പരദേശി വിദ്വേഷം) ആണെന്നും അമേരിക്കയുടെ സംസ്കാരത്തിന് നിരക്കാത്തതാണെന്നും പെലോസി ട്വീറ്റ് ചെയ്തു.

വിമര്‍ശനങ്ങള്‍ ഒരു കോണില്‍ ശക്തമായി വരുമ്പോഴും ട്രംപ് തന്‍റെ പതിവ് പരിഹാസ ട്വീറ്റുകളില്‍ വ്യാപൃതനാണ്. ‘തന്റെ പ്രകോപനപരമായ നിലപാടുകള്‍ ഈ വനിതകളെ പിന്തുണക്കാന്‍ ഡെമോക്രാറ്റുകളെ പ്രേരിപ്പിക്കുന്നുവെന്നും, അതിന്‍റെ അര്‍ത്ഥം അവര്‍ സോഷ്യലിസത്തെയും ഇസ്രായേലിനെയും യുഎസ്എയെയും വെറുക്കുന്നു എന്നാണ്. അത് ഡെമോക്രാറ്റുകൾക്ക് നല്ലതല്ല!’ ട്രംപ് ട്വീറ്റ് ചെയ്തു.

Read More: വംശ വെറിയന്‍ അധിക്ഷേപവുമായി ട്രംപ് വീണ്ടും; കുടിയേറ്റ ബന്ധമുള്ള ഡെമോക്രാറ്റ് വനിതാ നേതാക്കള്‍ അമേരിക്ക വിടണമെന്ന് ആവശ്യം


Next Story

Related Stories